Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2000 രൂപയിൽനിന്ന്...

2000 രൂപയിൽനിന്ന് വളർന്ന വ്യവസായ സാമ്രാജ്യം; തകർന്ന സഹാറയെ സ്വന്തമാക്കാൻ അദാനി

text_fields
bookmark_border
2000 രൂപയിൽനിന്ന് വളർന്ന വ്യവസായ സാമ്രാജ്യം; തകർന്ന സഹാറയെ സ്വന്തമാക്കാൻ അദാനി
cancel

മുംബൈ: ഇന്ത്യയിലെ കോർപറേറ്റ് ലോകത്തെ ചൂടേറിയ ചർച്ചയാണ് സഹാറ ഗ്രൂപ്പിന്റെ ആസ്തികൾ വാങ്ങാനുള്ള ശതകോടീശ്വരൻ ഗൗതം അദാനിയുടെ നീക്കം. രാജ്യത്തിന്റെ ​വൻകിട നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിലെ 88 പ്രോപർട്ടികളാണ് അദാനി സ്വന്തമാക്കാൻ പോകുന്നത്. വ്യവസായ നഗരമായ മുംബൈയിലുള്ള സഹാറ സ്റ്റാർ ഹോട്ടൽ, മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര കേന്ദ്രമായ ലോണാവാലക്കടുത്തുള്ള ആംബി വാലി ടൗൺഷിപ്, ലഖ്‌നൗവിലെ റിയൽ എസ്റ്റേറ്റ് തുടങ്ങിയ കോടികൾ വിലയുള്ള ആസ്തികളാണ് അധികം വൈകാതെ അദാനി കൈക്കലാക്കുക.

സഹാറയുടെ ആസ്തികൾ ഏറ്റെടുക്കുന്നതിലൂടെ നഗരഹൃദയങ്ങളിലെ സാന്നിധ്യം ശക്തമാക്കാനും കെട്ടിടങ്ങളുടെയും ഹോട്ടലുകളുടെയും എണ്ണം വർധിപ്പിക്കാനും അദാനി പ്രോ​പർട്ടിസിന് കഴിയും. എന്നാൽ, സഹാറയെ സംബന്ധിച്ചിടത്തോളം ഒരു ദശാബ്ദക്കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള അവസാനത്തെ ശ്രമമാണിത്. നിലവിൽ ഏറ്റെടുക്കൽ പദ്ധതിയിൽ കേന്ദ്ര സർക്കാറി​ന്റെ മറുപടി തേടിയിരിക്കുകയാണ് സുപ്രീംകോടതി. നിരവധി വെല്ലുവിളികളിലൂടെ ഇഴഞ്ഞുനീങ്ങിയ ഏറ്റെടുക്കൽ പൂർത്തിയാകാൻ ഇനി സുപ്രീം കോടതിയുടെ അംഗീകാരം മാത്രം മതി. അതോടെ ആയിരക്കണക്കിന് നിക്ഷേപകരുടെ കാത്തിരിപ്പാണ് യാഥാർഥ്യമാകുക.

നിക്ഷേപകരുടെ പണം തിരികെ നൽകാൻ ഇതിനകം സഹാറ 25,000 കോടി രൂപ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡിന് (സെബി) കൈമാറിയിട്ടുണ്ട്. എന്നാൽ, ഈ ഫണ്ട് എന്തു ചെയ്തു എന്ന കാര്യത്തിലും ആസ്തികൾ വിറ്റാൽ ലഭിക്കുന്ന പണം ഉപയോഗിച്ച് ആരുടെ കടം വീട്ടുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ട്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു നിക്ഷേപകനും സെബിയെ സമീപിക്കാത്തതും ഏറെ കുഴക്കുന്ന കാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 5000 കോടി രൂപ സഹാറ ഗ്രൂപ്പിന്റെ സഹകരണ സംഘങ്ങളിലെ 1.34 കോടി നിക്ഷേപകരിൽ 27.33 ലക്ഷം പേർക്ക് വിതരണം ചെയ്തെന്നാണ് സഹകരണ ​മന്ത്രാലയം പറയുന്നത്. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനുള്ള സമയം ഡിസംബർ 31 വരെ സുപ്രീംകോടതി നീട്ടിയിട്ടുണ്ട്. എന്നിരുന്നാലും, ഒരേയൊരു ചോദ്യം ബാക്കിയാണ്. സ്വത്ത് വിൽപനയിലൂടെ ലഭിക്കുന്ന പണം ആർക്ക് നൽകും?

