Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെപ്റ്റംബറിൽ ക്രെഡിറ്റ് കാർഡ് ചെലവഴിക്കലിൽ 5.9% ഇടിവ്; 2021ന് ശേഷമുള്ള ആദ്യ വാർഷിക ഇടിവ്

text_fields
bookmark_border
സെപ്റ്റംബറിൽ ക്രെഡിറ്റ് കാർഡ് ചെലവഴിക്കലിൽ 5.9% ഇടിവ്; 2021ന് ശേഷമുള്ള ആദ്യ വാർഷിക ഇടിവ്
cancel

കഴിഞ്ഞ വർഷത്തെ ഉയർന്ന അടിസ്ഥാന നിരക്ക് വളർച്ചയെ ബാധിച്ചതിനെ തുടർന്ന് ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ സെപ്റ്റംബറിൽ വാർഷികാടിസ്ഥാനത്തിൽ 5.9 ശതമാനം കുറഞ്ഞ് 2.04 ലക്ഷം കോടി രൂപയായി. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ വാർഷിക ഇടിവാണിത്. എങ്കിലും, ഉത്സവകാല വാങ്ങലുകൾ സജീവമാകുന്നതോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ ചെലവഴിക്കൽ വീണ്ടും പുനരുജ്ജീവിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

കെയർഎഡ്ജ് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ജി.എസ്.ടി നിരക്കുകളിലെ കുറവും ഉത്സവകാല ഷോപ്പിങ്ങിന്‍റെ നേരത്തെയുള്ള തുടക്കവും കാരണം 2025 സെപ്റ്റംബറിൽ ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ വൻതോതിൽ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെ പ്രഖ്യാപിച്ച ജി.എസ്.ടി കൗൺസിലിന്‍റെ നിരക്ക് പരിഷ്കരണം ഉത്സവകാലവുമായി ഒത്തു വന്നതോടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ 2.17 ട്രില്യൺ രൂപയായി ഉയർന്നിരുന്നു.

2024 സെപ്റ്റംബറിനെ അപേക്ഷിച്ച് 2025 സെപ്റ്റംബറിലെ ചെലവഴിക്കൽ ഏകദേശം 23 ശതമാനവും, 2025 ആഗസ്റ്റിനേക്കാൾ 13.3 ശതമാനവും വർധിച്ചിരുന്നു. എന്നാൽ ഈ വർഷം, ഉത്സവ വില്പനകൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഉത്സവകാല വാങ്ങലുകളുടെ വലിയൊരു പങ്ക് ഈ മാസത്തേക്ക് മാറുകയാണ് ചെയ്തത്.

ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ സെപ്റ്റംബറിൽ വാർഷികാടിസ്ഥാനത്തിൽ 12.5 ശതമാനം കുറഞ്ഞ് 1.26 ട്രില്യൺ രൂപയായി. മുൻവർഷം ഇതേ കാലയളവിൽ ഇത് 1.44 ട്രില്യൺ രൂപയായിരുന്നു. എന്നാൽ ഇതിന് വിപരീതമായി, പോയിന്‍റ് ഓഫ് സെയിൽ ഇടപാടുകൾ 72,543.89 കോടി രൂപയിൽ നിന്ന് 7.18 ശതമാനം വർധിച്ച് 77,751.47 കോടി രൂപയായി.

പ്രധാന ക്രെഡിറ്റ് കാർഡ് വിതരണക്കാരിൽ, എച്ച്.ഡി.എഫ്.സി ബാങ്ക് വാർഷിക ചെലവഴിക്കലിൽ 7.52 ശതമാനം വർധനവോടെ 65,139.72 കോടി രൂപ രേഖപ്പെടുത്തി. മുൻ മാസത്തെ അപേക്ഷിച്ച് (M-o-M) 6.22 ശതമാനം വർധനവും ബാങ്ക് നേടി. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ്-എലോൺ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്.ബി.ഐ കാർഡ്, ചെലവഴിക്കലിൽ 14.09 ശതമാനം വാർഷിക ഇടിവോടെ 34,895 കോടി രൂപ രേഖപ്പെടുത്തി. ഇവരുടെ പ്രതിമാസ ചെലവഴിക്കലിൽ ഏകദേശം 1.2 ശതമാനത്തിന്‍റെ കുറവുണ്ടായി.

ഐ.സി.ഐ.സി.ഐ ബാങ്കിൽ കൂടുതൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ വാർഷികാടിസ്ഥാനത്തിൽ 26.26 ശതമാനവും പ്രതിമാസാടിസ്ഥാനത്തിൽ 4.4 ശതമാനവും കുറഞ്ഞ് 30,911.48 കോടി രൂപയായി. ആക്സിസ് ബാങ്ക് 11 ശതമാനം വാർഷിക ഇടിവോടെ 23,148.67 കോടി രൂപ രേഖപ്പെടുത്തിയെങ്കിലും, ആഗസ്റ്റിനെ അപേക്ഷിച്ച് ചെലവഴിക്കൽ 1.95 ശതമാനം വർധിച്ചു.

മൊത്തത്തിലുള്ള ചെലവഴിക്കലിൽ കുറവുണ്ടായെങ്കിലും, പുതിയ ക്രെഡിറ്റ് കാർഡുകളുടെ വിതരണം ഉയർന്നുതന്നെ തുടർന്നു. വിപണിയിലുള്ള മൊത്തം ക്രെഡിറ്റ് കാർഡുകളുടെ എണ്ണം സെപ്റ്റംബറിൽ 125.31 മില്യണായി (12.53 കോടി) ഉയർന്നു. ഉത്സവ സീസണിന് മുന്നോടിയായി പ്രമുഖ ബാങ്കുകളെല്ലാം തങ്ങളുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചു.

സെപ്റ്റംബർ മാസത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് 280,353 കാർഡുകൾ പുതുതായി നൽകിയതോടെ മൊത്തം കാർഡുകളുടെ എണ്ണം 27.37 മില്യണിലെത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് 29,621 കാർഡുകൾ കൂട്ടിച്ചേർത്ത് 19.86 മില്യണിലും, എസ്.ബി.ഐ കാർഡ് 208,026 കാർഡുകൾ നൽകി മൊത്തം 23.16 മില്യണിലും എത്തി. ആക്സിസ് ബാങ്ക് 259,525 കാർഡുകൾ നൽകിയതോടെ മൊത്തം കാർഡുകളുടെ എണ്ണം 16.55 മില്യണായി.

മൊത്തത്തിൽ, പുതിയ കാർഡുകൾ നൽകുന്നതിലെ പ്രതിമാസ വളർച്ച വാർഷികാടിസ്ഥാനത്തിൽ 10.5 ശതമാനം വർധിച്ചു. 2024 നവംബറിന് ശേഷമുള്ള ഏറ്റവും വേഗമേറിയ വളർച്ചാ നിരക്കാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Credit card spending drops 5.9% in September
Next Story