Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റിൽ വരുന്ന മാറ്റം പ്രവാസിയെ ബാധിക്കുമോ ?

text_fields
bookmark_border
ഒക്ടോബർ 15 മുതൽ യു.പി.ഐയിലെ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം...
ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റിൽ വരുന്ന മാറ്റം പ്രവാസിയെ ബാധിക്കുമോ ?
cancel

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് വിപ്ലവത്തിന്റെ ഏറ്റവും ശക്തമായ ഒന്നാണ് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യു.പി.ഐ. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഈ സേവനം ലഭ്യമാക്കുന്നത്. എൻ.പി.സി.ഐയുടെ കണക്കനുസരിച്ച് 2026 ആഗസ്റ്റിൽ മാത്രം യു.പി.ഐ വഴി ഏകദേശം 24.51 ബില്യൺ ഇടപാടുകൾ അതായതു ദിവസം 791 മില്യൺ ഇടപാടുകൾ നടന്നു; അവയുടെ മൊത്തം മൂല്യം ഏകദേശം 30 ലക്ഷം കോടി ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്മെന്റ് സംവിധാനമാണ് ഇന്ത്യയുടെ യു.പി.ഐ.

വഴിയോര കച്ചവടക്കാർ മുതൽ വലിയ വ്യാപാരസ്ഥാപനം വരെ, ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം കൈമാറാനുള്ള ലളിതമായ സംവിധാനമായി യു.പി.ഐ മാറിയിട്ട് വർഷങ്ങളായി. ഉപഭോക്താവിന് നേരിട്ടുള്ള ഇടപാട് ചെലവില്ലാത്തതും ചെറുകിട വ്യാപാരികൾക്ക് ക്യുആർ കോഡ് വഴി പേയ്മെന്റ് സ്വീകരിക്കാനായതുമാണ് ഇതിന്റെ വ്യാപനത്തിന് പ്രധാന കാരണം.

പുതിയ മാറ്റം എങ്ങനെ?

നിലവിൽ യു.പി.ഐ പേയ്‌മെന്റുകൾ തികച്ചും സൗജന്യമായിരുന്നു. എന്നാൽ മാറ്റം നടപ്പാക്കുകയാണെങ്കിൽ, 2026 ഒക്ടോബർ 15 മുതൽ നിബന്ധനകൾക്ക് വിധേയമായി, ഇത്തരം പേയ്‌മെന്റുകൾക്കു ചില ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എൻ.പി.സി.ഐയുടെ പുതിയ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ചട്ടപ്രകാരം, 2,000 രൂപക്ക് മുകളിലുള്ള മർച്ചന്റ് പേയ്‌മെന്റുകൾക്കു (P2M) 0.4 ശതമാനം എം.ഡി.ആർ ബാധകമാകും. 75,000 രൂപക്കും അതിലധികവുമായ ഇടപാടുകളിൽ എം.ഡി.ആർ 300 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്യും.

വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും ചെറിയ വ്യാപാരികൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന പേയ്‌മെന്റുകളും എം.ഡി.ആർ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇൻഷുറൻസ് പ്രീമിയം, ടെലികോം, ഇലക്ട്രിസിറ്റി, പെട്രോൾ ബങ്കുകൾ തുടങ്ങിയ പേയ്‌മെന്റുകൾക്ക് 2000 രൂപയിൽ അധികമുണ്ടെങ്കിലും ചെലവ് അഞ്ചു രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന്റെ പിക്സ്, തുടങ്ങി പല രാജ്യങ്ങളിലും മർച്ചന്റ് പേയ്മെന്റ്സ് ചാർജ് ചെയ്യപ്പെടുന്നുണ്ട്. ഒമാനിൽ ക്യൂആർ അധിഷ്ഠിത പേയ്‌മെന്റുകൾക്കു അര ശതമാനം ചാർജ് വ്യാപാരികൾ നൽകണം. ചെറിയ തുകകൾക്കും ഇത് ബാധകമാണ്.

എം.ഡി.ആർ ചെലവ് ആരു വഹിക്കണം?

സർക്കാർ കണക്കുപ്രകാരം ഏകദേശം 96 ശതമാനം യു.പി.ഐ കച്ചവട ഇടപാടുകളും 2000 രൂപക്കു താഴെ വരുന്നതിനാൽ പുതിയ നിർദേശം ഇടപാടുകാരെ കാര്യമായി ബാധിക്കില്ല. എം.ഡി.ആർ വ്യാപാരിയാണ് വഹിക്കേണ്ടത്. ഉപഭോക്താവിൽ നിന്ന് പ്രത്യേകമായി എം.ഡി.ആർ ഈടാക്കാൻ പാടില്ല. അതായത്, നിങ്ങൾ 10,000 രൂപയുടെ സാധനം യു.പി.ഐ വഴി വാങ്ങിയാൽ, ബാധകമായ എം.ഡി.ആർ വ്യാപാരിയുടെ പേയ്മെന്റ് സെറ്റിൽമെന്റിൽ നിന്ന് കുറക്കപ്പെടും; ഉപഭോക്താവ് 10,000 രൂപ തന്നെയാണ് നൽകുന്നത്. വ്യാപാരിക്കു 9960 മാത്രമാണ് കിട്ടുന്നത് എന്നർഥം. നിലവിൽ ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോഴും, ചാർജ് കഴിച്ചുള്ള തുകയാണ് വ്യാപാരിക്കു കിട്ടുന്നത്. എന്നാൽ വ്യക്തികളുടെ യു.പി.ഐ ഇടപാടുകൾ തികച്ചും സൗജന്യമാണ്.

