വിദേശത്തിരുന്ന് നാട്ടിലെ മൊബൈൽ നമ്പർ ബാങ്കിങിനായി ഉപയോഗിക്കാമോ? ഒ.ടി.പി. വൈകുന്നത് ഒഴിവാക്കാനും സിം ഡീ ആക്റ്റിവേഷൻ തടയാനും എന്തുചെയ്യണം?
text_fieldsവിദേശത്തേക്ക് കുടിയേറിയ ശേഷവും ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, യു.പി.ഐ ഇടപാടുകൾ മറ്റ് സാമ്പത്തിക കാര്യങ്ങൾ എന്നിവക്കായി തങ്ങളുടെ ഇന്ത്യൻ മൊബൈൽ നമ്പർ തന്നെയാണ് പലരും ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ ഇന്ത്യൻ നമ്പർ വിദേശത്ത് ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിൽ പലവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. ഒ.ടി.പി ലഭിക്കാൻ വൈകുക, സിം ഡീ ആക്റ്റിവേറ്റ് ചെയ്യപ്പെടുക, നിർണായക ഘട്ടങ്ങളിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരിക തുടങ്ങിയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന ടെലികോം കമ്പനികളിൽ നിന്ന് ഇന്‍റർ നാഷണൽ റോമിങ് ഫെസിലിറ്റി ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ മൊബൈൽ നമ്പറുകൾ വിദേശത്തും പ്രവർത്തിക്കും. എന്നാൽ പ്രാദേശിക നെറ്റ് വർക്ക് കവറേജ്, റോമിങ് കരാറുകൾ, മറ്റ് ടെലികോം സേവനങ്ങൾ എന്നിവയെ ആശ്രയിച്ച് ഒ.ടി.പി. സന്ദേശങ്ങൾ ലഭിക്കുന്നത് എപ്പോഴും സുഗമമാകണമെന്നില്ല. ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ പെട്ടെന്ന് ഒ.ടി.പി. ആവശ്യമായി വരുമ്പോൾ അത് വൈകുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
വിദേശത്ത് ജീവിക്കുമ്പോൾ എൻ.ആർ.ഐകൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഉപയോഗമില്ലാത്തതിന്‍റെ പേരിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന അവസ്ഥ. നമ്പറുകൾ ദീർഘകാലം ഉപയോഗിക്കാതെ കിടക്കുമ്പോൾ ടെലികോം കമ്പനികൾ പലപ്പോഴും ഡീആക്റ്റിവേറ്റ് ചെയ്യാറുണ്ട്. ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ നമ്പർ ഡീആക്റ്റിവേറ്റ് ചെയ്യപ്പെടുകയും അത് മറ്റാർക്കെങ്കിലും അനുവദിച്ചു നൽകുകയും ചെയ്താൽ, ബാങ്കിങ് സേവനങ്ങൾ വഴി നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് നേരിടും. കൂടാതെ ബാങ്കുകളിലും നിക്ഷേപ സ്ഥാപനങ്ങളിലും നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഏറെ സമയം എടുത്തേക്കാം.
ഒരു നിശ്ചിത കാലയളവിനുശേഷം ടെലികോം കമ്പനികൾ നമ്പറുകൾ ഡീആക്റ്റിവേറ്റ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കൂടാതെ, വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ മൊബൈൽ നമ്പറും കോൺടാക്റ്റ് വിവരങ്ങളും ബാങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഇന്‍റർനാഷനൽ റോമിങ് സേവനം നിലനിർത്തുക, എസ്.എം.എസ്. സേവനങ്ങൾക്കായി അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് സൂക്ഷിക്കുക, ഒ.ടി.പി. സൗകര്യം ഉറപ്പാക്കുക ഇവയെല്ലാം ഉറപ്പ് വരുത്തുന്നത് ഭാവിയിൽ ഉണ്ടാകാനിടയുള്ള തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എന്തെങ്കിലും ആക്സസ് പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിനായി കസ്റ്റമർ സർവീസിന്‍റെ പ്രധാനപ്പെട്ട കോൺടാക്റ്റ് വിവരങ്ങൾ സൂക്ഷിക്കുന്നതും മറ്റൊരു പ്രതിരോധ നടപടിയാണ്.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ വെറുമൊരു ആശയവിനിമയ മാർഗം മാത്രമല്ല, നിങ്ങളുടെ ഓൺലൈൻ ഇടപാടുകളുടെയും അക്കൗണ്ട് സുരക്ഷയുടെയും പ്രധാനഘടകമാണ്. വിദേശത്തിരുന്ന് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

