വേറിട്ട ഇൻഷൂറൻസ് പോളിസിയുമായി കമ്പനികൾ; ലക്ഷ്യം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ഇരകൾക്ക് പരിരക്ഷ
text_fieldsമുംബൈ: രാജ്യത്ത് വ്യത്യസ്തമായ ഇൻഷൂറൻസ് പോളിസി പുറത്തിറക്കാൻ ഒരുങ്ങി സ്വകാര്യ കമ്പനികളും ബാങ്കുകളും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നവർക്ക് പരിരക്ഷ നൽകുന്ന ഇൻഷൂറൻസ് പോളിസിയാണ് തയാറാക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം വരുന്നവർക്ക് പരിരക്ഷ നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇൻഷൂറൻസ് പ്ലാൻ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചർച്ചകൾക്ക് ബാങ്കുകളും ഇൻഷൂറൻസ് കമ്പനികളും തുടക്കം കുറിച്ചു. താങ്ങാവുന്ന പ്രീമിയം വാങ്ങി സാമ്പത്തിക തട്ടിപ്പിന്റെ ആഘാതം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാനസിക സമ്മർദ്ദത്തെ തുടർന്ന് പണം കൈമാറുന്ന ഇരകൾക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് കമ്പനികളും ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റിയും ചർച്ച തുടങ്ങിയെന്ന് പ്രുഡന്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സിന്റെ പ്രസിഡന്റ് തനുജ് ഗുലാനി പറഞ്ഞു. നേരിട്ടോ അടുപ്പമുള്ളവർ വഴിയോ ആണ് വ്യക്തികൾ പലപ്പോഴും സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നത്. സാമ്പത്തിക തട്ടിപ്പ് തടയുന്ന ഇൻഷൂറൻസ് പോളിസികൾ രാജ്യത്ത് നിലവിലില്ല. എല്ലാ ഇൻഷുറൻസ് പോളിസികളും സാമ്പത്തിക തട്ടിപ്പ് നടന്നശേഷം മാത്രമേ പണം നൽകുകയുള്ളൂ. മാത്രമല്ല, ഡിജിറ്റൽ അറസ്റ്റ് പോലുള്ള ഭീഷണികൾ കാരണം നടത്തുന്ന ഇടപാടുകൾ പല സൈബർ ഇൻഷൂറൻസ് പോളിസികളുടെയും കവറേജിൽ ഉൾപ്പെടില്ല. പോളിസി ഉടമ മനഃപൂർവ്വമോ, അശ്രദ്ധമായോ നടത്തിയ പ്രവൃത്തികൾ സാധാരണയായി ഇൻഷൂറൻസ് കവറേജിന് യോഗ്യമല്ലെന്നതാണ് അതിന്റെ കാരണം. എന്നാൽ, ഡിജിറ്റൽ അറസ്റ്റിലൂടെ ഉപഭോക്താക്കൾ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഇൻഷൂറൻസ് പോളിസി പുറത്തിറക്കാൻ അധികൃതർ ആലോചിക്കുകയായിരുന്നു.
2021 എപ്രിൽ മുതൽ കഴിഞ്ഞ വർഷം നവംബർ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 52,969 കോടി രൂപയാണ്. 54,000 കോടി രൂപയിലധികം വരുന്ന ഡിജിറ്റൽ തട്ടിപ്പ് കേസുകളെ കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ‘കൊള്ള’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കണമെന്നും നിർദേശിച്ചു. യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴി തട്ടിപ്പിനിരയാകുകയാണെങ്കിൽ ഉടനടി ഇടപാട് റദ്ദാക്കാൻ കഴിയുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കഴിയുമോയെന്ന് പഠിക്കാൻ കേന്ദ്ര സർക്കാർ ഒരു വകുപ്പ് തല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ഡിജിറ്റൽ തട്ടിപ്പിലൂടെ ഉണ്ടാകുന്ന ചെറിയ നഷ്ടങ്ങൾക്ക് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

