റിപ്പോ നിരക്കിൽ മാറ്റമില്ല: പോളിമർ കറൻസി നോട്ടുകൾ പരിഗണനയിലെന്ന് ആർ.ബി.ഐ ഗവർണർ
text_fieldsന്യൂഡൽഹി: പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനം നിലനിർത്തി. ധനനയ സമിതി (എം.പി.സി) ഏകകണ്ഠമായാണ് റിപ്പോ നിരക്ക് അതേപടി നിലനിർത്താൻ തീരുമാനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ വിദേശ മൂലധനം ആകർഷിക്കാനും രൂപക്ക് കരുത്തേകാനുമുള്ള നടപടികളും ആർ.ബി.ഐ പ്രഖ്യാപിച്ചു.
സർക്കാർ സെക്യൂരിറ്റികളിലെ യോഗ്യതയുള്ള വിദേശ നിക്ഷേപകർക്ക് പലിശ വരുമാനത്തിലും മൂലധന നേട്ടങ്ങളിലുമുള്ള നികുതി ഒഴിവാക്കൽ അതിൽ ഉൾപ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തമാണെങ്കിലും ആഗോള സംഘർഷങ്ങൾ തുടരുന്നതും വിലക്കയറ്റവും, വിതരണ തടസ്സങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പോളിമർ കറൻസി നോട്ടുകൾ ഇറക്കണമെന്ന നിർദേശം പ്രാഥമിക ഘട്ടത്തിലാണെന്നും, അതിന്റെ സാധ്യമായ ഗുണങ്ങളും വെല്ലുവിളികളും ആർ.ബി.ഐ വിശകലനം ചെയ്തുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേപ്പർ കറൻസിയുടെ ഈടും ചെലവും സംബന്ധിച്ച ആശങ്ക കൂടിയപ്പോൾ ഒരു പതിറ്റാണ്ട് മുമ്പ് പ്ലാസ്റ്റിക് കറൻസി എന്ന ആശയം ആർ.ബി.ഐയുടെ മുമ്പാകെ വന്നിരുന്നു. പേപ്പർ നോട്ടുകളുടെ അച്ചടിച്ചെലവും, നിരസിക്കപ്പെടുന്ന നോട്ടുകളുടെ തോതും കണക്കിലെടുത്താണ് പോളിമർ കറൻസിയെന്ന ബദൽ മാർഗത്തിന്റെ പരിഗണന. 2014ൽ കൊച്ചി ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ പത്ത് രൂപയുടെ ഒരു ബില്യൺ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കുമെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

