ഭവനവായ്പ ധനകാര്യ രംഗത്ത് വീണ്ടും അപായമണി

  • ഐ.എൽ.എഫ്.എസിനു പിന്നാലെ ഡി.എച്ച്.എഫ്.എല്ലും പ്രതിസന്ധിയിലേക്ക്

16:04 PM
23/07/2019
Home-Loan

മാസങ്ങളുടെ ഇടവേളക്കുശേഷം ഭവനവായ്പ ധനകാര്യരംഗത്ത് വീണ്ടും അപായമണി. രാജ്യത്തെ നാലാമത്തെ ഭവനവായ്പ ധനകാര്യ സ്ഥാപനമായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇത്. മറ്റൊരു പ്രമുഖ ഭവന വായ്പാ ധനകാര്യ സ്ഥാപനമായ ഇൻഫ്ര സ്ട്രക്​ചർ ലീസിങ്​ ആൻഡ് ഫിനാൻസ് സർവിസി​​െൻറ (ഐ.എൽ.എഫ്.എസ്) പ്രതിസന്ധി സൃഷ്​ടിച്ച ആശങ്കകൾക്ക് ഇടയിലൂടെ ധനകാര്യ രംഗം കടന്നുപോകവെയാണ് ഈ രംഗത്തെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനം കൂടി പ്രതിസന്ധിയുടെ കണക്കുകൾ പുറത്തുവിട്ടത്. 2017-18 സാമ്പത്തിക വർഷം 134.35 കോടി രൂപ ലാഭം കാണിച്ച കമ്പനിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം 2223 കോടി രൂപയുടെ നഷ്​ടത്തിലേക്ക് കൂപ്പുകുത്തിയത്. ഒരു മാസത്തോളം പിടിച്ചു​െവച്ചശേഷമാണ് ബാലൻസ് ഷീറ്റ് പുറത്തുവിട്ടതും.

തങ്ങളുടെ വരുമാനവും വായ്പകളുടെ ഉപയോഗവും ക്രമീകരിക്കുന്ന കാര്യത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. മൊത്തം 1.04 ലക്ഷം കോടിയുടെ ധനകാര്യ ആസ്​തിയുള്ള കമ്പനിയിൽ 35,000 കോടിയുടെ വായ്പയുടെ കാര്യത്തിലാണ് പ്രതിസന്ധി. ഐ.എൽ.എഫ്.എസ് ആകട്ടെ തങ്ങളുടെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം കാണുന്നതിനായി 28 നിലയുള്ള രണ്ട് ടവറുകൾ വിൽപന നടത്തുന്നതിനുള്ള ഒരുക്കത്തിലുമാണ്. ഗുജറാത്ത് ഇൻറർനാഷനൽ ഫിനാൻസ് ടെക് സിറ്റിയിലെ ഗിഫ്റ്റ് 1, ഗിഫ്റ്റ് 2 ടവറുകൾ വിൽപന നടത്തി 480 കോടി രൂപ സമാഹരിക്കാനാണ്​ ഒരുക്കം.

റിയൽ എസ്​റ്റേറ്റ് മേഖലയിലും ആശങ്കകൾ 
ഐ.എൽ.എഫ്.എസ് പ്രതിസന്ധിക്ക് പിന്നാലെ ഡി.എച്ച്.എഫ്.എൽ കൂടി കുഴപ്പത്തിലായതോടെ റിയൽ എസ്​റ്റേറ്റ് രംഗത്ത് ആശങ്കകൾ കനക്കുകയാണ്. നേരത്തേ തന്നെ വായ്പ പ്രതിസന്ധി റിയൽ എസ്​റ്റേറ്റ് രംഗത്ത് ഉറക്കം കെടുത്തിയിരുന്നു. അതോടൊപ്പം അപ്പാർട്ട്മ​െൻറുകളുടെയും വില്ലകളുടെയും വിൽപനയിൽ ഉണ്ടായ കുറവ് ആശങ്കകൾക്ക് ആക്കം കൂട്ടി.

ഐ.എൽ.എഫ്.എസ് പ്രതിസന്ധിയെ തുടർന്നു ഒരുവർഷമായി വായ്പ ലഭ്യത സാധ്യതയിൽ വൻതോതിൽ ഇടിവ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. രണ്ടു വർഷത്തിനിടെ വായ്പ ലഭ്യതയുമായി ബന്ധപ്പെട്ട ചെലവുകൾ നാലു ശതമാനം വർധിച്ചു എന്നാണ് നിർമാണ രംഗത്ത്  പ്രവർത്തിക്കുന്നവർ വിശദീകരിക്കുന്നത്. ഇതോടൊപ്പം, ഈ രംഗത്ത് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആയതോടെ അനുവദിച്ച വായ്പ യഥാസമയം ലഭ്യമാകാത്ത പ്രശ്നവുമുണ്ട്. മാത്രമല്ല, ധനപ്രതിസന്ധി മറച്ചുവെക്കുന്നതിനായി പല ധനകാര്യസ്ഥാപനങ്ങളും അപേക്ഷയുടെ പ്രോസസിങ്​ ടൈം അനിശ്ചിതമായി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൊത്തം നിർമാണ ബജറ്റിനെ ബാധിക്കുന്നതായി ബിൽഡർമാർ പരാതിപ്പെടുകയും ചെയ്യുന്നു.

