ക്ഷേമപെൻഷൻ വർധന, കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീൻ, മിഷൻ സമുദ്ര... വി.ഡിയുടെ കന്നി ബജറ്റിൽ ഇടംപിടിക്കുന്നത് എന്തൊക്കെ?
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയെ സംയോജിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന സമഗ്ര പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനം യു.ഡി.എഫ് സർക്കാറിന്റെ ബജറ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷ. ക്ഷേമപെൻഷനിൽ 100 രൂപ വർധനയും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ‘ഇന്ദിര കാന്റീനു’കളുമാണ് പ്രതീക്ഷിക്കുന്ന ജനകീയ പ്രഖ്യാപനങ്ങൾ.
വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രൈബൽ സർവകലാശാല, ദാരിദ്ര്യ നിർമാർജനത്തിന് ‘ആശ്രയ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘നവ ആശ്രയ’, 100 കോടിയിലധികം വാർഷിക വരുമാന ശേഷിയുള്ള പതിനായിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കാനുള്ള സമഗ്ര പദ്ധതി എന്നിവ ബജറ്റിