Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോയിന്‍റ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ ഒരാൾ മരിച്ചാൽ അക്കൗണ്ടിലെ പണത്തിന് എന്ത് സംഭവിക്കും?

text_fields
bookmark_border
ജോയിന്‍റ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ ഒരാൾ മരിച്ചാൽ അക്കൗണ്ടിലെ പണത്തിന് എന്ത് സംഭവിക്കും?
cancel

കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനുമെല്ലാം ദമ്പതികൾ, മാതാപിതാക്കൾ, മക്കൾ അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ഒരു ജോയിന്‍റ് (സംയുക്ത) ബാങ്ക് അക്കൗണ്ട് ആരംഭിക്കാറുണ്ട്. എന്നാൽ, അക്കൗണ്ട് ഉടമകളിൽ ഒരാൾ മരണപ്പെട്ടാൽ, അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ ആർക്കാണ് അവകാശമുള്ളത്? ബാക്കിയുള്ളയാൾക്ക് മുഴുവൻ തുകയും പിൻവലിക്കാനാകുമോ? മരണപ്പെട്ടയാളുടെ വിഹിതത്തിന് എന്ത് സംഭവിക്കും? എന്നതിനെക്കുറിച്ചെല്ലാം സംശയങ്ങൾ ഉയർന്നേക്കാം.

അക്കൗണ്ട് തുടങ്ങുമ്പോൾ നൽകിയിട്ടുള്ള നിർദ്ദേശങ്ങളും ബാങ്കിന്‍റെ നിബന്ധനകളും അനുസരിച്ചാണ് ഇതിൽ തീരുമാനമെടുക്കുന്നത്.

ജോയിന്‍റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന രീതികൾ.

ഐദർ ഓർ സർവൈവർ: അക്കൗണ്ട് ഉടമകൾ രണ്ടുപേരും ജീവിച്ചിരിക്കുമ്പോൾ ഏത് ഒരാൾക്കും അക്കൗണ്ട് ഉപയോഗിക്കാം. ഒരാൾ മരണപ്പെട്ടാൽ, ജീവിച്ചിരിക്കുന്ന രണ്ടാമത്തെയാൾക്ക് അക്കൗണ്ടിലെ ബാക്കി തുക ലഭിക്കും.

എനിവൺ/സർവൈവർ: അക്കൗണ്ട് ഉടമകളിൽ ആർക്കും അല്ലെങ്കിൽ ജീവിച്ചിരിക്കുന്നയാൾക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാം. ഒരാൾ മരണപ്പെട്ടാൽ ബാക്കിയുള്ളവർക്ക് തുക ലഭിക്കും.

ഫോർമർ ഓർ സർവൈവർ: അക്കൗണ്ടിലെ ആദ്യത്തെയാൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം മാത്രമായിരിക്കും അക്കൗണ്ട് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം മാത്രമേ രണ്ടാമത്തെയാൾക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനാകൂ.

ലാറ്റർ ഓർ സർവൈവർ: രണ്ടാമത്തെയാൾക്കായിരിക്കും ആദ്യം അക്കൗണ്ട് പ്രവർത്തിപ്പിക്കാനുള്ള അവകാശം. അദ്ദേഹത്തിന്‍റെ മരണശേഷം മാത്രമേ ആദ്യത്തെയാൾക്ക് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ.

'Either or Survivor' അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാകുമോ?

'Either or Survivor' നിർദ്ദേശം നൽകിയിട്ടുള്ള അക്കൗണ്ടുകളിൽ, ഒരാൾ മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്ന മറ്റേയാൾക്ക് ബാങ്കിലെത്തി ബാക്കി തുക വാങ്ങാനുള്ള അവകാശമുണ്ട്. ഇതിനായി മരണപ്പെട്ടയാളുടെ മരണ സർട്ടിഫിക്കറ്റും, തുക കൈപ്പറ്റുന്നയാളുടെ തിരിച്ചറിയൽ രേഖകളും ബാങ്കിൽ ഹാജരാക്കേണ്ടതുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാങ്ക് ഈ തുക കൈമാറിക്കഴിഞ്ഞാൽ, ആ തുകയെച്ചൊല്ലി ബാങ്കിന് പിന്നീട് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല.

സർവൈവർഷിപ്പ് വ്യവസ്ഥയില്ലെങ്കിൽ എന്ത് സംഭവിക്കും?

