വീണ്ടും ഇരുട്ടടിയുമായി എസ്.ബി.ഐ; മുദ്ര വായ്പക്ക് പലിശ വർധിപ്പിച്ചു
text_fieldsകുഴൽമന്ദം (പാലക്കാട്): ബാങ്കിങ് ഇടപാടുകൾക്ക് സർവിസ് ചാർജ് ചുമത്തിയതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വായ്പ പദ്ധതിയായ മുദ്ര ലോൺ യോജന പദ്ധതിയിൽ വായ്പ എടുത്തവർക്കും ഇരുട്ടടിയുമായി എസ്.ബി.ഐ. മുദ്ര വായ്പയുടെ പലിശ നിരക്ക് 9.8 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി ഉയർത്തിയാണ് ബാങ്ക് വായ്പയെടുത്തവരെ കൊള്ളയടിക്കുന്നത്.
ബാങ്ക് ലയനത്തിന് മുമ്പ് എസ്.ബി.ടി അടക്കമുള്ള ബാങ്കുകൾ നൽകിയ വായ്പയുടെ പലിശയിലാണ് മുന്നറിയിപ്പില്ലാതെ വൻ വർധനവ് വരുത്തിയിരിക്കുന്നത്. പലിശ വർധിപ്പിച്ചതോടെ തിരിച്ചടവ് അവസാനിക്കാറായ പലരും ഇനിയും കൂടുതൽ തുക അടക്കേണ്ടിവരും. ചെറുകിട ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി മുദ്ര ലോൺ യോജന കേന്ദ്ര സർക്കാർ 2015ൽ നടപ്പാക്കിയത്. 9.8 ശതമാനം പലിശ നിരക്കിൽ 50,000 മുതൽ 10 ലക്ഷം വരെയായിരുന്നു വായ്പ നൽകിയിരുന്നത്. അഞ്ച് മുതൽ ഏഴു വർഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി. രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരംഭകർക്ക് ആശ്വാസമാകുമെന്നായിരുന്നു സർക്കാറിെൻറ കണക്കുകൂട്ടൽ.
സംസ്ഥാനത്ത്നിന്ന് മൂന്നു വർഷത്തിനിടെ ലക്ഷക്കണക്കിന് പേരാണ് മുദ്ര വായ്പയെടുത്തത്. ഇതിൽ ഏറെപ്പേരും എസ്.ബി.ടിയിൽ നിന്നായിരുന്നു. 2015ൽ 8.3 ലക്ഷം പേർ 4,727 കോടി രൂപ വായ്പയെടുത്തു. 2016ൽ 9.82 ലക്ഷം പേർ 6,140 കോടി രൂപയും 2017-18 സാമ്പത്തിക വർഷത്തിൽ ഇതുവരെ 1.46 ലക്ഷം പേർക്ക് 788 കോടി രൂപയും വായ്പയായി വിവിധ ബാങ്കുകൾ നൽകി. സഹകരണ ബാങ്കുകളൊഴികെ മുദ്ര വായ്പക്ക് ഇതുവരെ ഏകീകൃത പലിശ നിരക്ക് തീരുമാനിച്ചിട്ടില്ല എന്ന മറവിലാണ് എസ്.ബി.ഐ പലിശ കുത്തനെ വർധിപ്പിച്ചത്. സഹകരണ ബാങ്കുകൾക്ക് 11-12 ശതമാനമാണ് പലിശനിരക്ക്.
ലയനത്തിന് ശേഷം നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വായ്പ അനുവദിക്കുന്നതിനും എസ്.ബി.ഐ വിമുഖത പ്രകടിപ്പിക്കുന്നു. ലയനത്തിന് മുമ്പ് വായ്പയെടുത്ത് ഇപ്പോൾ പുതുക്കാൻ പോകുന്ന വ്യക്തികൾക്കാണ് കരാർ പുനഃപരിശോധിക്കണമെന്നും വായ്പ അനുവദിക്കാൻ തടസ്സങ്ങൾ ഉണ്ടെന്നും അറിയിപ്പ് കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
