സൗദി വിപണിയിൽ ഐ.പി.ഒ പ്രഖ്യാപിച്ച് അൽമസാർ അൽഷാമിൽ എജുക്കേഷൻ
text_fieldsഡോ. ഷംഷീർ വയലിൽ
അബൂദബി: മിഡിലീസ്റ്റിലെ ആരോഗ്യരംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ. അദ്ദേഹം ചെയർമാനായ സ്വകാര്യ ഉന്നത വിദ്യാഭ്യാസ ഗ്രൂപ് അൽമസാർ അൽഷാമിൽ എജുക്കേഷൻ സൗദി വിപണിയിൽ ഐ.പി.ഒ പ്രഖ്യാപിച്ചു. ഓഹരികൾ സൗദി എക്സ്ചേഞ്ച് (തദാവുൾ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികൾ രജിസ്റ്റർ ചെയ്യാൻ സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എജുക്കേഷൻ മാറും.
യു.എ.ഇ ആസ്ഥാനമായുള്ള ഉന്നതവിദ്യാഭ്യാസ, സ്പെഷൽ എജുക്കേഷൻ ഗ്രൂപ് സൗദി അറേബ്യൻ ഓഹരിവിപണിയിലേക്ക് കടക്കുന്നത് ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ അപൂർവവും ചരിത്രപരവുമായ നീക്കമാണ്. ഡോ. ഷംഷീറിന്റെ നേതൃത്വത്തിൽ അൽമസാർ മികച്ച വളർച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022ലെ 181 ദശലക്ഷം സൗദി റിയാലിൽ നിന്ന് (4,247 ദശലക്ഷം രൂപ) 2024ൽ 437 ദശലക്ഷം സൗദി റിയാൽ ആയി (10,257 ദശലക്ഷം രൂപ) ഉയർന്നു.
സൗദിയിലെ ഹ്യൂമൻ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമൻ റീഹാബിലിറ്റേഷൻ കമ്പനി, മിഡിൽസെക്സ്സ് യൂനിവേഴ്സിറ്റി ദുബൈ, യു.എ.ഇയിലെ നെമ ഹോൾഡിങ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000ലധികം കുട്ടികൾക്ക് പഠനവും പരിചരണവും നൽകുന്ന ഗ്രൂപ്പിനുകീഴിൽ 39 ഡേ കെയർ സെന്ററുകൾ, 14 സ്കൂളുകൾ, മൂന്നു ക്ലിനിക്കുകൾ എന്നിവയാണുള്ളത്. വളർച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരു നിമിഷമാണിതെന്നും ഐ.പി.ഒ എന്നതിലുപരി എല്ലാ വിദ്യാർഥികൾക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തിൽ മുന്നേറാനും കൂടുതൽ അവസരങ്ങൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രതിഫലനമാണിതെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

