Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇനി ഹൈബ്രിഡ് എ.ടി.എം;...

ഇനി ഹൈബ്രിഡ് എ.ടി.എം; 10, 20, 50 രൂപ നോട്ടുകളും നാണയങ്ങളും പിൻവലിക്കാം

text_fields
bookmark_border
ഇനി ഹൈബ്രിഡ് എ.ടി.എം; 10, 20, 50 രൂപ നോട്ടുകളും നാണയങ്ങളും പിൻവലിക്കാം
cancel

മുംബൈ: കുറഞ്ഞ തുകയുടെ കറൻസികളും നാണയങ്ങളും വ്യാപകമാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നോട്ട് നിരോധിച്ച് പത്ത് വർഷം പൂർത്തിയാകാനിരിക്കെ ദൈനംദിന പണമിടപാടുകൾക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് നീക്കം. 10, 20, 50 തുടങ്ങിയ തുകയുടെ നോട്ടുകൾ ബാങ്ക് എ.ടി.എമ്മുകളിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. ​വലിയ തുകയുടെ നോട്ട് നൽകി ചെറിയ തുകയുടെ നോട്ടുകളും നാണയങ്ങളും പിൻവലിക്കാൻ പുതിയ എ.ടി.എമ്മിലൂടെ കഴിയും. ഉദാഹരണത്തിന് 500 രൂപയുടെ നോട്ട് നൽകിയാൽ 10 രൂപയുടെ 50 നോട്ടുകൾ എ.ടി.എമ്മിലൂടെ പിൻവലിക്കാം. ഇതിനായി പുതിയ ‘ഹൈബ്രിഡ് എ.ടി.എം’ സ്ഥാപിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.

എ.ടി.എമ്മിലൂടെ ചെറിയ തുകയുടെ നോട്ടുകൾ പിൻവലിക്കുന്ന പദ്ധതി നിലവിൽ മുംബൈയിൽ പരീക്ഷണത്തിലാണ്. ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈബ്രിഡ് എ.ടി.എം മോഡൽ പരീക്ഷിക്കുന്നത്.

മുംബൈയിലെ പരീക്ഷണം അവലോകനം ചെയ്യുകയും ആർ.ബി.‌ഐയുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്ത ശേഷം വരും ആഴ്ചകളിൽ കൂടുതൽ ഹൈബ്രിഡ് എ.ടി.എമ്മുകൾ രാജ്യവ്യാപകമായി സ്ഥാപിക്കും. മാർക്കറ്റ്, ആശുപത്രി, സർക്കാർ ഓഫിസ് തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഹൈബ്രിഡ് എ.ടി.എമ്മുകൾ സ്ഥാപിക്കുക. സാധാരണ പണം അക്കൗണ്ടിൽ നിക്ഷേപിക്കുക, പിൻവലിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം നാണയങ്ങളും നൽകുമെന്നതാണ് ഹൈബ്രിഡ് എ.ടി.എമ്മുകളുടെ പ്രത്യേകത. ഒറ്റ ഇടപാടിലൂടെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ ചെറിയ നോട്ടുകളും നാണയങ്ങളുമാക്കി മാറ്റാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പദ്ധതിയെ കുറിച്ച് സർക്കാറോ റിസർവ് ബാങ്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

പല ചരക്ക് കടകളിലും മറ്റ് പല സ്ഥാപനങ്ങളിലും ഇടപാടുകൾ നടത്തുമ്പോൾ ചില്ലറക്ക് പൊതുജനം ക്ഷാമം നേരിടുന്നുണ്ട്. 500 രൂപയുടെ നോട്ടിന് ചില്ലറ നൽകാനില്ലാത്തതിനാൽ ഇടപാട് റദ്ദാക്കുകയോ വില കുറച്ച് നൽകുകയോ ചെയ്യേണ്ടി വരുന്നതായാണ് ആക്ഷേപം. പണം നേരിട്ട് നൽകി ഇടപാട് നടത്തുന്ന ലക്ഷക്കണക്കിന് ആളുക​ളെ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂലിപ്പണിക്കാർക്കും ചെറുകിട വ്യാപാരികൾക്കും ബസ് യാത്രക്കാർക്കും അടക്കം പണം നേരിട്ട് നൽകി ഇടപാട് നടത്തുന്നവർക്ക് ചില്ലറ നോട്ടുകൾ വളരെ അത്യാവശ്യമാണെന്നും രഹസ്യ വൃത്തങ്ങൾ പറഞ്ഞു. ഡിജിറ്റൽ പണമിടപാട് നടത്താൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ വ്യാപകമായി ലഭ്യമല്ലാത്തതിനാൽ ഗ്രാമീണ മേഖലകളിൽ ചെറിയ തുകയുടെ നോട്ടുകളാണ് ഏറ്റവും വലിയ സഹായമെന്ന് ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ച് ചീഫ് എകണോമിസ്റ്റ് ദേവേന്ദ്ര പാന്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitizationstock marketsBusiness NewsBanking newsATM Withdrawl
News Summary - Govt plans Hybrid ATMs for small change
Next Story