Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ.സി വിപണിക്ക്...

എ.സി വിപണിക്ക് ചൂടേറി...

text_fields
bookmark_border
എ.സി വിപണിക്ക് ചൂടേറി...
cancel


ചുട്ടുപൊള്ളുകയാണ് കേരളത്തിലെ രാപകലുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോഡ് പ്രകാരം രാജ്യത്ത് സമതലപ്രദേശങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് ഏതാനും ദിവസങ്ങളിലായി കേരളത്തിലാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തുന്നു.

വേനൽ ചൂട് പതിവിലും നേരത്തേയെത്തിയപ്പോൾ സംസ്ഥാനത്തെ എയർകണ്ടീഷണർ(എ.സി) വിപണിക്കും ചൂട് പിടിക്കുകയാണ്. മാർച്ച് മുതൽ മേയ് വരെയായിരുന്നു സാധാരണ എ.സി വിൽപനയുടെ സീസൺ. കഴിഞ്ഞ വർഷത്തോടെ ഇത് ഫെബ്രുവരിയിലും ഇത്തവണ ജനുവരി മുതലുമായി മാറിയിരിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. മുൻകാലങ്ങളിൽനിന്ന് വിപരീതമായി കൂടുതൽ ആളുകൾ വീടുകളിൽ എ.സി ഉപയോഗിക്കാൻ ആരംഭിച്ചിട്ടുമുണ്ട്. ഇതോടെ ഓഫറുകളുമായി കമ്പനികളും വ്യാപാരസ്ഥാപനങ്ങളും രംഗത്തെത്തി. ഒരു വീട്ടിലെ ഒരു മുറിയിൽ മാത്രം എ.സി എന്നതിനും മാറ്റം വരുകയാണ്. ഒന്നിലധികം മുറികളിലേക്കും വ്യാപാര സ്ഥാപനങ്ങൾ പൂർണമായും എയർ കണ്ടീഷൻ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

ഗ്രാമീണ മേഖലയിലെ വിൽപനയിൽ വൻ വർധന

ഉപകരണങ്ങളുടെ വിപണിയിൽ ഈവർഷത്തെ നമ്പർ വൺ കാറ്റഗറി എ.സിയാണെന്ന് വ്യാപാരികൾ പറയുന്നു. ശരാശരി മൂന്നര ലക്ഷം എ.സി കേരളത്തിൽ പ്രതിവർഷം വിൽക്കുന്നതായാണ് കണക്ക്. ഈ വർഷം അത് നാലര ലക്ഷമായി വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നഗരങ്ങളിലേതിനെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ എ.സിയുടെ വിൽപന വലിയ തോതിൽ വർധിച്ചു. നഗരങ്ങളിൽ 40 മുതൽ 45 ശതമാനം വരെ വിൽപന കൂടിയപ്പോൾ ഗ്രാമീണ മേഖലയിൽ 150 ശതമാനമാണ് വർധന രേഖപ്പെടുത്തുന്നതെന്ന് വൈറ്റ് മാർട്ട് മാനേജിങ് ഡയറക്ടർ ജെറി മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരുകാലത്ത് സാധാരണക്കാർക്ക് അന്യമായിരുന്ന എയർ കണ്ടീഷണറുകൾ ഇന്ന് എല്ലാവരിലേക്കും എത്തിയിരിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഓഫറുകൾ നിരവധി

എ.സിക്ക് ഏറ്റവുമധികം ഓഫർ ലഭിക്കുന്നത് ഈ സീസണിലാണ്. 25000 രൂപ മുതൽ എ.സി ലഭ്യമാണ്. എങ്കിലും ഗുണമേന്മ കണക്കാക്കുമ്പോൾ, 28,000 രൂപ മുതൽ മുകളിലേക്ക് വിലയുള്ള എയർ കണ്ടീഷണറുകളാണ് വിദഗ്ധർ നിർദേശിക്കുന്നത്.

