പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ 50 ശതമാനവും ജെൻ സി: ഈ തരംഗത്തിന് പിന്നിലെന്ത്?
text_fieldsരാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണി ഇനി വലിയ നഗരങ്ങളിലെ പരിചയസമ്പന്നരായ വായ്പക്കാരിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ചെറുപ്പക്കാരും അർധ നഗര, ഗ്രാമീണ മേഖലകളിൽ ജീവിക്കുന്നവരും വൻതോതിൽ ഈ വിപണിയിലേക്ക് കടന്നുവരികയാണ്. ഇവരിൽ ഭൂരിഭാഗം പേർക്കും നിലവിൽ മറ്റ് വായ്പകളുമുണ്ട്.
ട്രാൻസ് യൂനിയൻ സിബിൽ പുറത്തുവിട്ട ‘ബിയോണ്ട് ദി സ്വൈപ്പ് 2026: ഹൗ ഇന്ത്യ യൂസസ് കാർഡ് ആസ് എ ക്രെഡിറ്റ് ഇൻസ്ട്രുമെന്റ്’ എന്ന പഠന റിപ്പോർട്ട് അനുസരിച്ച്, 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ പുതിയ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ പകുതിയും 30 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്. കൂടാതെ, ഇവരിൽ 46% പേരും അർധ നഗരങ്ങളിലെയും ഗ്രാമീണ വിപണിയിലെയും താമസക്കാരാണ്. ഇന്ത്യക്കാർ കടമെടുക്കുന്ന രീതിയിലുണ്ടായ വലിയ മാറ്റത്തിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്. ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുന്നവർ പോലും മുമ്പ് തന്നെ മറ്റ് വായ്പകൾ ഉപയോഗിച്ച് പരിചയമുള്ളവരാണ്.
ദശാബ്ദത്തിനിടയിൽ വൻ വളർച്ച നേടി ക്രെഡിറ്റ് കാർഡ് വിപണി
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണിയിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 3.6 മടങ്ങ് വർധിച്ചു. 2016 മാർച്ച് മാസം 1.4 കോടിയായിരുന്നത് 2026 മാർച്ചിൽ 5.2 കോടിയായി ഉയർന്നു. ഇതേ കാലയളവിൽ തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക തുക അതിനേക്കാൾ വേഗത്തിൽ 8.3 മടങ്ങ് വർധിച്ചു (40,000 കോടി രൂപയിൽ നിന്ന് 3.1 ലക്ഷം കോടി രൂപയായി). ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2.1 കോടിയിൽ നിന്ന് അഞ്ച് മടങ്ങ് വർധിച്ച് 10.7 കോടിയായി. ഒരു കാർഡ് ഉടമയുടെ ശരാശരി കുടിശ്ശിക തുക 31,000 രൂപയിൽ നിന്ന് ഇരട്ടിയോളം വർധിച്ച് 65,000 രൂപയിലെത്തി.
എന്നാൽ, 2026 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ വായ്പയെടുക്കാൻ ശേഷിയുള്ള ഉപയോക്താക്കളിൽ 25% മാത്രമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. യു.കെ (70%), കൊളംബിയ (62%), ഹോങ്കോങ് (98%) തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഈ മേഖലയിൽ ഇനിയും വളർച്ചക്ക് വലിയ സാധ്യതയുണ്ടെന്നാണ്.
യുവതലമുറയിലെ ഭൂരിഭാഗം പേരും മറ്റ് വായ്പകൾ എടുത്ത ശേഷമാണ് ക്രെഡിറ്റ് കാർഡ് വിപണിയിലേക്ക് പ്രവേശിക്കുന്നത് എന്നതാണ് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. 2024ൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുത്ത 24 നും 30 നും ഇടയിൽ പ്രായമുള്ള ജെൻ സി ഉപയോക്താക്കളിൽ 31% പേർക്കും മുമ്പ് തന്നെ കുറഞ്ഞത് രണ്ട് വായ്പാ അക്കൗണ്ടുകളെങ്കിലും ഉണ്ടായിരുന്നു. മുമ്പ് വായ്പാ ചരിത്രമില്ലാത്തവർ 30% മാത്രമായിരുന്നു. എന്നാൽ 2018ൽ ഇതേ പ്രായത്തിൽ ക്രെഡിറ്റ് കാർഡ് എടുത്ത മില്ലെനിയലുകളിൽ 56% പേർക്കും മുൻപ് വായ്പാ ചരിത്രമില്ലായിരുന്നു. കൂടാതെ, ജനറേഷൻ സി ഉപയോക്താക്കളിൽ 18% പേർക്ക് കൺസ്യൂമർ ഡ്യൂറബിൾ ലോണുകളും (ഉപഭോഗ വസ്തുക്കൾ വാങ്ങാനുള്ള വായ്പ) 23% പേർക്ക് ചെറിയ തുകയുടെ വ്യക്തിഗത വായ്പകളും നിലവിലുണ്ടായിരുന്നു.
