അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്; ഷാർജയുടെ പുതിയ വാണിജ്യകേന്ദ്രം
text_fieldsഅരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിന്റെ മാതൃക
ഷാർജ: ഷാർജയുടെ പുതിയ വാണിജ്യ ഹബ്ബായി അരാദ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട് (സി.ബി.ഡി) വരുന്നു. മഹാമാരി എത്തിയശേഷം മേഖലയിൽ സ്ഥാപിക്കുന്ന ആദ്യ ബിസിനസ് പാർക്കാണിത്. അൽജാദയിൽ നിർമിക്കുന്ന ബിസിനസ് ഡിസ്ട്രിക്ടിൽ 4.3 ദശലക്ഷം ചതുരശ്ര അടിയിലായി 40 സ്മാർട്ട് ഓഫിസ് ബ്ലോക്കുകളുണ്ട്. എട്ട് ബ്ലോക്കുകളുടെ ആദ്യഘട്ടം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒരേസമയം 20,000 ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് സി.ബി.ഡിക്ക്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾക്ക് സി.ബി.ഡിയിൽ അനായാസ നടപടിക്രമങ്ങളിലൂടെ ഓഫിസ് തുറക്കാൻ കഴിയും. അത്യാധുനിക സാങ്കേതികവിദ്യകളുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമായിരിക്കും സി.ബി.ഡി. യു.എ.ഇയിലും പുറത്തുമുള്ള എല്ലാത്തരം സ്ഥാപനങ്ങളെയും ആകർഷിച്ച് ബിസിനസ് ഹബ്ബായി മാറാനുള്ള ഷാർജയുടെ വീക്ഷണമാണ് അരാദ നടപ്പാക്കുന്നതെന്ന് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ജോലിചെയ്യാനും താമസിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള നഗരാനുഭവമായിരിക്കും സി.ബി.ഡി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ബിസിനസ് പാർക്കുകളിലെ മികച്ച മാതൃകകൾ സ്വീകരിക്കുകയും അവ സംയോജിപ്പിക്കുകയും ചെയ്താണ് സി.ബി.ഡി സ്ഥാപിക്കുന്നതെന്ന് അരാദ വൈസ് ചെയർമാൻ ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ പറഞ്ഞു.
ജീവനക്കാർക്ക് പ്രചോദനം പകരുകയും അതുവഴി അവരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് സി.ബി.ഡിയുടെ രൂപകൽപന. വിശാലവും തുറന്നതുമായ പ്ലാനായതിനാൽ സ്വാഭാവികമായ വെളിച്ചം എല്ലായിടത്തും ലഭിക്കും. ഇതുവഴി വൈദ്യുതിലാഭം മാത്രമല്ല, പ്രകൃതിദത്ത വെളിച്ചത്തിൽ ജോലിചെയ്യാനുള്ള സൗകര്യവുമൊരുങ്ങും.
അൽജാദയുടെ സ്മാർട്ട് സിറ്റി പ്രോഗ്രാമിന്റെ ഭാഗമായ സ്മാർട്ട് സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തിയായിരിക്കും സി.ബി.ഡിയുടെ പ്രവർത്തനവും. മരങ്ങൾ, നടപ്പാതകൾ, ആംഫി തിയറ്റർ, ആർട്ട് ഇൻസ്റ്റലേഷൻ, ഇരിപ്പിടങ്ങൾ, വ്യായാമം ചെയ്യാനുള്ള ഇടങ്ങൾ തുടങ്ങിയവയെല്ലാം സി.ബി.ഡിയിലുണ്ടാവും. പ്രകൃതിസൗന്ദര്യം നിലനിർത്തിയായിരിക്കും നിർമാണം. ജീവനക്കാർക്ക് സി.ബി.ഡിയുടെ ഉള്ളിൽ സൗജന്യമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം. ഇതിന് പുറമെ ഇ-സ്കൂട്ടർ, സൈക്കിൾ എന്നിവ വാടകക്കും നൽകും.
ടെറസിന് മുകളിലെ ഹരിതാഭനിറഞ്ഞ ഇടങ്ങളിൽ പരിപാടികൾ നടത്താൻ വേദിയൊരുക്കും. ജൂസ് ബാർ, യോഗ തുടങ്ങിയവക്കും സൗകര്യമുണ്ടാവും. സ്ഥാപനങ്ങൾക്ക് വളരാനും കോർപറേറ്റുകൾക്കും ചെറുകിടക്കാർക്കും അവരുടെ വ്യാപാരമേഖല വികസിപ്പിക്കാനും സി.ബി.ഡി ഉപകരിക്കുമെന്ന് അരാദ സി.ഇ.ഒ അഹ്മദ് അൽകൊഷൈബി പറഞ്ഞു. സി.ബി.ഡിയിലെ ജീവനക്കാർക്ക് ലോകോത്തര നിലവാരമുള്ള താമസം, സ്കൂൾ, ഹോട്ടൽ, പാർക്ക് എന്നിവയും ആസ്വദിക്കാം. ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ സി.ബി.ഡിയിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

