ബാങ്ക് അക്കൗണ്ട് നോമിനേഷൻ: ആവശ്യകതയും പുതുക്കിയ നിയമങ്ങളും
text_fieldsനിങ്ങളുടെ ഡെപ്പോസിറ്റുകൾ, മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, ഡീമാറ്റ് അക്കൗണ്ടുകൾ, മറ്റു സമ്പാദ്യങ്ങൾ തുടങ്ങി എല്ലാത്തിനും നോമിനേഷൻ വളരെ പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമാണ് . കഴിഞ്ഞ വർഷം അവസാനം ചില മാറ്റങ്ങൾ നോമിനേഷൻ നിയമത്തിൽ വന്നിട്ടുണ്ട്. അത് അറിഞ്ഞിരിക്കണം. മാറ്റങ്ങൾ രണ്ടു ഭാഗങ്ങളിലായി തുടരും.
നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ ബാങ്കിലുള്ള തുക നിങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കോ അല്ലെങ്കിൽ ഒന്നിലധികം വ്യക്തികൾക്കോ കൈമാറാനുള്ള ഒരു സംവിധാനമാണ് നോമിനേഷൻ. ഇത് വളരെ പ്രധാനമാണ്. എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും നോമിനേഷൻ സൗകര്യം കർശനമായി ചെയ്തു എന്ന് ഓരോ ബാങ്ക് ഇടപാടുകാരും ഉറപ്പു വരുത്തുക. നിങ്ങളുടെ സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപങ്ങൾ, റെക്കറിങ് ഡെപ്പോസിറ്റുകൾ, ബാങ്ക് ലോക്കർ എന്നിവക്ക് നോമിനേഷൻ പ്രത്യേകം കൊടുക്കണം. ഇതു ചെയ്യാത്തത് കൊണ്ട് ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ കുമിഞ്ഞു കൂടിയിട്ടുണ്ട്. ഇത് ഏകദേശം 67000 കോടിയിൽ അധികമാണ്. ലൈഫ് ഇൻഷുറൻസ് കമ്പനികളുടേതു വേറെയും. ഇങ്ങനെ ധാരാളം തുക അവകാശികൾ ഇല്ലാതെ അല്ലെങ്കിൽ അവകാശപ്പെടാതെ കിടക്കുന്നതിനു പല കാരണങ്ങളുണ്ട്. ഇതിൽ പ്രധാനമായിട്ടുള്ളത് അക്കൗണ്ട് ഉടമ തന്റെ മേൽവിലാസത്തിലുള്ള മാറ്റം ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാതിരിക്കുക, പല ഇടങ്ങളിൽ നിക്ഷേപങ്ങൾ ഉള്ളപ്പോൾ ചിലതു മറന്നു പോകുക, പൊതുവെ ദീർഘകാല നിക്ഷേപങ്ങളായ ലൈഫ് ഇൻഷുറൻസ്, മ്യുച്ചൽ ഫണ്ടുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാതിരിക്കുക, അവകാശികളെ (Nomination) വെക്കാതെ മരണപ്പെടുക എന്നിവയാണ്.
നോമിനേഷൻ നൽകിയില്ലെങ്കിൽ:-
നിങ്ങളുടെ എല്ലാ ബാങ്ക് , ബാങ്കിതര ധനകാര്യ സ്ഥാപങ്ങളിലെ നിക്ഷേപങ്ങൾക്കും നോമിനേഷൻ ചെയ്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുക. ഉദാഹരണമായി ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ, സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, ബാങ്ക് ലോക്കർ, കെ.എസ്.എഫ്.ഇ പോലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങൾ, സഹകരണ മേഖലയിലുള്ള അക്കൗണ്ടുകൾ, പോസ്റ്റ് ഓഫീസ് ഉൾപ്പടെയുള്ള മറ്റു സമ്പാദ്യ പദ്ധതികൾ, നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) എന്നിവക്ക് കർശനമായും നോമിനേഷൻ ഉണ്ടെന്നു ഉറപ്പുവരുത്തുക. നോമിനേഷൻ ഇല്ലാത്ത അക്കൗണ്ടുകളിൽ ഏതെങ്കിലും കാരണവശാൽ അക്കൗണ്ട് ഹോൾഡർ മരണപ്പെട്ടുപോയാൽ അവകാശികൾക്ക് ഡെപ്പോസിറ് തുക തിരികെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകും. അക്കൗണ്ടിൽ അവശേഷിക്കുന്ന തുക അനുസരിച്ചു ബാങ്കിൽ കൊടുക്കേണ്ട സർക്കാരിൽ നിന്നുള്ള നിയമപരമായ രേഖകൾക്കു മാറ്റം ഉണ്ടാകാം. മാത്രുവുമല്ല ഇതിനു വേണ്ടി ധാരാളം സമയം, പണം, ബുദ്ധിമുട്ടുകൾ എന്നിവയുമുണ്ട്.