ഇത് വ്യക്തമാക്കുന്നത്, ക്രെഡിറ്റ് കാർഡ് എന്നത് ഇപ്പോൾ ഒരാളുടെ വായ്പയിലേക്കുള്ള ആദ്യ ചുവടുവെപ്പല്ല, മറിച്ച് നിലവിലുള്ള വായ്പകൾക്കൊപ്പം അധികമായി ഉപയോഗിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്നാണ്.
വേഗത്തിൽ കടമെടുത്ത് യുവ ഉപയോക്താക്കൾ
ആദ്യമായി ക്രെഡിറ്റ് കാർഡ് എടുത്ത ശേഷം ജെൻ സി ഉപയോക്താക്കൾ ഉയർന്ന തുക ചെലവഴിക്കുകയും വായ്പയെടുക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. ക്രെഡിറ്റ് കാർഡ് എടുത്ത് ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ 25,000 രൂപയിലധികം കുടിശിക വരുത്തിയവർ ഈ വിഭാഗത്തിൽ 28% ആണ്. എന്നാൽ 2018ൽ കാർഡെടുത്ത മില്ലെനിയലുകളിൽ ഇത് 20% മാത്രമായിരുന്നു.
ആദ്യ കാർഡിന് ശേഷവും ഇവരുടെ കടമെടുപ്പ് തുടർന്നു. ആദ്യ കാർഡ് ലഭിച്ച് 12 മാസത്തിനുള്ളിൽ 69% ജെൻ സി ഉപയോക്താക്കളും അടുത്തൊരു വായ്പാ ഉൽപ്പന്നം കൂടി എടുത്തു. മുൻതലമുറയായ മില്ലെനിയലുകളിൽ ഇത് 55% ആയിരുന്നു. വീണ്ടും വായ്പയെടുത്ത ജനറേഷൻ സി ഉപയോക്താക്കളിൽ 39% പേരും തങ്ങളുടെ ആദ്യ ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ തന്നെയാണ് അത് സ്വന്തമാക്കിയത്. മില്ലെനിയലുകളിൽ ഇത് 33% ആയിരുന്നു.
വായ്പാ രീതികളിലെ വൈവിധ്യവൽക്കരണം
കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് ഉപയോക്താക്കൾ ഒന്നിലധികം വായ്പാ മാർഗങ്ങൾ ഉപയോഗിക്കുന്നതിനാൽ, അവരുടെ മൊത്തം വായ്പകളിൽ ക്രെഡിറ്റ് കാർഡുകളുടെ വിഹിതം കുറഞ്ഞു. 2016 മാർച്ച് മാസം മൊത്തം ഉപഭോഗ വായ്പാ അക്കൗണ്ടുകളിൽ 56% ക്രെഡിറ്റ് കാർഡുകളായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 38% ആയി കുറഞ്ഞു. മൊത്തം ഉപഭോഗ വായ്പാ കുടിശ്ശികയിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശികയുടെ വിഹിതം 36% ൽ നിന്ന് 26% ആയി കുറഞ്ഞു.
അതുപോലെ, ക്രെഡിറ്റ് കാർഡ് മാത്രം കൈവശമുള്ള ഉപയോക്താക്കളുടെ വിഹിതം 50% ൽ നിന്ന് 33% ആയി കുറഞ്ഞു. മറ്റ് ഉപഭോഗ വായ്പകൾ കൂടിയുള്ളവരുടെ വിഹിതം 16% ൽ നിന്ന് 32% ആയി ഉയർന്നു. മൂന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇത് 12% ൽ നിന്ന് 22% ആയി ഉയർന്നു.
യുവ ഉപയോക്താക്കളുടെയും ചെറിയ നഗരങ്ങളിലെയും ആളുകളുടെയും പങ്കാളിത്തം വരുന്നത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ ഉപയോക്താക്കളെ നൽകുന്നുണ്ട്. എങ്കിലും, ഒന്നിലധികം വായ്പകൾ ഒരുമിച്ച് എടുക്കുമ്പോൾ തങ്ങളുടെ മൊത്തം കടബാധ്യതയെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചാൽ നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി കെട്ടിപ്പടുക്കാൻ ക്രെഡിറ്റ് കാർഡ് സഹായിക്കും. എന്നാൽ കൃത്യമായി അടച്ചുതീർക്കാത്ത വലിയ തുകകളും തിരിച്ചടവ് ശേഷി നോക്കാതെയെടുക്കുന്ന വായ്പകളും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. കൂടുതൽ യുവാക്കൾ ക്രെഡിറ്റ് കാർഡ് വിപണിയിലേക്ക് വരുമ്പോൾ, വരുംദിവസങ്ങളിലെ വളർച്ച എത്രപേർ കാർഡ് എടുക്കുന്നു എന്നതിൽ മാത്രമല്ല, അവർ അത് എത്രമാത്രം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും.

