ഒക്ടോബർ 1 മുതൽ പുതിയ എഫ്.ഡി നിയന്ത്രണങ്ങൾ: ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
text_fieldsവലിയ തുകകളുടെ നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമങ്ങൾ കൊണ്ടുവരുകയാണ്. ഇതനുസരിച്ച് ബാങ്കുകൾ ഇത്തരം നിക്ഷേപങ്ങൾക്ക് നൽകുന്ന ആദായ നിരക്കുകൾ എല്ലാ പ്രവൃത്തിദിനങ്ങളിലും തങ്ങളുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 10 മണിക്ക് മുമ്പായി ഈ നിരക്കുകൾ പ്രസിദ്ധീകരിക്കണമെന്നാണ് റൂൾ. ഇതിൽ മാറ്റങ്ങളോ തിരുത്തലുകളോ വരുത്താൻ 10 മിനിറ്റ് സമയം അനുവദിക്കും. ബാങ്ക് മുൻകൂട്ടി വെളിപ്പെടുത്തുന്ന അതേ ആദായ നിരക്ക് തന്നെയായിരിക്കും അന്നേദിവസം സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകുന്നത്. പുതിയ നിയമം ഒക്ടോബർ 1 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വലിയ തുകകളുടെ സ്ഥിരനിക്ഷേപങ്ങളുടെ ആദായ നിർണ്ണയം കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഇത് പ്രധാനമായും വലിയ തുക നിക്ഷേപിക്കുന്നവരെയാണ് ബാധിക്കുന്നത്.
ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:
വലിയ നിക്ഷേപങ്ങൾ: സാധാരണയായി 3 കോടി രൂപയോ അതിൽ കൂടുതലോ വരുന്ന ടേം ഡിപ്പോസിറ്റുകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 1 മുതൽ, ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ബാങ്കിന്റെ വെബ്‌സൈറ്റിലെ അന്നത്തെ ആദായ നിരക്ക് ഉപഭോക്താക്കൾ പരിശോധിക്കേണ്ടതാണ്.
ഒരേദിവസം ഒരേ നിരക്ക്: പുതിയ നിയമപ്രകാരം, ഒരേദിവസം ബാങ്ക് സ്വീകരിക്കുന്ന സമാനമായ വലിയ നിക്ഷേപങ്ങൾക്ക് ഒരേ പലിശനിരക്കായിരിക്കും ലഭിക്കുക. അതായത്, ഒരു ഉപഭോക്താവ് ബാങ്കിന്റെ വേറൊരു ശാഖയോ ഓൺലൈൻ മാധ്യമങ്ങളോ ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം പലിശനിരക്കിൽ മാറ്റമുണ്ടാകില്ല.
സുതാര്യമായ താരതമ്യം: വലിയ തുക നിക്ഷേപിക്കുന്നവർക്ക് ആദായനിരക്കുകൾ വ്യക്തമായി താരതമ്യം ചെയ്യാനും, പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാനും ഇത് സഹായിക്കും.
എൽ.സി.ആർ ഇളവുകൾ: ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ചട്ടക്കൂടിന് കീഴിൽ നിക്ഷേപങ്ങളുടെ ലിക്വിഡിറ്റി സവിശേഷതകൾ വ്യത്യസ്തമാണെങ്കിൽ ബാങ്കുകൾക്ക് വ്യത്യസ്ത നിരക്കുകൾ നൽകാൻ അനുവാദമുണ്ട്.
ചെറുകിട നിക്ഷേപകർക്ക് ബാധകമല്ല: 1 ലക്ഷം, 2 ലക്ഷം അല്ലെങ്കിൽ 5 ലക്ഷം രൂപ വരെയൊക്കെ നിക്ഷേപിക്കുന്ന ചെറുകിട നിക്ഷേപകർ എല്ലാ ദിവസവും രാവിലെ ബാങ്കിന്റെ ബൾക്ക് ഡിപ്പോസിറ്റ് നിരക്കുകൾ പരിശോധിക്കേണ്ടതില്ല. ഈ സംവിധാനം വലിയ നിക്ഷേപകർക്ക് മാത്രമുള്ളതാണ്.
വലിയ തുക നിക്ഷേപിക്കുന്നവർ ദിവസവും രാവിലെ വെബ്‌സൈറ്റിലെ ആദായനിരക്കുകൾ പരിശോധിക്കുന്നതും, ഭാവി ആവശ്യങ്ങൾക്കായി അതിന്റെ സ്ക്രീൻഷോട്ട് എടുത്തു സൂക്ഷിക്കുന്നതും നന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