നോമിനേഷൻ വളരെ ലളിതം:-
അക്കൗണ്ടുകളിൽ അവകാശികളെ വെക്കുക എന്നത് ലളിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്. ഇപ്പോൾ ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങൾ നോമിനേഷൻ നല്കാൻ നിർബന്ധിയ്ക്കുന്നുണ്ട് . ഇതിനു പ്രത്യേകിച്ചു ചെലവ് ഇല്ലെന്നു മാത്രവുമല്ല നോമിനേഷൻ വെച്ചവർക്കു എപ്പോൾ വേണമെങ്കിലും അത് ക്യാൻസൽ ചെയ്യാനും മാറ്റി പുതിയ ആളെ നോമിനേഷൻ ചെയ്യാനും പറ്റും എന്നുള്ളത് ഇതിന്റെ സവിശേഷതയാണ് . ബാങ്ക് പാസ്സ് ബുക്ക്, ഡെപ്പോസിറ് റെസിപ്റ്റ് എന്നിവയിൽ ഇതു രേഖപ്പെടുത്തിയിരിക്കും.നോമിനേഷൻ ഉള്ള അക്കൗണ്ടുകളിൽ, അക്കൗണ്ട് ഉള്ള ആളുടെ മരണ ശേഷം വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ അവകാശിക്കു പണം ലഭ്യമാക്കുന്നു . കാലാവധി എത്താത്ത സ്ഥിരം നിക്ഷേപങ്ങളിൽ, കാലാവധി എത്തുന്നതിനു മുന്നേ തന്നെ പിഴ പലിശ ഈടാക്കാതെ അവകാശിക്കു തുക ലഭ്യമാക്കാവുന്നതാണ് .
ജോയിന്റ് അക്കൗണ്ടുകളിൽ നോമിനേഷൻ നിർബന്ധമില്ലെങ്കിലം അഭികാമ്യമാണ്. അതുപോലെ ഡിമാറ്റ് അക്കൗണ്ടുകളിൽ കാലാവധിയുള്ള ബോണ്ട് ഉൾപ്പടെയുള്ള നിക്ഷേപങ്ങൾ അതുമായി ബന്ധിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ കാലാവധി എത്തുന്ന മുറക്ക് തുക വരവുവെക്കും. ഓഹരികളിലും മറ്റുമുള്ള നിക്ഷേപത്തിന് കാലാവധി ഇല്ലാത്തതിനാൽ ഡിമാറ്റ് അക്കൗണ്ടുകളിലും നിർബന്ധമായും നോമിനേഷൻ ഉണ്ടെന്നു ഉറപ്പു വരുത്തുക. പ്രായപൂർത്തയാകാത്ത ആളെയും അവകാശി ആയി തിരഞ്ഞെടുക്കാം. അങ്ങനെ ചെയ്യുമ്പോൾ ഒരു നിയമ സാധുതയുള്ള ഒരാളെ ഗാർഡിയൻ ആയിക്കൂടി വെക്കേണ്ടതുണ്ട്. വ്യത്യസ്ത അക്കൗണ്ടുകൾക്കു വ്യത്യസ്ത അവകാശികളെ വെക്കാം. ഏറ്റവും അടുത്ത ബന്ധുക്കളെ അവകാശികളാക്കുന്നതാണ് നല്ലതെങ്കിലും ചാരിറ്റബിൾ ട്രസ്റ്റ് അല്ലെങ്കിൽ റിലീജിയസ് സ്ഥാപനങ്ങളെയും അവകാശികളായി ആവശ്യമെങ്കിൽ വെക്കാം. നോമിനേഷൻ വെക്കുന്നയാളുടെ സമ്മതം ഇതിനു ആവശ്യമില്ല.
പുതിയ നോമിനേഷൻ നിയമങ്ങൾ:-
സർക്കാർ കാലോചിതമായി നോമിനേഷൻ നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നു. ബാങ്ക് നിക്ഷേപങ്ങൾ, ബാങ്ക് ലോക്കറുകൾ, മ്യൂച്ചൽ ഫണ്ടുകൾ , ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്ക് ഈ പുതിയ നിയമം ബാധകമാണ്. അതിന്റെ വിശദാംശങ്ങളെപ്പറ്റി തുടർ കോളത്തിൽ എഴുതാം.
(തുടരും )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