ജോയിന്‍റ് അക്കൗണ്ടിൽ 'സർവൈവർഷിപ്പ്' നിർദ്ദേശം നൽകിയിട്ടില്ലെങ്കിൽ (അതായത്, ഇരുവർക്കും തുല്യ അവകാശമുള്ള സാധാരണ ജോയിന്റ് അക്കൗണ്ട്) സാഹചര്യം വ്യത്യസ്തമാണ്. പ്രധാന അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അക്കൗണ്ടിലെ തുക ബാങ്കിന് മുഴുവനായി രണ്ടാമത്തെയാൾക്ക് നൽകാനാകില്ല. ജീവിച്ചിരിക്കുന്ന അക്കൗണ്ട് ഉടമയുടെയും, മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികളുടെയും (Legal Heirs) സംയുക്ത ക്ലെയിം വഴി മാത്രമേ ബാങ്കിന് ഈ തുക കൈമാറാൻ സാധിക്കൂ.

നാമനിർദ്ദേശം (Nomination) ചെയ്തയാൾക്ക് എന്താണ് അവകാശം?

ബാങ്ക് അക്കൗണ്ടിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടയാളുടെ (Nominee) അവകാശം വരുന്നത് അക്കൗണ്ട് ഉടമകൾ എല്ലാവരും മരണപ്പെട്ടാൽ മാത്രമാണ്.

ഉദാഹരണത്തിന്, ഭാര്യാഭർത്താക്കന്മാരുടെ ജോയിന്‍റ് അക്കൗണ്ടിൽ മകനെയാണ് നോമിനിയാക്കിയിരിക്കുന്നത് എങ്കിൽ, മാതാപിതാക്കളിൽ ഒരാൾ മരണപ്പെട്ടാൽ മകന് ആ പണത്തിന്മേൽ അവകാശമുന്നയിക്കാനാകില്ല. ജീവിച്ചിരിക്കുന്ന മറ്റേ അക്കൗണ്ട് ഉടമയ്ക്കായിരിക്കും അപ്പോഴും മുൻഗണന. എല്ലാ അക്കൗണ്ട് ഉടമകളും മരണപ്പെട്ടാൽ മാത്രമേ നോമിനിക്ക് തുക ലഭിക്കൂ. കൂടാതെ, ബാങ്കിൽ നിന്ന് നോമിനിക്ക് പണം ലഭിച്ചതുകൊണ്ട് മാത്രം നിയമപരമായ മറ്റ് അവകാശികളുടെ അവകാശം ഇല്ലാതാകുന്നില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു.

പണം പിൻവലിക്കാൻ ആവശ്യമായ രേഖകൾ:

അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റ്.

അക്കൗണ്ട് ഉടമയുടെയും ക്ലെയിം ചെയ്യുന്നയാളുടെയും തിരിച്ചറിയൽ/കെ.വൈ.സി (KYC) രേഖകൾ.

ബാങ്ക് നൽകുന്ന ഡെഡ് ക്ലെയിം സെറ്റിൽമെന്റ് ഫോം.

പാസ്ബുക്ക് / അക്കൗണ്ട് വിവരങ്ങൾ / നിക്ഷേപ രസീത്.

തർക്കങ്ങളോ മറ്റ് പ്രത്യേക സാഹചര്യങ്ങളോ ഉണ്ടെങ്കിൽ അഫിഡവിറ്റ്, ഇൻഡെമ്നിറ്റി ബോണ്ട്, അല്ലെങ്കിൽ കോടതി ഉത്തരവ്.

ക്ലെയിം തീർപ്പാക്കാൻ ബാങ്ക് എത്ര സമയമെടുക്കും?

ബാങ്കുകളിലെ മരണപ്പെട്ട ഉപഭോക്താക്കളുടെ ക്ലെയിമുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച ആർ.ബി.ഐയുടെ നിർദ്ദേശപ്രകാരം ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ 15 കലണ്ടർ ദിവസത്തിനകം ബാങ്കുകൾ നടപടികൾ പൂർത്തിയാക്കി ക്ലെയിം തീർപ്പാക്കേണ്ടതുണ്ട്. വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും ഈ നിയമം ബാധകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - What happens to the money in a joint bank account if one of the account holders dies?
Next Story