Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വരുമോ, വീണ്ടുമൊരു നോട്ട് ക്ഷാമം?
cancel

കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങൾ; ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും എ.ടി.എമ്മുകൾ പെട്ടെന്ന് പണമില്ലാതെ വറ്റി വരണ്ടു. എ.ടി.എമ്മുകളിൽ പണമില്ലെന്ന വിവരം പുറത്തുവന്നതോടെ പണം അവശേഷിച്ച എ.ടി.എമ്മുകളുടെ മുന്നിൽ പിൻവലിക്കാനുള്ളവരുടെ നീണ്ടനിര. 2016 നവംബർ എട്ടിലെ കറൻസി നിരോധനത്തി​​െൻറ പേടി ഒഴിഞ്ഞിട്ടില്ലാത്ത ജനം അക്കൗണ്ടിലുള്ള മുഴുവൻ പണവും പിൻവലിക്കുന്നതിന്​ നെട്ടോട്ടമോടി. അതോടെ അവശേഷിച്ച എ.ടി.എമ്മുകളും വരണ്ടുണങ്ങി.

സാമ്പത്തിക രംഗത്ത് ‘കറൻസി ക്രഞ്ച്’ എന്നും ‘ലിക്വിഡിറ്റി ക്രഞ്ച്’ എന്നുമൊക്കെ വിളിക്കുന്ന ഈ പ്രതിഭാസം പെട്ടെന്ന് രൂപപ്പെടാൻ കാരണമെന്തെന്ന ചർച്ച സജീവമായി. രണ്ട് കാരണങ്ങളാണ് അന്ന് രൂപപ്പെട്ട, പെട്ടെന്നുള്ള പണം പിൻവലിക്കൽ പ്രവണതക്ക് അടിസ്ഥാനമായി വിലയിരുത്തപ്പെട്ടത്. മാർച്ച്, ഏപ്രിൽ, ​മേയ് മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് നടക്കുകയായിരുന്നു. വിളവെടുപ്പ് സീസണി​​െൻറ ഭാഗമായി വ്യാപാരികളും കർഷകരും വൻതോതിൽ പണം പിൻവലിച്ചു.

മറ്റൊരു കാരണം കർണാടക തെരഞ്ഞെടുപ്പായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കത്തി​​െൻറ ഭാഗമായി രാഷ്​ട്രീയ പാർട്ടികളും സ്ഥാനാർഥികളും വൻതുക പണമായി ശേഖരിച്ചുവെച്ചു. ഇതോടെ, ബാങ്കിങ്​ സംവിധാനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തി​​െൻറ തോത് കുറഞ്ഞു. ബാങ്കിങ്​ സർക്കിളുകൾ തമ്മിൽ പണം കൈമാറുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുക കൂടി ചെയ്തതോടെ ‘ലിക്വിഡിറ്റി ക്രഞ്ചിന്​’ കൃത്യമായ വഴിയൊരുങ്ങി.

ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇടക്കിടെയുള്ള പ്രചാരണം കൂടിയായതോടെ ചിത്രം പൂർത്തിയായി. അന്നത്തേതിന് സമാനമായ സാഹചര്യം രൂപപ്പെട്ടുവരുന്നതാണ് ‘പണക്ഷാമം’ സംബന്ധിച്ച ആശങ്ക വീണ്ടും ഉയരാൻ കാരണം. ഉത്തരേന്ത്യയിലെ വലിയ ആഘോഷമായ ദീപാവലി പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഒപ്പം രാജസ്ഥാൻ, മിസോറാം, ഛത്തിസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകളും ആസന്നമായിരിക്കുന്നു. ദീപാവലി സീസണിലാണ് ഉത്തരേന്ത്യയിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ വൻതോതിലുള്ള വ്യാപാരം നടക്കുക.

ഇതിനുള്ള പണം പിൻവലിക്കലും അഞ്ച്​ നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ആവശ്യമായ പണം രാഷ്​​ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്വരുക്കൂട്ടുന്ന അവസ്ഥയും കൂടി വരുന്നതോടെ രാജ്യം മറ്റൊരു പണക്ഷാമത്തിനുകൂടി സാക്ഷ്യംവഹിക്കുമെന്ന ആശങ്ക വ്യാപകമാണ്.

പിൻവലിക്കൽ പരിധി നിയന്ത്രണം മുൻ കരുതൽ?

വിവിധ ബാങ്കുകൾ എ.ടി.എം വഴിയുള്ള പണം പിൻവലിക്കലിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്.ബി.ഐ തങ്ങളുടെ ക്ലാസിക്, മാസ്ട്രോ കാർഡ് ഉപഭോക്താക്കളുടെ പ്രതിദിന പണം പിൻവലിക്കൽ പരിധി നിലവിലുള്ള 40,000 രൂപയിൽനിന്ന് 20,000 രൂപയായി വെട്ടിക്കുറച്ച്​ സർക്കുലർ പുറപ്പെടുവിച്ചുകഴിഞ്ഞു. ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും. പണമിടപാട് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെങ്കിൽ ഇടപാടുകാർക്ക് 30 ദിവസം മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ചട്ടമുള്ളതിനാലാണ് 31 വരെ സാവകാശം നൽകിയത്. ഈ ചട്ടം പാലിക്കാൻ ബ്രാഞ്ചുകളിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

