ഉപഭോക്താവിന്‍റെ അനുമതിയില്ലാതെ ആവറേജ് മിനിമം ബാലൻസ് പരിധി ഉയർത്തിയ നടപടി ആക്സിസ് ബാങ്ക് നിർത്തി
text_fieldsപാലാ: ഉപഭോക്താവിന്‍റെ അനുവാദമില്ലാതെ അക്കൗണ്ടിലെ ആവറേജ് മിനിമം ബാലൻസ് ഉയർത്തുന്ന നടപടി ആക്സിസ് ബാങ്ക് നിർത്തലാക്കി. പാലായിലെ മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് കേന്ദ്ര ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവർക്ക് പരാതികൾ നൽകിയതിനു പിന്നാലെയാണ് ആവറേജ് മിനിമം ബാലൻസ് ബാങ്ക് സ്വമേധയാ ഉയർത്തുന്ന നടപടി നിർത്തിയത്.
എബി ജെ. ജോസിന്‍റെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ സുഹൃത്ത് അയച്ച പണം കുറച്ചുനാൾ കിടന്നപ്പോൾ 5000 എന്ന പരിധി 25,000ത്തിലേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് പണം സുഹൃത്തിന് തിരികെനൽകിയപ്പോൾ മിനിമം ബാലൻസ് പാലിച്ചില്ലെന്ന കാരണത്താൽ 401.93 രൂപ പിഴ ഈടാക്കിയതോടെയാണ് എബി പരാതിയുമായി രംഗത്തുവന്നത്.
തങ്ങൾ അയച്ച ഇ-മെയിലിന്, പരിധി ഉയർത്തേണ്ട എന്ന് മറുപടി നൽകാത്തതുകൊണ്ട് ബാങ്ക് സ്വയം പരിധി ഉയർത്തുകയാണെന്ന വിചിത്രമായ മറുപടിയാണ് അധികൃതർ പരാതിക്കാരനോട് പറഞ്ഞത്. തുടർന്ന് അനുവാദമില്ലാതെ പണം കവർന്നതിനെതിരെ പൊലീസ്, കേന്ദ്ര ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവർക്ക് എബി പരാതി നൽകി.
നടപടി പിൻവലിച്ചതിനൊപ്പം എബിയുടെ അക്കൗണ്ടിൽനിന്ന് പിഴയായി ഈടാക്കിയ തുകയും ബാങ്ക് തിരികെ നിക്ഷേപിച്ചു. അക്കൗണ്ട് പരിധി സ്വയം ഉയർത്തി ഇതേവിധം ഈടാക്കിയ തുകകൾ മുഴുവൻ ഉപഭോക്താക്കൾക്കും തിരികെനൽകണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

