സാമ്പത്തിക പ്രതിസന്ധി ഗുരുതരം; സർവിസുകളും ശമ്പളവും വെട്ടിക്കുറക്കാൻ എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതൽ വഷളാക്കിയതോടെ എയർ ഇന്ത്യ കടുത്ത നടപടികളിലേക്ക്. ചെലവ് ചുരുക്കാനും സർവിസുകൾ കുറക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനാണ് നീക്കം. വ്യാഴാഴ്ച എയർ ഇന്ത്യ ആസ്ഥാനത്ത് നടന്ന ബോൾഡ് യോഗത്തിലാണ് തീരുമാനം.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മൂന്നുമാസത്തേക്ക് സർവീസുകൾ 20 ശതമാനംവരെ വെട്ടിക്കുറക്കാനും ജീവനക്കാരെ നിർബന്ധിത അവധിയിൽ വിടാനും ധാരണയായെന്നാണ് വിവരം. നോൺ ടെക്നിക്കൽ ജീവനക്കാർക്കാരെയാണ് നടപടി ബാധിക്കുക. ജീവനക്കാർക്കുള്ള ബോണസ് കുറക്കാനും വൈസ് പ്രസിഡന്റ് തലത്തിലും അതിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറക്കാനും യോഗത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഉടൻതന്നെ ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും. അതേസമയം നടപടികളിൽ എയർ ഇന്ത്യ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേ വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവും വ്യോമപാതയിലെ നിയന്ത്രണവും കാരണം അന്താരാഷ്ട്ര വിമാന സർവിസുകൾ വെട്ടിക്കുറക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ സർവിസുകൾ കുറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോഡ് നഷ്ടം എയർ ഇന്ത്യ നേരിട്ടിരുന്നു. 22000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
വിമാന ഇന്ധനവിലയിലെ വർധനവും വ്യോമപാതയിലെ നിയന്ത്രണവുമാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. ഹ്രസ്വദൂര പാതകൾ വഴിമാറ്റി ദീർഘദൂര പാതകളാക്കിയതും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജെറ്റ് ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവ് പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചെലവ് വർധിപ്പിക്കുമെന്നും അതിനാൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നീക്കം.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതികൂല കറൻസി വിനിമയ നിരക്ക്, പരിമിതമായ വ്യോമാതിർത്തി എന്നിവ കാരണം വിമാന ഇന്ധന വിലയിലെ കുതിച്ചുചാട്ടം അന്താരാഷ്ട്ര വിമാനക്കമ്പനികളെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരുന്നു. ലോകമെമ്പാടും വിമാന സർവിസുകൾ വെട്ടിക്കുറച്ചിരുന്നു. നിലവിൽ പ്രവർത്തനചെലവിന്റെ 55 മുതൽ 60 ശതമാനം വരെ വിമാന ഇന്ധന ചെലവാണെന്നും കമ്പനികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