ഉപഭോക്താക്കളെ മൊബൈൽ സന്ദേശങ്ങൾ വഴിയും അറിയിക്കുന്നുണ്ട്. മറ്റു ബാങ്കുകളും വരുംദിവസങ്ങളിൽ പണം പിൻവലിക്കൽ പരിധി കുറച്ച്​ അറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നാണ് സൂചന. എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തിയെടുത്ത് പണം തട്ടുന്നത് തടയുന്നതിനാണ് പിൻവലിക്കൽ പരിധി കുറക്കുന്നത് എന്നാണ് ബാങ്കുകൾ നൽകുന്ന വിശദീകരണം. എന്നാൽ, ഇതിനപ്പുറമുള്ള കാര്യങ്ങളിലേക്കാണ് സാമ്പത്തിക വിദഗ്​ധർ വിരൽചൂണ്ടുന്നത്. പണം പിൻവലിക്കൽ പരിധി കുറച്ചുകൊണ്ട് എ.ടി.എം തട്ടിപ്പ് തടയാനാകുമെന്ന് വിശ്വസിക്കുന്നത് അടിസ്ഥാനരഹിതമാ​െണന്ന് ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

പിൻവലിക്കൽ പരിധി വെട്ടിക്കുറക്കുന്നതോടെ ആളുകൾ തങ്ങൾക്ക് ആവശ്യമുള്ള പണം പിൻവലിക്കുന്നതിനായി പല ദിവസങ്ങളിലായി കൂടുതൽ തവണ എ.ടി.എം കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരും. വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർക്ക് ഇത് കൂടുതൽ അവസരമൊരുക്കും. മാത്രമല്ല, കൂടുതൽ പ്രാവശ്യം എ.ടി.എം കാർഡുകൾ ഉപയോഗിക്കുക വഴി സർവിസ് ചാർജ് ഇനത്തിൽ ഇടപാടുകാർക്ക് അധികച്ചെലവും ഉണ്ടാകും. അതേ സമയം പണം പിൻവലിക്കൽ പരിധി വെട്ടിക്കുറക്കുക വഴി ‘കറൻസി ക്രഞ്ച്ര്​’ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ബാങ്കിങ്​ രംഗത്തുള്ളവർ.

ഡിജിറ്റൽ പേമ​െൻറിലേക്കുള്ള കുറുക്കുവഴി

യഥാർഥത്തിൽ ഇപ്പോൾ പണം പിൻവലിക്കൽ പരിധി കുറക്കേണ്ട സാഹചര്യമില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കറൻസി സർക്കുലേഷൻ നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള കാല​െത്തക്കാൾ വർധിച്ചിട്ടുണ്ട്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച 2016 നവംബർ എട്ടിന് രാജ്യത്ത് 17.2 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്കനുസരിച്ച് 19.22 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് പ്രചാരത്തിലുണ്ട്.

നോട്ട് പിൻവലിക്കുന്നതിന് തൊട്ടുമുമ്പായി അവതരിപ്പിക്കപ്പെട്ട മൊബൈൽ പേമ​െൻറ്​ ആപ്പുകൾക്ക് കറൻസി നിരോധനം യഥാർഥത്തിൽ കൊയ്ത്തു കാലമായിരുന്നു. നോട്ട് ക്ഷാമം രൂക്ഷമായതോടെ ജനങ്ങൾക്ക് അത്യാവശ്യങ്ങൾക്കായി ആപ്പുകളെ ആശ്രയിക്കേണ്ടിവന്നു. പിന്നെ മാസങ്ങളോളം ഗ്രാമപ്രദേശങ്ങളിലെ ഇടത്തരം കടകളിൽപോലും പേമ​െൻറ്​ ആപ്പുകളുടെ വിളയാട്ടമായിരുന്നു. എന്നാൽ, കറൻസി വിതരണം സാധാരണ നില കൈവരിച്ചതോടെ മൊബൈൽ പേമ​െൻറ്​ ആപ്പുകളെ ആശ്രയിക്കുന്നതിൽനിന്ന് ജനം പതുക്കെ പിന്മാറി. അതേസമയം, ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ വൻതോതിൽ വർധിച്ചു. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം 36.6 ദശലക്ഷമായി വർധിച്ചു. ക്രെഡിറ്റ് കാർഡ് വരിക്കാരുടെ എണ്ണത്തിൽ 23.3 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടാകുന്നത്.

കാർഡ് ഉപയോഗിച്ച് കടകളിൽ നിന്ന് ഇടപാട് നടത്തുന്നവരുടെ എണ്ണവും വൻതോതിൽ വർധിച്ചിട്ടുണ്ട്. 2016ൽ 70 ദശലക്ഷം ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള പോയൻറ് ഓഫ് സെയിൽ ടെർമിനലുകളിൽ നടന്നതെങ്കിൽ 2018ൽ ഇത് 117 ദശലക്ഷമായി വർധിച്ചു. ഇതേകാലയളവിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 291 ദശലക്ഷം ഇടപാടുകളാണ് നടന്നത്. കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളും പണം പിൻവലിക്കലും വൻതോതിൽ വർധിച്ചു. ഈ സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകൾക്കും മൊബൈൽ പേമ​െൻറ്​ ആപ് വഴിയുള്ള ഇടപാടുകൾക്കും മുൻതൂക്കം നൽകുന്ന പദ്ധതികളും ഒരുങ്ങുകയാണ്.

Show Full Article
TAGS:currency shortage money shortage business news malayalam news 
Next Story