ഡെബിറ്റ് കാർഡുകൾ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്നു
text_fieldsന്യൂഡൽഹി: ഒരു കാലത്ത് ഷോപ്പിങ്ങിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഡെബിറ്റ് കാർഡുകൾ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്നു. അത്യാവശമായ എ.ടി.എം പണം പിൻവലിക്കലിനും ഇടയ്ക്ക് എപ്പോഴെങ്കിലും കടകകളിൽനിന്ന് സാധനങ്ങൾ വാങ്ങാനും മാത്രമാണ് ഡെബിറ്റ് കാർഡുകൾ നിലവിൽ ഉപയോഗിക്കുന്നത്. ഡെബിറ്റ് കാർഡുകൾക്ക് പകരം യു.പി.ഐയും ക്രെഡിറ്റ് കാർഡുകളും ഉപഭോക്താക്കളുടെ നിത്യജീവിതത്തിന്റെ ഭാഗമായെന്നാണ് റിപ്പോർട്ട്.
നിലവിൽ 100 കോടിയോളം ഡെബിറ്റ് കാർഡുകളാണ് രാജ്യത്തെ ഉപഭോക്താക്കളുടെ കീശയിലുള്ളത്. എന്നാൽ, ഈ കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാട് കുറയുന്നതായാണ് കണക്ക്.
മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പം സാമ്പത്തിക ഇടപാട് നടത്താൻ കഴിയുന്ന യു.പി.ഐ വന്നതോടെയാണ് ഡെബിറ്റ് കാർഡുകൾ ഉപയോഗം കുറഞ്ഞത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വർഷം എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്. പേയ്മെന്റ് ആൻഡ് ട്രാൻസാക്ഷണൽ സർവിസസ് കമ്പനിയായ വേൾഡ് ലൈൻ ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്.
യു.പി.ഐയുടെ ശരാശരി ഇടപാട് തുകയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കുറവ് വന്നത് ഏറെ ശ്രദ്ധേയാണ്. 1478 രൂപയിൽനിന്ന് 1348 രൂപയിലേക്കാണ് ശരാശരി തുക കുറഞ്ഞത്. ചെറിയ ഇടപാടുകൾക്കും ബില്ലുകൾ അടക്കാനും യു.പി.ഐ ഉപയോഗം കൂടിവരുന്നുവെന്നതിന്റെ സൂചനയാണിത്. അതിവേഗം ഇടപാട് നടത്താനുള്ള സൗകര്യവും ചെലവില്ലാത്തതുമാണ് യു.പി.ഐയെ ജനപ്രിയമാക്കിയത്. അതേസമയം, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഏറെ സമയം നഷ്ടപ്പെടുത്തുമെന്നത് പലരെയും പിന്തിരിപ്പിക്കുകയാണ്.
10,640 കോടി അതായത് 143.3 ലക്ഷം കോടി രൂപയുടെ ഇടപാടോടെ യു.പി.ഐ 35 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. അതേസമയം, കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടിൽ 25 (130 കോടി) ശതമാനം വർധനയുണ്ടായപ്പോൾ ഡെബിറ്റ് ഇടപാടിൽ 24 ശതമാനത്തിന്റെ (516 ദശലക്ഷം) ഇടിവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

