കേരള ബാങ്ക്; ഇനി വഴിയേത്​? ഒളിച്ചുകളി തുടർന്ന്​ റിസർവ്​ ബാങ്ക്​

Kerala-bank-20-7-19.jpg

തൃശൂർ: ഇടതുമുന്നണി സർക്കാറിന്‍റെ അഭിമാന പദ്ധതിയായ കേരള ബാങ്ക്​ രൂപവത്​കരണത്തിനുള്ള സാധ്യതയെക്കുറിച്ച്​ ബാങ്കിങ്​ രംഗത്ത്​ രണ്ടഭിപ്രായം. ജില്ല ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തോട്​ മലപ്പുറം ജില്ല ബാങ്ക്​ വീണ്ടും​ പൊതുയോഗം ചേർന്ന്​ ശക്തമായ വിയോജിപ്പ്​ തുടർന്ന സാഹചര്യത്തിൽ തൽക്കാലം കേരള ബാങ്കിനുള്ള സാധ്യത അടഞ്ഞെന്ന്​ ഒരു കൂട്ടർ പറയു​േമ്പാൾ പദ്ധതിയുമായി മുന്നോട്ട്​ പോകാമെന്നാണ്​ മറ്റൊരു പക്ഷത്തി​​െൻറ വാദം. അതേസമയം, റിസർവ്​ ബാങ്ക്​ ഇക്കാര്യത്തിൽ നിലപാടെടുക്കാതെ ഒളിച്ചുകളി തുടരുകയാണ്​.

പ്രാഥമികം, ജില്ല, സംസ്ഥാനം എന്ന ത്രിതല സഹകരണ ബാങ്കിങ് സംവിധാനത്തിൽ ജില്ല ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ച്​ കേരള ബാങ്കായി പരിവർത്തനം ചെയ്യാനാണ്​ ശ്രമം. കേരളത്തിന്​ പുറമെ പഞ്ചാബിലും ജില്ല-സംസ്ഥാന ബാങ്ക്​ ലയന പ്രക്രിയ നടക്കുന്നുണ്ട്​. കേരളത്തിൽ എൽ.ഡി.എഫ്​ ആസൂത്രണം ചെയ്​ത ഈ പദ്ധതി പക്ഷെ, യു.ഡി.എഫ്​ ശക്തമായി എതിർക്കുകയാണ്​. സംസ്ഥാന ബാങ്കുമായുള്ള ലയനത്തിന്​ 14 ജില്ലാ ബാങ്കി​​െൻറയും പൊതുയോഗം ചേർന്ന്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടെ തീരുമാനമെടുക്കണം എന്നാണ്​ റിസർവ്​ ബാങ്ക്​ വ്യവസ്ഥ ​െവച്ചത്​. എൽ.ഡി.എഫിന്​ ഭൂരിപക്ഷമുള്ള ജില്ല ബാങ്കുകളിൽ അത്​ സാധ്യമായപ്പോൾ മറ്റ്​ ചില ജില്ല ബാങ്കുകളിൽ മൂന്നിൽ രണ്ട്​ എന്നത്​ കേവല ഭൂരിപക്ഷം എന്ന്​ മാറ്റിയാണ്​ സർക്കാർ ഒരടി മുന്നോട്ടുവെച്ചത്​. അപ്പോഴും യു.ഡി.എഫിന്​ മൃഗീയ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല ബാങ്ക്​ ​ൈകയെത്താ ദൂരത്താണ്​.

ജില്ല-സംസ്ഥാന ബാങ്ക്​ സംയോജനത്തിനെതിരെ കോടതിയിൽ കേസുകൾ ഉണ്ടാകരുതെന്നാണ്​ റിസർവ്​ ബാങ്കി​​െൻറ വ്യവസ്ഥകളിൽ ഒന്ന്​. തൃശൂർ, ഇടുക്കി ബാങ്കുകളിലെ മുൻ ഭരണസമിതി ഭാരവാഹികളും മലപ്പുറം ബാങ്ക്​ ഭാരവാഹികളും കേസുമായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​. മൂന്നിൽ രണ്ട്​ ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന്​ റിസർവ്​ ബാങ്കി​​െൻറ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. ഇത്​ രേഖപ്പെടുത്തിയ കോടതി രേഖാമൂലം സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ അത്​ ചെയ്​തിട്ടില്ല. ഈമാസം അഞ്ച്​ വെച്ചിരുന്ന കേസ്​ അടുത്തമാസം അഞ്ചിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇതിനിടെ, കേരള ബാങ്ക്​ രൂപവത്​കരണ പ്രശ്​നത്തിൽ നബാർഡ്​ ചെയർമാ​​െൻറയും റിസർവ്​ ബാങ്ക്​ ഗവർണറുടെയും നിലപാട്​ വ്യക്തമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.ഡി.എഫി​​െൻറ സഹകരണ ജനാധിപത്യ വേദി കോടതിയെ സമീപിച്ചിട്ടുണ്ട്​.

