വായ്പ തിരിച്ചടവ് കൂടും; ഇനി ഉയർന്ന ഇ.എം.ഐ, പ്രവാസികൾ ഉറപ്പായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
text_fieldsറിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്ക് കാൽ ശതമാനം (25 bps) ഉയർത്തി 5.50 ശതമാനമാക്കി. 2023 ഫെബ്രുവരിക്കുശേഷമുള്ള ആദ്യ നിരക്കുവർധനയാണിത്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും കണക്കിലെടുത്താണ് ആർ.ബി.ഐയുടെ പണനയ സമിതി ഈ തീരുമാനമെടുത്തത്. ഇതോടെ വായ്പയെടുത്തവരുടെ തിരിച്ചടവുഭാരം വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബാങ്ക് സ്ഥിരനിക്ഷേപകർക്ക് കൂടുതൽ പലിശ ലഭിക്കുമെന്ന പ്രതീക്ഷയും ഉയരുന്നു.ആർ.ബി.ഐ വായ്പാനയം നിഷ്പക്ഷ നിലപാടിൽ നിന്നും ഘട്ടംഘട്ടമായി പണനയം കർശനമാക്കുന്ന നിലപാടാവുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) കൂടുമോ ?
പുതിയ നിരക്കുവർധനയുടെ പ്രധാന പ്രത്യാഘാതം ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ മാസ തിരിച്ചടവിൽ ഉണ്ടാകാനിടയുള്ള വർധനയാണ്. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഫ്ലോട്ടിങ് പലിശനിരക്കിലുള്ള വായ്പകളുടെ പലിശ പുതുക്കുമ്പോൾ തിരിച്ചടവിൽ മാറ്റമുണ്ടാകാം. ഉദാഹരണത്തിന്, 25 വർഷത്തെ കാലാവധിയിൽ 7.45 ശതമാനം പലിശക്ക് 50 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്ത ഒരാളുടെ പ്രതിമാസ ഇ.എം.ഐ ഏകദേശം 800 രൂപയിൽ അധികം വരാം.
ചെറിയ നിരക്കുവർധന പോലും ദീർഘകാല വായ്പകളിൽ മൊത്തം പലിശച്ചെലവ് വർധിപ്പിക്കുമെന്നതിനാൽ വായ്പക്കാർ തങ്ങളുടെ തിരിച്ചടവ് പുനഃപരിശോധിക്കേണ്ടതുണ്ട്.
പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
പ്രവാസത്തിന്റെ പ്രയാണത്തിൽ പ്രവാസികൾ ഈ അധിക ബാധ്യത അറിയാതെ പോകരുത്. ഈ അധിക തുക കൃത്യമായി മാസം തോറും അടച്ചു പോയില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് കുടിശ്ശിക വരുകയും ബാങ്കുകൾ പീനൽ ചാർജ്സ് എടുക്കുകയും ചെയ്യും. ഇത് തുടർന്നാൽ താമസിയാതെ അക്കൗണ്ട് നിഷ്ക്രിയ ആസ്തി ആകുകയും മറ്റു നിയമ നടപടികളിലേക്കു കടക്കുകയും ചെയ്യും. ആയതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ വരാൻപോകുന്ന പുതിയ ഇ.എം.ഐ അടക്കണം. ബാങ്കുകൾ നിങ്ങളെ അറിയിക്കും. അറിയിച്ചില്ല എന്നത് അടക്കാതിരിക്കാനുള്ള ഉപാധി അല്ല. ഓൺലൈൻ ആയി അക്കൗണ്ടുകൾ കലാ കാലങ്ങളിൽ പരിശോധിച്ചു കുടിശ്ശിക ഇല്ലെന്നു ഉറപ്പു വരുത്തുക.
വിനിമയ നിരക്കിലുള്ള അധിക ലോൺ അടച്ചു തീർക്കുക
പ്രവാസികൾക്ക് ഇപ്പോൾ ഉയർന്ന വിനിമയ നിരക്കാണ് ലഭിക്കുന്നത്. ഒരു വർഷം മുമ്പെ ഒരു ഒമാനി റിയാലിന് 230 രൂപ ആയിരുന്നത് ഇപ്പോൾ 250 രൂപയോളം വരുന്നുണ്ട്. ഈ അധിക നിരക്ക് നിങ്ങളുടെ വായ്പ ബാധ്യതകൾ നേരത്തെ തീർക്കാൻ ഉപയോഗിക്കുക. കാലാവധി അവസാനം വരെ കാത്തിരിക്കാതെ നേരെത്തെ വായ്പകൾ അടച്ചു തീർക്കുക.
കൂടുതൽ തുക അടക്കാമോ ?
വിദ്യസമ്പന്നരിൽപോലും ആശയക്കുഴപ്പം ഉള്ള ഒരു കാര്യമാണിത്. ബാങ്കുകൾ ദിവസ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുന്നതുകൊണ്ടു അധികമായി അടക്കുന്ന തുക വായ്പയുടെ മുതലിൽ കുറവ് വരുത്തുന്നു. ആയതിനാൽ കൂടുതൽ തുക അടച്ചാൽ പലിശ ഭാരം കുറയുകയും അടക്കുന്ന തുകയിൽ കൂടുതലും മുതലിലേക്കു വരവ് വെക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് വായ്പ പെട്ടെന്ന് തീരും. കഴിയുന്നത്ര കൂടുതൽ തുക തിരിച്ചടക്കുക.
സ്ഥിരനിക്ഷേപകർക്ക് നേട്ടമുണ്ടാകുമോ?
ആർ.ബി.ഐയുടെ നിരക്ക് വർധന സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്താൻ സാധ്യത ഉണ്ട്. ചില ബാങ്കുകൾ ഉടനെ നിരക്ക് വർധിപ്പിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നിരക്ക് വർധന ഉണ്ടാകും. പക്ഷെ ഇത് നിലവിലുള്ള നിക്ഷേപങ്ങൾക്ക് കിട്ടില്ല. പുതിയവക്കും അതുപോലെ നിലവിലുള്ള നിക്ഷേപങ്ങൾ കാലാവധി എത്തുന്ന മുറക്കുമാണ് വർധന ബാധകമാകുന്നത്. എത്രത്തോളം വർധിപ്പിക്കും എന്നത് അതാതു ബാങ്കുകളെ ആശ്രയിച്ചിരിക്കും.
പ്രവാസികൾ, മുതിർന്ന പൗരന്മാർ, പെൻഷൻകാർ , പലിശ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്കെല്ലാം ഈ വർധനവ് ഗുണകരമാണ്.
വായ്പ നിരക്കിലെ ഈ വർധനമൂലം ബിസിനസ് രംഗത്ത് ചെലവേറും. ആത്യന്തികമായി ഈ വർധന ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരും. ആർ.ബി.ഐയുടെ പണ നയത്തിലെ മാറ്റം സൂചിപ്പിക്കുന്നതു നിരക്ക് കുറയുന്ന കാലം ഉടനെ ഇല്ലെന്നാണ്. മറ്റു വിവിധ സാഹചര്യങ്ങൾക്ക് അനുസൃതമായി ഘട്ടംഘട്ടമായി നിരക്ക് കൂട്ടുന്നത് പരിഗണിക്കും എന്ന കാര്യം ശ്രദ്ധേയമാണ്.

