ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളില്ല; പകരം ഒറ്റ കാർഡ്
text_fieldsമുംബൈ: ഷോപ്പിങ്ങിന് നിരവധി കാർഡുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഇനി മുതൽ വെവ്വേറെ കരുതണ്ട. കാരണം, ഡെബിറ്റ്, ക്രെഡിറ്റ് ആവശ്യങ്ങൾക്കായി ഒറ്റ കാർഡ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ് അമേരിക്കൻ ബഹുരാഷ്ട്ര പെയ്മെന്റ് സർവിസ് കമ്പനിയായ വിസ. 16 അക്കങ്ങളുള്ള കാർഡ് ഡെബിറ്റ് കാർഡായും ക്രെഡിറ്റ് കാർഡായും ഉപയോഗിക്കാം. വിസ ഫ്ലെക്സിബിൾ ക്രെഡൻഷ്യൽ (വിസ ഫ്ലക്സ്) എന്ന കാർഡാണ് പുറത്തിറക്കുന്നത്.
ഇടപാട് നടത്തുന്ന സംഖ്യയും ഉപഭോക്താവിന്റെ താൽപര്യവും ബാങ്കുകളുടെ നയവും കണക്കിലെടുത്തായിരിക്കും ഡെബിറ്റും ക്രെഡിറ്റും നിശ്ചയിക്കുക. ഉദാഹരണത്തിന് ഉപഭോക്താക്കൾക്ക് ചെറിയ സംഖ്യയുടെ ഇടപാട് നടത്താൻ ഡെബിറ്റ് കാർഡായും വൻ തുകയുടെ ഷോപ്പിങ്ങിനും മറ്റുമായി ക്രെഡിറ്റ് കാർഡായും വിസ ഫ്ലക്സ് ഉപയോഗിക്കാം. ജപ്പാനിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതോടെയാണ് പദ്ധതി ഇന്ത്യയിലും നടപ്പാക്കാൻ വിസ ഒരുങ്ങുന്നത്. നിലവിൽ ഇന്ത്യക്കാർ നിരവധി കാർഡുകളാണ് കൈയിൽ കരുതുന്നത്. വിവിധ ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളുമുള്ളത് ചില ഷോപ്പിങ്ങിൽ ഏതു കാർഡ് ഉപയോഗിക്കണമെന്ന ആശയക്കുഴപ്പമുണ്ടാക്കുന്നതായി വിസയുടെ ഇന്ത്യ, സൗത് ഏഷ്യ ഗ്രൂപ്പ് കൺട്രി മാനേജർ സന്ദീപ് ഘോഷ് പറഞ്ഞു.
വിസയെ സംബന്ധിച്ച് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതിനാൽ ഇന്ത്യയിൽ വലിയ അവസരമുണ്ടെന്നാണ് വിസയുടെ കണക്കുകൂട്ടൽ. അതേസമയം, ഒരു ലക്ഷം കോടി ഡോളറിന്റെ ഉപഭോക്തൃ വിപണിയിൽ നടക്കുന്ന ഇടപാടുകളിൽ പകുതിയും പണം നേരിട്ട് നൽകിയാണ്. വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ച് ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ്, ബൈ നൗ പേ ലേറ്റർ ആവശ്യങ്ങൾക്ക് 16 അക്കങ്ങളുള്ള ഒറ്റ കാർഡ് ഉപയോഗിക്കാൻ വിസ ഫ്ലക്സിലൂടെ കഴിയുമെന്ന് സന്ദീപ് ഘോഷ് പറഞ്ഞു. കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നതിനുള്ള പരിധികൾ ബാങ്കുകളുടെ ആപ്പുകളിൽ സെറ്റ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുമിതോമോ മിറ്റ്സുയി ബാങ്കിങ് കോർപറേഷനുമായും സുമിതോമോ മിറ്റ്സുയി കാർഡ് കമ്പനിയുമായും ചേർന്ന് ഒലിവ് എന്ന പേരിലാണ് ജപ്പാനിൽ വിസ ഫ്ലെക്സ് ആദ്യം ആരംഭിച്ചത്. നിലവിൽ 15 ദശലക്ഷം പേരാണ് ഒലിവ് കാർഡ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജപ്പാന്റെ ദേശീയ ശരാശരിയേക്കാൾ 40 ശതമാനം കൂടുതലാണ് ശരാശരി ഒലിവ് കാർഡ് ഇടപാടുകളുടെ എണ്ണം. ചെറുകിട സംരംഭകർ ബിസിനസ് അക്കൗണ്ടിനും പേഴ്സണൽ അക്കൗണ്ടിനും വേണ്ടി ഈ ഒരു കാർഡാണ് ഉപയോഗിക്കുന്നത്. ജൂണിൽ വിയറ്റ്നാമിലും കാർഡ് സേവനം തുടങ്ങി. അനുമതി ലഭിച്ചാൽ ഇന്ത്യയിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നും ഘോഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ബിസിനസ് വളർച്ച മന്ദഗതിയിലാണ്. 2023ൽ ഏകദേശം 20 ശതമാനം വളർച്ച കൈവരിച്ച ശേഷം 2024ൽ ഏകദേശം 10 ശതമാനമായി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 2025 നവംബർ വരെ 6.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ആകെ 115 ദശലക്ഷം കാർഡുകളാണ് നിലവിലുള്ളത്. ഇന്ത്യക്ക് സമാനമായ സാമ്പത്തിക ശക്തികളെ അപേക്ഷിച്ച വളരെ കുറവാണിത്. ഏകദേശം ഒരു ബില്ല്യൻ വരുന്ന ഡെബിറ്റ് കാർഡുകളുടെ വളർച്ചയും സ്തംഭനാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