എന്തുകൊണ്ട് എം.ഡി.ആർ?

യു.പി.ഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുമ്പോൾ ബാങ്കുകൾ, പേയ്മെന്റ് സേവനദാതാക്കൾ, മറ്റു ഗൂഗിൾ പേ പോലുള്ള ആപ്പുകൾ തുടങ്ങിയവക്ക് അടിസ്ഥാനസൗകര്യം, സൈബർ സുരക്ഷ, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ വലിയ ചെലവുകളുണ്ട്. ഈ ചെലവുകൾക്ക് സ്ഥിരമായ വരുമാനമാർഗം ഒരുക്കുക എന്നതാണ് എം.ഡി.ആർ ഈടാക്കുന്നതിലെ കാരണം. ഇങ്ങനെ ഈടാക്കുന്ന ഫീസ്, പേയ്മെന്റ് ശൃംഖലയിലെ വിവിധ പങ്കാളികൾക്കിടയിൽ ഷെയർ ചെയ്യപ്പെടുന്നു. അങ്ങനെ അവരുടെ ചെലവിന്റെ ഒരു ഭാഗം തിരിച്ചു പിടിക്കുന്നു. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഇത് നടപ്പാക്കുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് ഗൂഗിൾ പേ ഉൾപ്പെടെയുള്ള നിരവധി പേയ്‌മെന്റുകൾ പ്രവാസികൾ വിദേശത്തുനിന്നും നടത്തുന്നുണ്ട്. അവർക്കു ഇതിൽ യാതൊരു വിധത്തിലുള്ള ഇളവുകളും ഇല്ല.

കൃത്യമായി നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ

നിയമപരമായി വ്യാപാരിയാണ് എം.ഡി.ആർ വഹിക്കുന്നതെങ്കിലും, അവസാന സാമ്പത്തികഭാരം ആരാണ് വഹിക്കുന്നത് എന്നതൊരു പ്രശ്നമാണ്. കാരണം ഇത് വ്യാപാരിയുടെ ലാഭവിഹിതം കുറയാം. അതിനെ നേരിടാൻ വ്യാപാരി ഉൽപന്നത്തിന്റെ വിലയിൽ ചെറിയ വർധന വരുത്തിയാൽ, പരോക്ഷമായി ഉപഭോക്താവും അതിന്റെ ഭാഗം വഹിച്ചേക്കാം. അതുകൊണ്ട് ‘ഉപഭോക്താവിൽ നിന്ന് എം.ഡി.ആർ ഈടാക്കരുത്’ എന്ന വ്യവസ്ഥ മാത്രം മതിയാകില്ല; എം.ഡി.ആറിന്റെ യഥാർഥ സാമ്പത്തിക ആഘാതവും നിരീക്ഷിക്കണം.

പുതിയ നിയമം ബാധകമാകുന്നതോടെ വ്യാപാരികൾ വ്യാപകമായി കാഷ് ഇടപാടിനെ പ്രോത്സാഹിപ്പിക്കാം. ഇത് കള്ളപ്പണം കുമിഞ്ഞു കൂടാൻ ഇടയാക്കുക വഴി രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും തടസ്സമാകാം. ചില വ്യാപാരികളെങ്കിലും ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ, അതിനു വരുന്ന അധിക ചാർജ് പലപ്പോഴും, നിയമപരമല്ലെങ്കിലും, ഉപഭോക്താവിനോട് ചോദിച്ചു വാങ്ങാറുണ്ട്.

ചുരുക്കത്തിൽ എം.ഡി.ആറിന്റെ നിയമപരമായ ബാധ്യത വ്യാപാരിയുടേതാണെങ്കിലും, അതിന്റെ അന്തിമ സാമ്പത്തികഭാരം ഉപഭോക്താവിലേക്ക് മാറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ യഥാർഥ പരീക്ഷണം. വ്യക്തിഗത ഇടപാടുകളിലും 2000 രൂപക്കു മുകളിലുള്ള ഇടപാടുകൾക്കും മാത്രം ബാധകമെന്നതും ഒരു ആശ്വാസമാണ്. ഇനിയുള്ള കാലങ്ങളിൽ ഒന്നും ഫ്രീ ആയിരിക്കുകയില്ല എന്നതാണ് വാസ്തവം.

...............................................................

(മസ്‌കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India UPI Payment Charges 2026
Next Story