എസ്.ബി.ഐ vs പി.എൻ.ബി: 2026ൽ മികച്ച റിട്ടേൺ നൽകുന്നത് ഏത് ബാങ്കിലെ സ്ഥിര നിക്ഷേപമാണ്?
text_fieldsസുരക്ഷിതമായ നിക്ഷേപവും ഉറപ്പായ വരുമാനവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ട മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. ഒരു നിശ്ചിത കാലയളവിലേക്ക് പണം ബാങ്കിൽ ലോക്ക് ചെയ്യുന്നതിലൂടെ, നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലോ മുൻകൂട്ടി നിശ്ചയിച്ച റിട്ടേൺ ലഭിക്കുന്നു.
റിസ്ക് കുറവായതുകൊണ്ട് തന്നെ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കും, അടിയന്തര ആവശ്യങ്ങൾക്കും, വിരമിക്കലിന് ശേഷമുള്ള വരുമാനത്തിനും ഇവ അനുയോജ്യമാണ്. പൊതുമേഖലാ ബാങ്കുകളിലെ രണ്ട് വമ്പന്മാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കും വിപണിയിൽ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്.
എസ്.ബി.ഐ vs പി.എൻ.ബി എഫ്.ഡി നിരക്കുകൾ
3 കോടി രൂപയിൽ താഴെയുള്ള ആഭ്യന്തര സ്ഥിര നിക്ഷേപങ്ങൾക്ക്, എസ്.ബി.ഐ സാധാരണ നിക്ഷേപകർക്ക് 3.05% മുതൽ 6.80% വരെയും മുതിർന്ന പൗരന്മാർക്ക് 3.55% മുതൽ 7.30% വരെയും ആദായം നൽകുന്നു. കൂടാതെ, 'എസ്.ബി.ഐ വീകെയർ' (SBI Wecare) പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്‍റ് അധിക ആദായവും ബാങ്ക് നൽകുന്നുണ്ട്.
പി.എൻ.ബി സാധാരണക്കാർക്ക് 3.00% മുതൽ 6.40% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 6.90% വരെയും പലിശ നൽകുന്നു. സൂപ്പർ സീനിയർ സിറ്റിസണുകൾക്കായി (മുതിർന്ന പൗരന്മാരിൽ മുതിർന്നവർ) തെരഞ്ഞെടുക്കപ്പെട്ട കാലാവധികളിൽ 7.20% വരെ ആദായവും പി.എൻ.ബി വാഗ്ദാനം ചെയ്യുന്നു.
ഏത് ബാങ്കാണ് കൂടുതൽ റിട്ടേൺ നൽകുന്നത്?
ഒരു വർഷത്തെ നിക്ഷേപം: ഒരു വർഷത്തെ കാലാവധിയിൽ എസ്.ബി.ഐ 6.25% റിട്ടേൺ നൽകുമ്പോൾ, പി.എൻ.ബി കൃത്യം ഒരു വർഷത്തിന് 6.10% ആണ് നൽകുന്നത്. എന്നാൽ, ഒരു വർഷം മുതൽ 389 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.30% ഉം, പ്രത്യേക 390 ദിവസത്തെ നിക്ഷേപത്തിന് 6.40% ഉം പി.എൻ.ബി നൽകുന്നു. കുറച്ചുകൂടി ദൈർഘ്യമേറിയ കാലാവധി തെരഞ്ഞെടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് പി.എൻ.ബി ഇവിടെ നേട്ടമാണ്.
രണ്ട് മുതൽ മൂന്ന് വർഷം: ഈ കാലയളവിൽ എസ്.ബി.ഐ 6.40% റിട്ടേൺ നൽകുമ്പോൾ പി.എൻ.ബി 6.30% ആണ് നൽകുന്നത്. ഇവിടെ എസ്.ബി.ഐ ആണ് മുന്നിൽ.
മൂന്ന് മുതൽ അഞ്ച് വർഷം: മൂന്ന് വർഷത്തിന് മുകളിൽ അഞ്ച് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ 6.30% റിട്ടേൺ നൽകുന്നു. പി.എൻ.ബി ഈ കാലയളവിൽ 6.10% ആണ് നൽകുന്നത്. അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് (ടാക്സ് സേവിങ് ഉൾപ്പെടെ) എസ്.ബി.ഐ 6.05% നൽകുന്നു, പി.എൻ.ബി 6.00% ആണ് നൽകുന്നത്.
മറ്റ് പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി
2026 ജൂലൈ 1-ലെ കണക്കുകൾ പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും 6.85% എന്ന ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ ബാങ്ക് (6.80%), ബാങ്ക് ഓഫ് ബറോഡ (6.75%), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര (6.65%) എന്നിവയും തൊട്ടുപിന്നിലുണ്ട്.
മറ്റ് പ്രധാന ഘടകങ്ങൾ
റിട്ടേണിന് പുറമേ, ബാങ്കിങ് സേവനങ്ങൾ, പണം പിൻവലിക്കാനുള്ള എളുപ്പം, ലോൺ സൗകര്യം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. എസ്.ബി.ഐ വിപുലമായ ശാഖാ ശൃംഖലയും പ്രവാസി മലയാളികൾക്കായി പ്രത്യേക നിക്ഷേപ പദ്ധതികളും വാഗ്ദാനം ചെയ്യുന്നു. അതേസമയം, പി.എൻ.ബി നോമിനേഷൻ സൗകര്യം, എഫ്.ഡിക്ക് മേലുള്ള വായ്പകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

