Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപൊതുമേഖലാ ബാങ്കുകളിൽ...

പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല; സർക്കാർ റിപ്പോർട്ട്

text_fields
bookmark_border
പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല; സർക്കാർ റിപ്പോർട്ട്
cancel

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ലോക്കർ മോഷണക്കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ട്. 2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളിലായി 40 ലോക്കർ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. ഇതിൽ 75% കേസുകളും ഉത്തർപ്രദേശിലും ഝാർഖണ്ഡിലുമാണ് നടന്നത്.

രാജ്യസഭാ എം.പി ധർമസ്ഥല വീരേന്ദ്ര ഹെഗ്ഡെയുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ 40 ലോക്കർ മോഷണക്കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതെന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള വിവരമനുസരിച്ച്, ഈ വർഷം മാർച്ച് 31 വരെ ആകെ 1,11,11,077 ബാങ്ക് ലോക്കറുകൾ പ്രവർത്തനക്ഷമമാണെന്നും മന്ത്രി വ്യക്തമാക്കിയത്.

ബാങ്ക് തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ ലോക്കർ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തത് ബാങ്ക് ഓഫ് ഇന്ത്യയിലും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലുമാണ്. 14 കേസുകൾ വീതം. 10 കേസുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് തൊട്ടുപിന്നിൽ. കോവിഡ് 19 മഹാമാരിക്ക് ശേഷമുള്ള ആദ്യ രണ്ട് വർഷങ്ങളായ 2021-22, 2022-23 കാലയളവിലാണ് ഏറ്റവും കൂടുതൽ മോഷണങ്ങൾ നടന്നത്. യഥാക്രമം 16ഉം 17ഉം കേസുകൾ. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ മൂന്നായി കുറയുകയും, 2024-25ൽ നാലായും, 2025-26-ൽ പൂജ്യമായും മാറി.

സംസ്ഥാനങ്ങളുടെ കണക്കിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഉത്തർപ്രദേശിലാണ് (18 കേസുകൾ). 12 കേസുകളുമായി ഝാർഖണ്ഡാണ് രണ്ടാമത്. അഞ്ച് കേസുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തു.

ഡെപ്പോസിറ്റ് ലോക്കറുകളെക്കുറിച്ചും സാമഗ്രികളുടെ സുരക്ഷിതത്വത്തെക്കുറിച്ചും റിസർവ് ബാങ്ക് (RBI) 2021ൽ ബാങ്കുകൾക്ക് പുതുക്കിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മാതൃകാ ലോക്കർ കരാർ നടപ്പിലാക്കൽ, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ, ലോക്കർ ഏരിയകളിൽ എപ്പോഴും ആവശ്യമായ കാവൽ ഏർപ്പെടുത്തൽ, ലോക്കർ തുറക്കുമ്പോൾ എസ്.എം.എസ്/ഇമെയിൽ അലർട്ടുകൾ നൽകൽ, പ്രത്യേക സാഹചര്യങ്ങളിൽ ലോക്കറുകൾ തുറക്കുന്നതിനുള്ള ഏകീകൃത രീതികൾ, നഷ്ടപരിഹാരം നൽകുന്നതിനുള്ള കൃത്യമായ നിയമങ്ങൾ എന്നിവയൊക്കെ ഈ മാർഗനിർദ്ദേശങ്ങളിൽ ഉണ്ടായിരുന്നു. ബാങ്കുകൾ തങ്ങളുടെ നയങ്ങളും നടപടിക്രമങ്ങളും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിരുന്നു.

ബാങ്കുകളുടെ പരിശോധനാ വേളയിൽ സാമ്പിളുകളുടെ അടിസ്ഥാനത്തിൽ ആർ.ബി.ഐ ഈ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താറുണ്ട്. വീഴ്ചകൾ കണ്ടെത്തിയാൽ ബാങ്കുകൾക്കെതിരെ എടുക്കുന്ന അനുയോജ്യമായ മേൽനോട്ട അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് പുറമെ, അത് തിരുത്താൻ ബാങ്കുകളോട് ആവശ്യപ്പെടാറുമുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, മോഷണങ്ങൾ, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ മനുഷ്യനിർമ്മിത അപകടങ്ങൾ എന്നിവയിൽ നിന്ന് ലോക്കർ പരിസരം സുരക്ഷിതമാണെന്ന് ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്.

നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിന്‍റെ അശ്രദ്ധയോ വീഴ്ചയോ മൂലം തീപിടുത്തം, മോഷണം, കവർച്ച, ബാങ്ക് തകർച്ച അല്ലെങ്കിൽ ജീവനക്കാരുടെ തട്ടിപ്പ് എന്നിവ കാരണം ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക് അതിൽ ഉത്തരവാദിത്തമുണ്ടായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ, ബാങ്കിന്‍റെ നഷ്ടപരിഹാര തുക നിലവിലുള്ള വാർഷിക ലോക്കർ വാടകയുടെ 100 ഇരട്ടി വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public sector banksbank lockersBank scamTheft Case
News Summary - No locker thefts have been reported in public sector banks during the 2025-26 financial year
Next Story