ഫെഡറൽ ബാങ്കിന് റെക്കോർഡ് ലാഭം; രണ്ടാം പാദത്തിൽ 1,386 കോടി രൂപ അറ്റാദായം
text_fieldsബംഗളൂരു: 2026 - 2027 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. രണ്ടാം പാദത്തിൽ അറ്റാദായം 45.1 ശതമാനം ഉയർന്ന് 1,386 കോടി രൂപയായി. ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭമാണ്. കോർ വരുമാനത്തിലെ ശക്തമായ വളർച്ച, ഉയർന്ന ഫീസ് വരുമാനം, ആസ്തി ഗുണനിലവാരത്തിലെ പുരോഗതി എന്നിവയാണ് നേട്ടത്തിലേക്ക് നയിച്ചത്.
അറ്റ പലിശ വരുമാനം 26.4 ശതമാനം ഉയർന്ന് 3,153 കോടി രൂപയായിട്ടുണ്ട്. പ്രവർത്തന ലാഭം 35.35 ശതമാനം വർധിച്ച് 2,225.37 കോടി രൂപയായി. മറ്റ് വരുമാനം റെക്കോർഡായ 1,490 കോടി രൂപയിലെത്തിയപ്പോൾ ഫീസ് വരുമാനം 32 ശതമാനം വർധിച്ചു. ചെലവ് - വരുമാന അനുപാതം 196 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 52.08 ശതമാനമായി ഉയർന്നിട്ടുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ മൊത്തം ബിസിനസിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൊത്തം ബിസിനസ് 20.1 ശതമാനം വളർച്ച നേടി 6.4 ലക്ഷം കോടി രൂപ കടന്നു. കൂടാതെ, മൊത്തം നിക്ഷേപം 19 ശതമാനം ഉയർന്ന് 3.43 ലക്ഷം കോടി രൂപയായപ്പോൾ മൊത്തം വായ്പ 3.01 ലക്ഷം കോടി രൂപയുമായി.
കറന്റ് അക്കൗണ്ട് ആൻഡ് സേവിങ്സ് അക്കൗണ്ട് (സി.എ.എസ്.എ) നിക്ഷേപം 22.56 വളർച്ച കൈവരിച്ച് 1.09 ലക്ഷം കോടി രൂപയിലെത്തി. അതേസമയം, സി.എ.എസ്.എ അനുപാതം 103 ബേസിസ് പോയിന്റ് വർധിച്ച് 32.04 ശതമാനമായി ഉയർന്നു.
ആസ്തി നിലവാരം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻ.പി.എ) 1.83 ശതമാനത്തിൽ നിന്ന് 1.32 ശതമാനമായപ്പോൾ അറ്റ എൻ.പി.എ 0.48 ശതമാനത്തിൽ നിന്ന് 0.17 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതേസമയം, പുതിയ കിട്ടാക്കടം 27.48 ശതമാനം കുറഞ്ഞ് 420 കോടിയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

