ഇന്‍റർനെറ്റും യു.പി.ഐ ആപ്പും ഇല്ലേ? പണമടക്കാൻ റിസർവ് ബാങ്കിന്‍റെ ‘ടാപ് ആൻഡ് പേ’ ഫീച്ചർ എത്തുന്നു
text_fieldsഫോണിൽ ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും യു.പി.ഐ വഴി പണം നൽകാൻ കഴിയും. എൻ.എഫ്.സി പ്രവർത്തനക്ഷമമാക്കിയ പോയിന്‍റ് ഓഫ് സെയിൽ മെഷീനുകളിൽ ഫോൺ അൺലോക്ക് ചെയ്ത് ടെർമിനലിൽ ടാപ്പ് ചെയ്ത് പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന 'യു.പി.ഐ ടാപ് ആൻഡ് പേ' സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഡിജിറ്റൽ പേയ്മെന്‍റുകൾ കൂടുതൽ ലളിതമാക്കാനും ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്താനുമുള്ള പുതിയ രണ്ട് പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് റിസർവ് ബാങ്ക് ഗവർണർ ടാപ്പ് ആൻഡ് പേ ഫീച്ചർ പ്രഖ്യാപിച്ചത്. പക്ഷേ, യു.പി.ഐ ടാപ് ആൻഡ് പേ എന്നാൽ എവിടെയും ഇന്റർനെറ്റ് ഇല്ലാതെ യു.പി.ഐ പ്രവർത്തിക്കുമെന്നല്ല അർഥം. ഇടപാടിനായി ഉപയോക്താവിന്‍റെ ഫോണിൽ മൊബൈൽ ഇന്റർനെറ്റ് ആവശ്യമില്ല, കാരണം പേയ്മെന്‍റ് പ്രോസസ് ചെയ്യാൻ പി.ഒ.എസ് മെഷീന്‍റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാനാകും.
യു.പി.ഐ ടാപ് ആൻഡ് പേ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
കോൺടാക്‌റ്റ്‌ലെസ് കാർഡ് പേയ്മെന്‍റ് പോലെ യു.പി.ഐ പേയ്മെന്‍റ് പ്രവർത്തിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻ.എഫ്.സി സപ്പോട്ടുള്ള സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾക്ക് അവരുടെ ഉപകരണം അൺലോക്ക് ചെയ്ത് അനുയോജ്യമായ പി.ഒ.എസ് ടെർമിനലിൽ ടാപ്പ് ചെയ്യാം. തുടർന്ന് ടെർമിനലിന്‍റെ ഇന്‍റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് പേയ്മെന്‍റ് പ്രോസസ് ചെയ്യപ്പെടും.
യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള വിവിധതരം അക്കൗണ്ടുകളെ ഈ സൗകര്യം സപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയ തുകകൾക്കായി ഉപയോക്താക്കൾക്ക് യു.പി.ഐ പിൻ നൽകാതെ 5,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. 5,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് പി.ഒ.എസ് ടെർമിനലിൽ യു.പി.ഐ പിൻ നൽകേണ്ടി വരും.
എന്താണ് മൈ യു.പി.ഐ
ടാപ് ആൻഡ് പേയ്‌ക്കൊപ്പം, നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എ.ഐ അധിഷ്ഠിത ഉപഭോക്തൃ പിന്തുണ പ്ലാറ്റ്‌ഫോമായ മൈ യു.പി.ഐയും ആർ.ബി.ഐ അവതരിപ്പിച്ചു. വിവിധ ബാങ്കുകളിലെയും യു.പി.ഐ ആപ്പുകളിലെയും ഉപയോക്താക്കളുടെ യു.പി.ഐ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഓട്ടോപേ വിവരങ്ങളും ഒരിടത്ത് എത്തിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേയ്മെന്റുകളിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന നിരവധി ഫീച്ചറുകളും ഇതിലുണ്ട്.
അക്കൗണ്ട് അപഹരിക്കപ്പെട്ടതായി സംശയമുണ്ടെങ്കിൽ യു.പി.ഐ ഡെബിറ്റ് ഇടപാടുകൾ നിരസിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ‘സേഫ്റ്റി സ്വിച്ച്’ ഇതിലൊന്നാണ്. മൊബൈൽ നമ്പറുകൾ വഴി യു.പി.ഐ പേയ്മെന്‍റുകൾ സ്വീകരിക്കുന്നത് നിർത്താൻ സഹായിക്കുന്ന ‘യു.പി.ഐ നമ്പർ ഡിലിങ്ക്’ ആണ് മറ്റൊരു ഫീച്ചർ. പേയ്മെന്‍റ് പൂർത്തിയാക്കുന്നതിന് മുമ്പ് ഗുണഭോക്താക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മൈ യു.പി.ഐ നൽകും.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്‍റ് ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി യു.പി.ഐ മാറിക്കഴിഞ്ഞു. എൻ.പി.സി.ഐയുടെ കണക്കുപ്രകാരം മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ 89 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത്. ഭൗതിക ടെർമിനലുകളിൽ പേയ്മെന്‍റുകൾ എളുപ്പമാക്കുന്നതിനൊപ്പം ഉപഭോക്തൃ പിന്തുണ മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ കൂടുതൽ നിയന്ത്രണം നൽകാനുമാണ് പുതിയ ഫീച്ചറുകൾ ലക്ഷ്യമിടുന്നത്. ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിൽ മാത്രമല്ല അവ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതുമാണ് പുതിയ ‘ടാപ് ആൻഡ് പേ’, മൈ യു.പി.ഐ സംവിധാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

