Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇ.എം.ഐ മുടങ്ങിയാൽ ഫോൺ...

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
cancel

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ സമ്മർദം ചെലുത്തുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക തുടങ്ങിയ രീതികൾക്കെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു.

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാനാകുമോ?

സാധാരണ വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വായ്പദാതാവിന് നിങ്ങളുടെ മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ, വായ്പ ഉപയോഗിച്ച് അതേ ഉപകരണം തന്നെയാണ് വാങ്ങിയതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഉപകരണത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താം.

ഉപകരണത്തിന്റെ ഇ.എം.ഐ തിരിച്ചടവ് മുടങ്ങിയാൽ നിയന്ത്രണം ഉടൻ ഏർപ്പെടുത്താൻ കഴിയില്ല. ഇതിനായി ഘട്ടംഘട്ടമായ നടപടിക്രമമാണ് ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്.

ഇ.എം.ഐ കുടിശ്ശിക 30 ദിവസം തികഞ്ഞിട്ടില്ല എങ്കിൽ ഉപകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല. ഈ ഘട്ടത്തിൽ വായ്പദാതാവ് ഉപഭോക്താവിന് ഔദ്യോഗികമായി നോട്ടീസ് നൽകണം. 30 മുതൽ 60 ദിവസം വരെ കുടിശ്ശിക തുടരുകയാണെങ്കിൽ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. 60 ദിവസത്തിലധികം കുടിശ്ശികയായാൽ മാത്രമേ പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. ഉപകരണം ലോക്ക് ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ഉപകരണത്തിന്റെ യഥാർഥ നിർമാതാവോ ഓപ്പറേറ്റിങ് സിസ്റ്റം ദാതാവോ സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും ആർ.ബി.ഐ നിർദേശിക്കുന്നു.

ഉപകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയാലും ചില പ്രവർത്തനങ്ങൾ തടയാൻ പാടില്ല.

  • ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ തടയാൻ പാടില്ല.
  • എസ്.എം.എസ് സേവനം തടയാൻ പാടില്ല.
  • എമർജൻസി എസ്.ഒ.എസ് പോലുള്ള അടിയന്തര സേവനങ്ങൾ നിയന്ത്രിക്കാൻ പാടില്ല.
  • ജോലി ചെയ്യുന്നതിനെയോ തൊഴിൽ അവസരങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ല.
  • ഫോണിലെ കോൺടാക്ടുകൾ, ഫോട്ടോകൾ, കോൾ ലോഗുകൾ, ലൊക്കേഷൻ ഹിസ്റ്ററി, എസ്.എം.എസ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ വായ്പദാതാവിന് പരിശോധിക്കാനോ ശേഖരിക്കാനോ കഴിയില്ല.
  • സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത റിക്കവറി ഏജന്റുമാർക്ക് വായ്പക്കാരുമായി ഇടപെടാനും കഴിയില്ല.

ഇ.എം.ഐ അടച്ചാൽ എത്ര സമയത്തിനുള്ളിൽ ഫോൺ അൺലോക്ക് ചെയ്യണം?

കുടിശ്ശികയായ ഇ.എം.ഐ അടച്ചുകഴിഞ്ഞാൽ ഉപകരണം ഒരു മണിക്കൂറിനുള്ളിൽ അൺലോക്ക് ചെയ്യണം. വായ്പദാതാവിന്റെ ഭാഗത്തുനിന്നുള്ള കാലതാമസത്തിന് മണിക്കൂറിന് 250 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ ഈ നഷ്ടപരിഹാരം വായ്പത്തുകയെ കവിയരുത്.

ഏത് വായ്പയുടെ പേരിലും ഫോൺ ലോക്ക് ചെയ്യാനാകുമോ?

ലോക്ക് ചെയ്യാനാകില്ല എന്നതാണ് പുതിയ ചട്ടങ്ങളിലെ പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്. നിങ്ങളുടെ ഫോൺ ഇ.എം.ഐ വഴി വാങ്ങിയതല്ലെങ്കിൽ, മറ്റൊരു വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ആ ഫോൺ ലോക്ക് ചെയ്യാൻ കഴിയില്ല.

ഉദാഹരണത്തിന്, ഒരു കാർ ലോൺ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക എന്നിവയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ നിങ്ങളുടെ മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ കഴിയില്ല.

അതേസമയം, ഫോൺ വാങ്ങുന്നതിനായി എടുത്ത അതേ വായ്പയുടെ ഇ.എം.ഐ മുടങ്ങിയാൽ, വായ്പാ കരാറിൽ ഇത്തരം നിയന്ത്രണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ നിബന്ധനകൾക്ക് വിധേയമായി നടപടി സ്വീകരിക്കാനാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIbankingEMINew rules
News Summary - RBI New EMI Device Rules
Next Story