ഒടിപിയോ പിൻ നമ്പറോ നൽകേണ്ട; ആക്സിസ് ബാങ്ക് കാർഡിന്റെ പിന്തുണയോടെ 'ആപ്പിൾ പേ' ഇന്ത്യയിലെത്തി
text_fields12 വർഷത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആപ്പിളിന്റെ സുരക്ഷിത ഡിജിറ്റൽ വാലറ്റും മൊബൈൽ പേയ്മെന്റ് സേവനവുമായ ആപ്പിൾ പേ (Apple Pay) ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ഐഫോൺ (iPhone), ഐപാഡ് (iPad), ആപ്പിൾ വാച്ച് (Apple Watch) ഉപയോക്താക്കൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമായിട്ടുള്ളത്. മാക്ക് (Mac) ഉപകരണങ്ങളിലെ പിന്തുണ ഈ വർഷാവസാനത്തോടെ എത്തുമെന്ന് ആപ്പിൾ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്ക് കാർഡ് പിന്തുണയോടെയാണ് പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുക. ആക്സിസ് ബാങ്കിന്റെ വീസ (Visa), മാസ്റ്റർകാർഡ് (Mastercard) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കാണ് ആപ്പിൾ ആപ്പിലൂടെയോ ആപ്പിൾ വാലറ്റിലൂടെയോ കാർഡുകൾ ചേർക്കാൻ സാധിക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) യു.പി.ഐ സംവിധാനവും രൂപേ കാർഡുകളും ആപ്പിൾ പേ നിലവിൽ പിന്തുണക്കുന്നില്ല. എങ്കിലും, റെഗുലേറ്ററി അനുമതികൾ ലഭിക്കുന്ന മുറക്ക് വരുന്ന മാസങ്ങളിൽ ഇവ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ, ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനത്തിലധികം കൈയടക്കിയിരുന്ന ഫോൺപേ (PhonePe), ഗൂഗിൾ പേ (Google Pay), ആമസോൺ പേ (Amazon Pay) തുടങ്ങിയ യു.പി.ഐ അധിഷ്ഠിത ആപ്പുകളുമായിട്ടാകും ആപ്പിൾ പേ മത്സരിക്കുക.
എവിടെയെല്ലാം ഉപയോഗിക്കാം?
ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾക്ക് പുറമെ, ബ്ലിങ്കിറ്റ് (Blinkit) ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിലും, ചായോസ് (Chaayos), കോമറ്റ്, ക്രോമ, ഇന്റർഫ്ലോറ, ഐക്സിഗോ, ലെ15 പാറ്റിസെറി, റിലയൻസ് ബ്രാൻഡ്സ്, ടാറ്റ 1എംജി, സൊമാറ്റോ തുടങ്ങിയ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ആപ്പിൾ പേ ഉപയോഗിക്കാം. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ കാർഡുകൾ വാഗ്ദാനം ചെയ്യുന്ന റിവാർഡുകളും മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.
ആപ്പിൾ പേ സജ്ജീകരിക്കുന്നത് എങ്ങനെ?
ആക്സിസ് ബാങ്ക് ആപ്പ് തുറന്ന് അതിലൂടെ ഉപയോക്താക്കൾക്ക് നേരിട്ട് ആപ്പിൾ വാലറ്റിലേക്ക് കാർഡ് ചേർക്കാം. ഐഫോണിലെ വാലറ്റ് (Wallet) ആപ്പ് തുറന്ന്, മുകളിൽ കാണുന്ന പ്ലസ് (+) ചിഹ്നത്തിൽ ടാപ്പ് ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അർഹമായ കാർഡ് എളുപ്പത്തിൽ ചേർക്കാവുന്നതാണ്.
സ്റ്റോറുകളിൽ ആപ്പിൾ പേ ഉപയോഗിക്കുന്ന വിധം
കടകളിൽ വളരെ എളുപ്പത്തിലും സുരക്ഷിതമായും ആപ്പിൾ പേ വഴി പണം നൽകാം:
- സ്റ്റെപ്പ് 1: ഐഫോണിന്റെയോ ആപ്പിൾ വാച്ചിന്റെയോ സൈഡ് ബട്ടണോ ഹോം ബട്ടണോ ഡബിൾ-ക്ലിക്ക് ചെയ്യുക.
- സ്റ്റെപ്പ് 2: ഫെയ്‌സ് ഐഡി (Face ID), ടച്ച് ഐഡി (Touch ID) അല്ലെങ്കിൽ പാസ്‌കോഡ് നൽകി ഐഡന്റിറ്റി സ്ഥിരീകരിക്കുക.
- സ്റ്റെപ്പ് 3: ഫോണിന്റെ മുകൾഭാഗമോ ആപ്പിൾ വാച്ചിന്റെ ഡിസ്‌പ്ലേയോ പോയിന്റ് ഓഫ് സെയിൽ (PoS) മെഷീന് സമീപം കാണിക്കുക. നിമിഷനേരം കൊണ്ട് ഇടപാട് പൂർത്തിയാകും. ഇതിനായി ഒടിപിയോ (OTP) പിൻ നമ്പറോ (PIN) നൽകേണ്ടതില്ല.
iOS 18 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോൺ XR അല്ലെങ്കിൽ അതിനുശേഷമുള്ള പുതിയ മോഡലുകളിലാണ് പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുക. watchOS 11 അല്ലെങ്കിൽ പുതിയ പതിപ്പുകൾ ഉള്ള ആപ്പിൾ വാച്ച് സീരീസ് 6 അല്ലെങ്കിൽ പുതിയ മോഡലുകളിലും പേയ്മെന്റ് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

