ജനുവരി ഒന്നു മുതൽ ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ, സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് സൗജന്യങ്ങൾ നൽകും
text_fieldsന്യൂഡൽഹി: ജനുവരി ഒന്നു മുതൽ രാജ്യത്തെ ബാങ്കിങ് രംഗത്ത് വിവിധ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ബാങ്കിങ്ങിലേക്ക് ഒരു വലിയ വിഭാഗം മാറിയതോടെ ഈ രംഗത്താണ് കൂടുതൽ മാറ്റങ്ങൾ വരുന്നത്. സീറോ ബാലൻസ് അക്കൗണ്ടുകളിലും ഉപഭോക്താക്കൾക്ക് വലിയ സൗജന്യങ്ങൾ നൽകുന്നതായിരിക്കും മാറ്റങ്ങളെന്നും റിസർവ് ബാങ്ക് അറിയിച്ചു.
എല്ലാ അക്കൗണ്ട് ഇടപാടുകൾക്കും എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ അലർട്ടുകൾ നിർബന്ധമാണ്. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ബാങ്കുകൾ ഇനി മുതൽ ആർ.ബി.ഐയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. കൂടാതെ, ഡിജിറ്റൽ സേവനങ്ങൾക്കായി ഉപഭോക്താക്കളുടെ വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം ബാങ്കുകൾ തേടിയിരിക്കണം. സേവനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അതായത്, സേവനങ്ങൾക്കായി ഈടാക്കുന്ന ചാർജുകൾ പരാതി ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനായിതേടുന്ന മാർഗങ്ങൾ എന്നിവ ലളിതമായും വ്യക്തമായും ഉപഭോക്താക്കളെ അറിയിക്കാനുള്ള ബാധ്യത ബാങ്കുകൾക്കുണ്ട്.
സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. അടിസ്ഥാന സേവിങ്സ് അക്കൗണ്ടായ സീറോ ബാലൻസ് അക്കൗണ്ടുകളിൽ ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് കൂടുതൽ പരിധിയില്ലാത്ത പണ നിക്ഷേപം, സൗജന്യ എ.ടി.എം അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ് സേവനം, സൗജന്യ പാസ്ബുക്ക്/പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവയെല്ലാം ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ.
പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കലുകൾ അനുവദിക്കണം, എന്നാൽ യു.പി.ഐ, നെഫ്റ്റ്, ആർ.ടി.ജി.എസ്, ഐ.എം.പി.എസ്, പി.ഒ.എസ് എന്നീ ഇടപാടുകൾ ഈ പരിധിയിൽ ഉൾപ്പെടില്ല. എ.ടി.എം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ എന്നിവയൊന്നും തന്നെ ഉപഭോക്താക്കളെ നിർബന്ധിച്ച് എടുപ്പിക്കാൻ പാടില്ല എന്നും പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ഫ്ളോട്ടിങ് പലിശ നിരക്കുകളുള്ള വ്യക്തിഗത വായ്പകൾക്ക് പ്രീ പേയ്മെന്റ് ചാർജുകൾ ഈടാക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

