ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ
text_fieldsമുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. നിലവിൽ അഞ്ചു ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ഇടപാടുകൾ സൗജന്യമാണ്. ഇതിലാണ് ഫെബ്രുവരി 15 മുതൽ എസ്.ബി.ഐ മാറ്റം വരുത്താൻ പോകുന്നത്. ഇനി മുതൽ 25,000 രൂപയ്ക്ക് മുകളിൽ ഓൺലൈനായി അയക്കുമ്പോൾ ചെറിയൊരു തുക ഫീസായി നൽകേണ്ടി വരും.
25,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ് ഇടപാടുകൾക്കാണ് ഫീസ് ഈടാക്കുക. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് രണ്ടു രൂപയും ജി.എസ്.ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആറു രൂപയും ജി.എസ്.ടിയും രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ 10 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.
പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ് ഒരു ദിവസം ഐ.എം.പി.എസ് വഴി ഇടപാട് നടത്താൻ സാധിക്കുക. ബാങ്ക് ശാഖ വഴി നേരിട്ട് പോയി പണം അയക്കുന്നവർക്ക് നിലവിലെ രീതി തുടരും. 1000 രൂപ വരെ ഫീസില്ലാതെ നടത്താം. 1000 മുതൽ ഒരു ലക്ഷം വരെ ഇടപാടുകൾക്ക് നാല് രൂപയും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ 12 രൂപയുമാണ് ഫീസ്. ജി.എസ്.ടി പുറമെ. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ഇടപാടിന് 20 രൂപയും ജി.എസ്.ടിയുമാണ് ചാർജ്.
സൈനികർ, കേന്ദ്ര സർക്കാർ ജീവനക്കാർ, റെയിൽവേ ജീവനക്കാർ എന്നിവരുടെ ശമ്പള അക്കൗണ്ടുകൾക്കും പെൻഷൻ അക്കൗണ്ടുകൾക്കും ഈ നിരക്ക് ബാധകമല്ല. ബാങ്കുകളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അടുത്തിടെ എ.ടി.എം നിരക്കുകളിലും എസ്.ബി.ഐ മാറ്റം വരുത്തിയിരുന്നു. യു.പി.ഐ ഇടപാടുകൾ ഇപ്പോഴും സൗജന്യമാണെങ്കിലും, വലിയ തുകകൾ പെട്ടെന്ന് അയക്കാൻ പലരും ഐ.എം.പി.എസ് ആണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