സഹാറയുടെ കഥ

വെറും 2000 രൂപയിൽനിന്ന് 45 വർഷം കൊണ്ട് ഇന്ത്യയിൽ വ്യവസായ സാമ്രാജ്യമായി വളർന്ന ഗ്രൂപ്പാണ് സുബ്രത റോയിയുടെ സഹാറ ഇന്ത്യ പരിവാർ. ബാങ്കുകൾ​ പോലും കാണാത്ത പാവപ്പെട്ടവരും ഗ്രാമീണരുമായ ദശലക്ഷക്കണക്കിന് സാധാരണക്കാരിൽനിന്ന് ചെറിയ തുക സമാഹരിച്ചാണ് റോയ് വ്യവസായ ലോകം കെട്ടിപ്പടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളിലൂടെ ഒരു തലമുറക്ക് സുപരിചിതമായിരുന്നു സഹാറ. കാരണം വർഷ​ങ്ങ​ളോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്​പോൺസർമാരായിരുന്നു അവർ. മാത്രമല്ല, സ്വന്തമായി വിമാന കമ്പനിയും ഫോർമുല വൺ ടീമും ലണ്ടനിലും ന്യൂയോർക്കിലും ആഢംബര​ ഹോട്ടലുകളും സാമ്പത്തിക സ്ഥാപനങ്ങളും കണ്ണായ സ്ഥലങ്ങളിൽ ഭൂസ്വത്തുക്കളുമുണ്ടായിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ഇതിൽ പല സ്വത്തുക്കളും കണ്ടുകെട്ടുകയോ വിൽക്കുകയോ ചെയ്തിരിക്കുകയാണ്.

മൂന്ന് കോടി ജനങ്ങളിൽനിന്നായി 24,000 കോടി രൂപ സമാഹരിച്ച റോയ്ക്കെതിരെ സെബി നടപടി സ്വീകരിച്ചതോടെയാണ് സഹാറയുടെ പതനത്തിന്റെ തുടക്കം. ഒപ്ഷനലി ഫുള്ളി കൺവേർട്ടിബിൾ ഡിബഞ്ചേസ് അതായത് ഭാവിയിൽ ​ഓഹരികളായി മാറ്റാൻ കഴിയുന്ന കടപ്പത്രങ്ങളിലൂടെയായിരുന്നു നിക്ഷേപ സമാഹരണം. സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയ കമ്പനികൾക്ക് വേണ്ടിയായിരുന്നു നടപടി. എന്നാൽ, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ​2010ൽ ഉത്തരവിട്ട സെബി, പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നതിൽനിന്ന് രണ്ട് കമ്പനികളെയും റോയിയെയും വിലക്കുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം 127 ട്രക്കുകളിലായി മൂന്ന് കോടിയിലേറെ നിക്ഷേപകരുടെ അപേക്ഷകളും റിഡംപ്ക്ഷൻ വൗച്ചറുകളും സെബിയുടെ ഓഹിസിലേക്ക് സഹാറ അയച്ചുനൽകിയത് വലിയ വാർത്തയായിരുന്നു.

പിന്നാലെ സഹാറ ഗ്രൂപ്പിന്റെയും സുബ്രത റോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ സെബി ഉത്തരവിട്ടു. മാത്രമല്ല, രാജ്യത്തുടനീളമുള്ള സഹാറയുടെ 60 ​സ്വത്തുക്കൾ ലേലം ചെയ്യാൻ എച്ച്.ഡി.എഫ്.സി റിയാൽറ്റി, എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് തുടങ്ങിയ കമ്പനികൾക്ക് നിർദേശം നൽകി. സഹാറക്ക് മൊത്തം 33,633 ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. ഇതിൽ 10,600 ഏക്കർ ഭൂമി ലോണാവാലക്കടുത്തുള്ള ആംബി വാലി സിറ്റി പദ്ധതിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത മലയോര നഗരമായിരുന്നു ആംബി വാലി സിറ്റി. എന്നാൽ, ഈ സ്ഥലങ്ങളെല്ലാം കേസിൽ ഉൾപ്പെ​ട്ടതിനാൽ ലേലത്തിൽ വെച്ചിട്ടും ഒരാൾ​ പോലും വാങ്ങാൻ വന്നില്ല.

ചെറുകിട നിക്ഷേപകരിൽനിന്ന് ഫണ്ട് സമാഹരിക്കുന്നത് തടഞ്ഞിട്ടും 2010 ൽ ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ്, ന്യൂയോർക്ക് പ്ലാസ, ഡ്രീം ന്യൂയോർക്ക് എന്നീ മൂന്ന് വിദേശ ഹോട്ടലുകൾ സഹാറ ഗ്രൂപ്പ് വാങ്ങിയിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന സെബി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഈ മൂന്ന് ഹോട്ടലുകളും വിൽക്കേണ്ടി വന്നു. സഹാറ എയർലൈൻസ് 1993 ഡിസംബറിൽ ജെറ്റ് ​എയർവേഴ്സ് ഏറ്റെടുത്തതോടെ റോയിയുടെ ആകാശ സ്വപ്നങ്ങളുടെ ചിറകറ്റു. യോഗ്യതയില്ലെന്ന് സെബി എഴുതി തള്ളിയതോടെ മ്യൂച്ച്വൽ ഫണ്ട് കമ്പനിയും അടച്ചുപൂട്ടി. 10,000 കോടി രൂപ അടക്കാത്തതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് റോയിയെ 2014 മാർച്ചിൽ ജയിലിലടച്ചു. 5,000 കോടി രൂപ പണമായും 5,000 കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായും നൽകുന്നതുവരെ വിട്ടയക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. 2023 നവംബറിൽ റോയ് അന്തരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani groupsubrata roysahara groupGautam Adani
News Summary - Adani bid for Sahara assets: Recalling the journey of the beleaguered empire
Next Story