ഇക്കുറി വിവാഹസീസണിൽ നടക്കുക 38 ലക്ഷം കല്യാണങ്ങൾ; പ്രതീക്ഷിക്കുന്നത് 4.74 ലക്ഷം കോടിയുടെ കച്ചവടം
text_fieldsദീപാവലിക്ക് റെക്കോർഡ് വിൽപനയുണ്ടായതിന് പിന്നാലെ കല്യാണ സീസണിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാർ. നവംബർ 23ന് തുടങ്ങുന്ന കല്യാണ സീസൺ ഡിസംബർ 15 വരെ നീളും. ഇക്കാലയളവിൽ 38 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്കുകൂട്ടൽ. 4.74 ലക്ഷം കോടിയുടെ കച്ചവടം വിവാഹ സീസണിൽ ഉണ്ടാവുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡഴ്സിന്റെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം ഇക്കാലയളവിൽ 32 ലക്ഷം വിവാഹങ്ങളാണ് നടന്നത്. പിന്നീട് ജനുവരിയിൽ തുടങ്ങുന്ന വിവാഹ സീസൺ ജൂലൈ വരെ നീളും. വിവാഹത്തിനുള്ള വിവിധ സാധനങ്ങളുടെ കച്ചവടവും അതിനൊപ്പം സേവനങ്ങളുടെ മൂല്യവും ചേർത്താണ് വൻ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷ വ്യാപാരികൾ വെച്ചുപുലർത്തുന്നത്.
നടക്കുന്ന 38 ലക്ഷം വിവാഹങ്ങളിൽ ഓരോ വിവാഹസംഘവും എത്രത്തോളം തുക ചെലവഴിക്കുമെന്നത് സംബന്ധിച്ച കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇതിൽ ഏഴ് ലക്ഷം വിവാഹസംഘങ്ങളിൽ ഓരോരുത്തരും ശരാശരി മൂന്ന് ലക്ഷം രൂപയായിരിക്കും ചെലവഴിക്കുക. എട്ട് ലക്ഷം വിവാഹസംഘങ്ങൾ ആറ് ലക്ഷം രൂപ ചെലവഴിക്കുമ്പോൾ പത്ത് ലക്ഷം വിവാഹ സംഘങ്ങൾ ശരാശരി 10 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഏഴ് ലക്ഷം വിവാഹസംഘങ്ങൾ 15 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ 5 ലക്ഷം സംഘങ്ങൾ 25 ലക്ഷത്തിന് മുകളിലാണ് ചെലവഴിക്കുക. 50,000 വിവാഹസംഘങ്ങൾ 50 ലക്ഷത്തിന് മുകളിലും മറ്റൊരു 50,000 വിവാഹസംഘങ്ങൾ ഒരു കോടിക്ക് മുകളിലും പണം ചെലവഴിക്കും. ഇതിൽ 50 ശതമാനം പണം സാധനങ്ങൾ വാങ്ങാനും 50 ശതമാനം പണം സേവനങ്ങൾക്കുമായാണ് ചെലവഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

