Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഫ്രിക്കയിലെ ഏറ്റവും സമ്പന്നന്റെ എണ്ണ ശുദ്ധീകരണശാലയുടെ നിർമാണ ചുമതല ഇന്ത്യൻ കമ്പനിക്ക്; 450 മില്യൺ ഡോളറിന്റെ കരാർ

text_fields
bookmark_border
Aliko Dangote
cancel

ന്യൂഡൽഹി: ആഫ്രിക്കയിലെ ഏറ്റവും സമ്പന്നനായ വ്യവസായി അലിക്കോ ഡാങ്കോട്ടെ കെനിയയിൽ ഒരുക്കുന്ന വൻ എണ്ണ ശുദ്ധീകരണശാലയുടെ നിർമാണ മേൽനോട്ട ചുമതല ഇന്ത്യൻ പൊതുമേഖലാ കമ്പനിയായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്. ഏകദേശം 16 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 450 മില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറാണ് എൻജിനീയേഴ്സ് ഇന്ത്യ ഡാങ്കോട്ടെ ഗ്രൂപ്പുമായി ഒപ്പുവച്ചത്.

കെനിയയിലെ തീരദേശ നഗരമായ ലാമുവിലാണ് പുതിയ റിഫൈനറിയും പെട്രോകെമിക്കൽ കോംപ്ലക്സും സ്ഥാപിക്കുക. പ്രതിദിനം ഏഴ് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി.

പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായും എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് കൺസൾട്ടന്റായും എൻജിനീയേഴ്സ് ഇന്ത്യ പ്രവർത്തിക്കും. പദ്ധതിയുടെ നിർമാണം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കാനാണ് ഡാങ്കോട്ടെ ഗ്രൂപ്പിന്റെ തീരുമാനം.

ഡാങ്കോട്ടെ ഗ്രൂപ്പും എൻജിനീയേഴ്സ് ഇന്ത്യയും നേരത്തേയും കൈകോർത്തിരുന്നു. നൈജീരിയയിലെ ലാഗോസിൽ ഡാങ്കോട്ടെ സ്ഥാപിച്ച വൻ റിഫൈനറി പദ്ധതിയിലും എൻജിനീയേഴ്സ് ഇന്ത്യ പ്രൊജക്ട് മാനേജ്മെന്റും എൻജിനീയറിങ് കൺസൾട്ടൻസി സേവനങ്ങളും നൽകിയിരുന്നു. നൈജീരിയയിലെ റിഫൈനറിയുടെ ശേഷി നിലവിലെ ഏകദേശം ഏഴ് ലക്ഷം ബാരലിൽനിന്ന് 14 ലക്ഷം ബാരലായി ഉയർത്തുന്നതിനുള്ള പദ്ധതിയിലും എൻജിനീയേഴ്സ് ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള കമ്പനിയാണ് എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയിൽ ഇന്ത്യൻ സർക്കാരിനാണ് ഭൂരിപക്ഷ ഓഹരി. ‘പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ, കിഴക്കൻ ആഫ്രിക്കയിലെ ഇന്ധന ഉൽപാദനം ശക്തിപ്പെടുത്തുന്നതിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിലും പ്രാദേശിക ഊർജ്ജ സുരക്ഷയെ പിന്തുണക്കുന്നതിലും ഈ പദ്ധതി നിർണായകമാകും’ എൻജിനീയേഴ്സ് ഇന്ത്യ പറഞ്ഞു​.

ഡാങ്കോട്ടെയുടെ പ്രധാന റിഫൈനറി നൈജീരിയയിലെ ലാഗോസിലാണ്. ഏകദേശം 20 ബില്യൺ ഡോളർ ചെലവിൽ സ്ഥാപിച്ച ഈ റിഫൈനറി 2024ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഏകദേശം ഏഴ് ലക്ഷം ബാരൽ പ്രതിദിന ശേഷിയുള്ള പ്ലാന്റിന്റെ ശേഷി 2029ഓടെ 14 ലക്ഷം ബാരലായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Africas Richest Man Hires India Owned Firm for Kenya Refinery
Next Story