സ്റ്റാർ റേറ്റിങ് കൂടിയ എ.സി അന്വേഷിച്ചാണ് ഉപഭോക്താക്കളിൽ കൂടുതലും എത്തുന്നത്. 33 മുതൽ 54 ശതമാനം വരെ കിഴിവുകൾ വിവിധ വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് സൗജന്യ ഇൻസ്റ്റലേഷനും ലഭ്യമാക്കുന്നുണ്ട്.

തവണവ്യവസ്ഥയിൽ വാങ്ങുന്നതിനും സൗകര്യമുണ്ട്. നിലവിൽ 65 ശതമാനത്തോളം ഉൽപന്നങ്ങൾ ഇത്തരത്തിൽ ഇ.എം.ഐ വ്യവസ്ഥയിലാണ് വിൽപന നടക്കുന്നത്. ഒരുമിച്ച് തുക കൈയിലില്ലാത്തപ്പോഴും ആവശ്യസമയത്ത് ഉൽപന്നം സ്വന്തമാക്കാനാകുന്നുവെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.

നമുക്ക് ആവശ്യമുള്ള എയർകണ്ടീഷണർ ഏതാണ്?

ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂനിറ്റ്‌ വൈദ്യുതി ചെലവാകും.

എ.സി വെക്കുന്ന റൂമിന്‍റെ വിസ്തീര്‍ണമറിഞ്ഞാല്‍ ആവശ്യമായ ടണ്ണേജ് കണക്കാക്കാം. റൂമിന്‍റെ ഉയരം, ജനല്‍ ചില്ലുകള്‍, സ്ഥാനം എന്നിവയും ടണ്ണേജ് നിർണയിക്കുന്നതിനെ സ്വാധീനിക്കുന്നു. 150 ചതുരശ്ര അടിയുള്ള മുറിക്ക് 1.5 ടൺ ശേഷിയുള്ള എ.സിയാണ് അനുയോജ്യം.

ഇന്‍വെര്‍ട്ടര്‍ എ.സി ഉപയോഗിച്ചാൽ സെറ്റ് ചെയ്തുവെച്ച താപനില എത്തുമ്പോള്‍ കംപ്രസര്‍ ഓഫാകാതെതന്നെ വേഗം കുറക്കുന്നു. ഇതുമൂലം താപനില കൃത്യമായി നിലനിര്‍ത്തപ്പെടുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്യും.

ആളുകൾ ഇടക്കിടെ അകത്തേക്കും പുറത്തും സഞ്ചരിക്കുന്ന ഓഫിസ് മുറികൾക്കൊക്കെ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള എ.സി വാങ്ങുന്നതാണ് നല്ലത്.വില്‍പനാനന്തര സേവനം പ്രധാനമാണ്. സമീപപ്രദേശത്ത് സർവിസ് ലഭിക്കുന്ന ബ്രാൻഡിന് മുൻഗണന നൽകണം.

കെ.എസ്.ഇ.ബിയുടെ നിർദേശങ്ങൾ

ശീതീകരിക്കാനുള്ള മുറിയുടെ വലുപ്പമനുസരിച്ച്‌ അനുയോജ്യമായവ തിരഞ്ഞെടുക്കുക.

എ.സി വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. ഫൈവ് സ്റ്റാര്‍ ആണ്‌ ഏറ്റവും കാര്യക്ഷമത കൂടിയത്‌.

എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.

ഫിലമെൻറ് ബള്‍ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍നിന്ന്‌ ഒഴിവാക്കുക.

എയര്‍ കണ്ടീഷണറിന്‍റെ താപനില സെറ്റിങ് 22 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് ഓരോ ഡിഗ്രി കൂടുമ്പോഴും അഞ്ചു ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.

എ.സി ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.

എ.സിയുടെ കണ്ടെന്‍സര്‍ യൂനിറ്റ്‌ ഒരിക്കലും വീടിന്‍റെ തെക്കു പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്നാണ്. കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജനഷ്ടം ഉണ്ടാവും.

കണ്ടെന്‍സറിന്‌ ചുറ്റും ആവശ്യത്തിന്‌ വായുസഞ്ചാരം ഉറപ്പുവരുത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air conditioner
News Summary - AC Sale is growing in kerala
Next Story