ഇതോടൊപ്പം, രാജ്യത്ത് മൊത്തം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി, നിർമാണം പൂർത്തിയാക്കിയ അപ്പാർട്ട്മ​െൻറുകളും മറ്റും കൈമാറുന്നതിനെയും ബാധിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത ഇടപാടുകാർ തന്നെ പലപ്പോഴും പൂർണതോതിൽ പണമടച്ച് ഭവന യൂനിറ്റുകൾ ഏറ്റെടുക്കുന്നതിനും മടി കാണിക്കുകയാണ്. ഇത് കാരണം വായ്പ തിരിച്ചടവ് മുടങ്ങുന്നത് നിർമാണ കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതോടെ, വായ്പാ സാധ്യത അടയുകയും ചെയ്യും. ഈ സ്ഥിതി തുടരുകയാണെങ്കിൽ നാലുവർഷം കൊണ്ട് ചെറുകിട ബിൽഡർമാർ രംഗം വിടേണ്ടിവരുമെന്നാണ്​ ആശങ്ക.

ഇടപാടുകാരുടെ അവകാശവും കോടതി കയറി
നിർമാണ കമ്പനികൾ പലതും വാക്ക് പാലിക്കുന്നതിൽ അനിശ്ചിതത്വം വരുത്തിയതോടെ ഭവന യൂനിറ്റുകൾക്ക് പണം മുടക്കിയവർ കുഴപ്പത്തിലായിരുന്നു. ഫ്ലാറ്റിനും വില്ലക്കും ഒക്കെ കമ്പനികൾ ആവശ്യപ്പെടുന്ന പണം നൽകിയ ശേഷവും വർഷങ്ങളോളം നിർമാണ കമ്പനികളുടെ ഓഫിസിൽ കയറി ഇറങ്ങി മടുത്തവർ ഒടുവിൽ കോടതികളെ സമീപിച്ചിരുന്നു. 

ഇത്തരം കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന്​ കേന്ദ്ര സർക്കാറും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്നാണ് നിക്ഷേപകർക്കും ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡി​​െൻറ സെക്​ഷൻ ഏഴ് അനുസരിച്ചുള്ള സുരക്ഷാ പരിഗണന നൽകിയത്. ഈ ചട്ടം അനുസരിച്ച്  നിശ്ചിത സമയത്തിനകം നിർമാണം പൂർത്തിയാക്കി യൂനിറ്റുകൾ കൈമാറിയില്ലെങ്കിൽ നിർമാണ കമ്പനികൾ കടുത്ത നടപടികൾ നേരിടേണ്ടിവരും. ഇതിനെതിരെ നിർമാണ കമ്പനികൾ കോടതിയെ സമീപിച്ചു. നൂറോളം ഹരജികളാണ് സുപ്രീംകോടതിയിലെത്തിയത്. 

നിർമാണ കമ്പനികൾ വാക്കുപാലിച്ചില്ലെങ്കിൽ നിക്ഷേപകർക്ക് സമീപിക്കുന്നതിനാണ് റിയൽ എസ്​റ്റേറ്റ് ​െറഗുലേറ്ററി അതോറിറ്റിയും അപ്പലേറ്റ്  ​ട്രൈബ്യൂണലുമൊക്കെ ഉള്ളതെന്നും അത്തരം സംവിധാനങ്ങൾ നിലവിലുള്ള സ്ഥിതിക്ക് പുതിയ നിയമപരിരക്ഷ അനാവശ്യമാണ് എന്ന വാദവുമായാണ് ബിൽഡർമാർ കോടതിയെ സമീപിച്ചത്. അതേസമയം, രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇനിയും റിയൽ എസ്​റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവിൽ വന്നിട്ടില്ല എന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ചില സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരെ ചുമതല ഏൽപിച്ച്​ കടമ കഴിക്കുക മാത്രമാണ് ചെയ്തതെന്നും വാദമുയർന്നു.  

നിർമാതാക്കളുടെ ഹരജിക്കെതിരെ മുന്നൂറോളം നിക്ഷേപകരാണ് സുപ്രീംകോടതിയിലെത്തിയത്. ഇതേതുടർന്ന് രാജ്യത്ത് എത്ര സംസ്ഥാനങ്ങൾ ഫലപ്രദമായി റിയൽ എസ്​റ്റേറ്റ് ​െറഗുലേറ്ററി അതോറിറ്റി സംവിധാനം നടപ്പാക്കി എന്നതി​​െൻറ വിശദാംശങ്ങൾ നൽകുന്നതിന് സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയിരിക്കുകയാണ്. ജൂലൈ 23 ഈ കേസ് വീണ്ടും രാജ്യത്തെ പരമോന്നത കോടതിയിൽ എത്തും.

Loading...
COMMENTS