ലുലുവിന്റെ ‘ഡിജിറ്റ് 9’ ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ‘ഫിൻടെക് 50’ പട്ടികയിൽ
text_fieldsകൊച്ചി: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ രാജ്യാന്തര പണമിടപാട്-സെറ്റിൽമെന്റ് പ്ലാറ്റ്ഫോമായ ഡിജിറ്റ് 9, ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ ‘ഫിൻടെക് 50 പട്ടികയിൽ പതിനൊന്നാമതായി ഇടംനേടി. മിഡിൽ ഈസ്റ്റിലെ മുൻനിര ഫിൻടെക് കമ്പനികളുടെ പട്ടികയിലാണ് ഡിജിറ്റ്9 ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ചത്.
രാജ്യാന്തര പണമിടപാടുകൾ കൂടുതൽ വേഗത്തിലും ലളിതമായും സാധ്യമാക്കുന്നതിനായി, പരമ്പരാഗത ബാങ്കിങ് ശൃംഖലകളെയും നൂതന ഡിജിറ്റൽ സെറ്റിൽമെന്റ് സാങ്കേതികവിദ്യകളെയും കോർത്തിണക്കുന്നതിൽ ഡിജിറ്റ് 9 വഹിക്കുന്ന നിർണായക പങ്കിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. നൂതന ആശയങ്ങളിലൂടെ ബിസിനസ് രംഗത്ത് വലിയ സ്വാധീനം ചെലുത്തുകയും വിപണിയിൽ തങ്ങളുടേതായ വ്യക്തമായ ഇടം കണ്ടെത്തുകയും ചെയ്ത മുൻനിര ഫിൻടെക് സംരംഭങ്ങളെയാണ് ഈ വാർഷിക പട്ടികയിലൂടെ ഫോർബ്സ് മിഡിൽ ഈസ്റ്റ് ആദരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ പേയ്മെന്റ് സംവിധാനങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കുക എന്നതാണ് ഡിജിറ്റ്9 പ്രധാനമായും ലക്ഷ്യമാക്കുന്നത്. പുതിയ പേയ്മെന്റ് റൂട്ടുകൾ, ബാങ്കിങ് പങ്കാളികൾ, സെറ്റിൽമെന്റ് സംവിധാനങ്ങൾ എന്നിവ കടന്നുവരുമ്പോൾ രാജ്യാന്തര പണമിടപാടുകൾ കൂടുതൽ സങ്കീർണമാകാറുണ്ട്. പരമ്പരാഗത പേയ്മെന്റ് സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിലവിലെ സാമ്പത്തിക ശൃംഖലകളെ ആധുനികവത്കരിക്കുകയാണ് ഡിജിറ്റ് 9.
റിയൽ-ടൈം കണക്റ്റിവിറ്റിയിലൂടെ ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് അതിവേഗം പണം കൈമാറ്റം ചെയ്യാനും ഇതിലൂടെ സാധിക്കും. ഇടപാടുകൾക്ക് എടുക്കുന്ന സമയം കുറക്കാനും പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും ഡിജിറ്റ് 9 സഹായിക്കുന്നു. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നതോടെ, പങ്കാളികൾക്ക് അവരുടെ ഉപഭോക്താക്കളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവസരമൊരുങ്ങുന്നു.
ആഗോള പണമിടപാട് രംഗത്തെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് ഈ നേട്ടം കൂടുതൽ കരുത്തേകും എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