Kerala-bank-2-20-7-19.jpg

ജില്ല ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്നത്​ ചെലവ്​ കുറക്കാനും സാ​ങ്കേതിക സംവിധാനം മെച്ചപ്പെടുത്താനും നല്ലതാണെന്ന്​ അടുത്തിടെ നബാർഡ്​ ചെയർമാൻ ഹർഷ്​ കുമാർ ബൻവാല അടുത്തിടെ പറഞ്ഞിരുന്നു. കേരളത്തിലും പഞ്ചാബിലും ഇൗ ദിശയിൽ നടക്കുന്ന ശ്രമങ്ങൾ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടുകയും ചെയ്​തു. നബാർഡി​​െൻറ ഈ നിലപാട്​ കേരള ബാങ്ക്​ രൂപവത്​കരണ ശ്രമത്തിന് പരോക്ഷമായി​ അനുകൂലമാണെന്ന വ്യാഖ്യാനമുണ്ട്​.

2016 ചിങ്ങം ഒന്നിന്​ കേരള ബാങ്ക്​ നിലവിൽ വരുമെന്നാണ്​ സർക്കാർ പറഞ്ഞിരുന്നത്​. പിന്നീട്​ 2017 ജൂൺ ഒന്നിനെന്നും 2018 ജൂൺ ഒന്നിനെന്നും 2019 ഏപ്രിൽ ഒന്നിനെന്നും പുതിയ തീയതി പ്രഖ്യാപിച്ചു. ജില്ല ബാങ്ക്​ ഭരണസമിതികൾ പിരിച്ചുവിട്ട്​ അഡ്​മിനിസ്​ട്രേറ്റമാരെ നിയമിച്ചിട്ട്​ ​രണ്ട്​ വർഷം കഴിഞ്ഞു. ആറ്​ മാസത്തേക്കും പിന്നീടൊരു ആറു മാസത്തേക്കും മാത്രമേ അഡ്​മിനിസ്​ട്രേറ്റർ ഭരണത്തിന്​ സഹകരണ നിയമം അനുവദിക്കുന്നുള്ളൂ എന്നതിനാൽ ഇപ്പോഴത്തെ നടപടി നിയമ വിരുദ്ധമാണെന്ന്​ തൃശൂർ ജില്ല ബാങ്കി​​െൻറ മുൻ പ്രസിഡൻറ്​ എം.കെ. അബ്​ദുൾ സലാം ചൂണ്ടിക്കാട്ടുന്നു. സഹകരണ നിയമം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനാൽ ഇത്​ ഭരണഘടനാ വിരുദ്ധം കൂടിയാണ്​.

കേരള ബാങ്കിനായി സോഫ്​റ്റ്​വെയറിന്​ ടെൻഡർ ക്ഷണിച്ചിരുന്നു. അപേക്ഷിച്ചതിൽ രണ്ട്​ സ്ഥാപനങ്ങളെ ഷോർട്ട്​ലിസ്​റ്റ്​ ചെയ്യുകയും അതിൽ, ഒമ്പത്​ ജില്ലാ ബാങ്കുകളിലെ സോഫ്​റ്റ്​വെയർ ദാതാവായ കമ്പനിയെ തീരുമാനിക്കുകയും ചെയ്​തെങ്കിലും പിന്നീട്​ അത്​ റദ്ദാക്കി. ഇനി പുതിയ ടെൻഡർ വിളിക്കണം. വായ്​പ, നിക്ഷേപം തുടങ്ങിയ ഉൽപന്നങ്ങള​ുടെയും ബാലൻസ്​ ഷീറ്റി​​െൻറയും ഏകീകരണത്തിനും സമയമെടുക്കും. ഇതെല്ലാം പൂർത്തിയാക്കി ഇടത്​ സർക്കാരി​​െൻറ അവശേഷിക്കുന്ന കാലാവധിക്കകം കേരള ബാങ്ക്​ യാഥാർഥ്യമാക്കാൻ കഴിയില്ലെന്ന്​ അബ്​ദുൾ സലാം പറയുന്നു.

അതേസമയം, വാണിജ്യ ബാങ്കി​​െൻറ ലൈസൻസുള്ള സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കായി പരിവർത്തനം ചെയ്യാൻ പുതിയ ലൈസൻസി​​െൻറ ആവശ്യമില്ലാത്തതിനാൽ റിസർവ്​ ബാങ്ക്​ തടസം നിൽക്കേണ്ട കാര്യമില്ലെന്ന്​ ബാങ്കിങ്​ വിദഗ്​ധനായ വി.കെ. പ്രസാദ്​ പറയുന്നു. ഘടനാപരമായ ചില മാറ്റങ്ങൾ മാത്രമേ വരുത്തുന്നുള്ളൂ. മറ്റു ചില ക്രെഡിറ്റ്​ സഹകരണ സംഘങ്ങളെപ്പോലെ മലപ്പുറം ജില്ലാ ബാങ്കിനെ മറ്റൊരു അസ്​തിത്വമായി പരിഗണിച്ച്​ മാറ്റി നിർത്തി കേരള ബാങ്ക്​ യാഥാർഥ്യമാകുമെന്നാണ്​ അദ്ദേഹത്തി​​െൻറ പക്ഷം. രാഷ്​ട്രീയ കാരണങ്ങളാലല്ലാതെ റിസർവ്​ ബാങ്കിന്​ കേരള ബാങ്കി​​െൻറ രൂപവത്​കരണം തടയാനാവില്ലെന്നും വി.കെ. പ്രസാദ്​ പറഞ്ഞു.

Loading...
COMMENTS