വ്യാജ സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാം? മൂന്ന് നുറുങ്ങുവഴികളിതാ
text_fieldsപ്രതീകാത്മക ചിത്രം
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്ന ലളിത സന്ദേശങ്ങൾ പലപ്പോഴും നമ്മളെ കെണിയിൽ അകപ്പെടുത്താറുണ്ട്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ, ഭാഷ, അയച്ചയാൾ എന്നിവ എങ്ങനെ പരിശോധിക്കണമെന്ന് അറിയുന്നത് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ നമ്മളെ സഹായിക്കും. ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപെടാനും വ്യാജ സന്ദേശങ്ങളെ തിരിച്ചറിയാനുമുള്ള വഴികൾ അറിയാം.
അടിയന്തിര സന്ദേശങ്ങളിൽ പരിഭ്രാന്തരാവാതിരിക്കുക
'നിങ്ങളുടെ കെ.വൈ.സി കാലഹരണപ്പെട്ടു', 'നിങ്ങളുടെ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യപ്പെടും', 'നിങ്ങളുടെ ഡെബിറ്റ് കാർഡ് സസ്പെൻഡ് ചെയ്യപ്പെടും' എന്നീ സന്ദേശങ്ങൾ ഉപയോക്താക്കളെ ആലോചിക്കാതെ പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഫിഷിങ് തന്ത്രമാണ്. കൂടാതെ, വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ നേടുന്നതിന് തട്ടിപ്പുകാർ ബാങ്കുകളെയും മറ്റ് വിശ്വസനീയ സ്ഥാപനങ്ങളെയും അനുകരിക്കാറുണ്ട്. അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്നതോ സെൻസിറ്റീവ് വിവരങ്ങൾ ആവശ്യപ്പെടുന്നതോ ആയ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം (സി.ഇ.ആർ.ടി - ഇൻ) ഉപയോക്താക്കളെ നിർദേശിക്കുന്നുണ്ട്.
ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക, സന്ദേശങ്ങളിലെ നമ്പറുകളിൽ വിളിക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി. പകരം ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വിവരങ്ങൾ നേരിട്ട് പരിശോധിക്കുക.
അയച്ചയാളെയും ലിങ്കും കൃത്യമായി പരിശോധിക്കുക
പരിചിതമായി തോന്നുന്ന പേരുകളിലുള്ള സന്ദേശങ്ങൾ എല്ലായിപ്പോഴും സത്യമായിരിക്കണമെന്നില്ല. ബാങ്കുകളെ അനുകരിച്ച് വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ വിവരങ്ങളും ഒ.ടി.പികളും (OTP) തട്ടിയെടുക്കുന്ന 'സ്മിഷിങ്' (Smishing) അഥവാ എസ്.എം.എസ് വഴിയുള്ള ഫിഷിങ് തട്ടിപ്പുകളെക്കുറിച്ച് സി.ഇ.ആർ.ടി - ഇൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായതോ ചുരുക്കിയതോ ആയ ലിങ്കുകൾ കാണുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ലിങ്കുകൾ തുറക്കുന്നതിന് മുമ്പ് വെബ് വിലാസം ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ചെറിയ അക്ഷരത്തെറ്റ് മാറ്റം, അപരിചിതമായ ഒരു ഡൊമെയ്ൻ, ബാങ്കിന്റേതല്ലാത്ത ഒരു ലിങ്ക് എന്നിവ ഒരു മുന്നറിയിപ്പ് സൂചനയായിരിക്കാം. ബാങ്ക് ലോഗോയുള്ളതുകൊണ്ടോ പ്രൊഫഷണലായി രൂപകൽപ്പന ചെയ്തതുകൊണ്ടോ ഒരു വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പിക്കരുത്.
ബാങ്കിങ് വിവരങ്ങളും ഒ.ടി.പി. വിവരങ്ങളും പങ്കിടരുത്
നിങ്ങളുടെ കസ്റ്റമർ ഐഡി, പാസ്‌വേഡ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, പിൻ, ഒ.ടി.പി എന്നിവ നൽകാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സാമ്പത്തികമായി അപകടകരമായേക്കാം. ഇത്തരം വിവരങ്ങൾ ഒരിക്കലും ബാങ്ക് ജീവനക്കാരാണെന്ന് അവകാശപ്പെടുന്ന ആളുകൾ അടക്കം ആരുമായും ഉപയോക്താക്കൾ പങ്കുവെക്കരുത്. അക്കൗണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് വരുന്ന ആപ്പുകളോ APK ഫയലുകളോ ഫോണിൽ ഡൗൺലോഡ് ചെയ്യാതിരിക്കുക.
ഇതിനകം നിങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ
ലിങ്കിൽ ക്ലിക്ക് ചെയ്തതുകൊണ്ട് മാത്രം നിങ്ങൾ തട്ടിപ്പിനിരയായി എന്ന് കരുതരുത്. ബാങ്കിങ് ക്രെഡൻഷ്യലുകൾ, ഒ.ടി.പി എന്നിവ പങ്കുവെക്കുകയോ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇടപാടിന് അനുമതി നൽകുകയോ ചെയ്യുന്നതാണ് അപകടകരം. തട്ടിപ്പിന് ഇരയായി എന്ന് നിങ്ങൾക്ക് തോന്നിയാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും ഇടപാടുകൾ പരിശോധിക്കുകയും ചെയ്യുക. സാമ്പത്തിക സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതിപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

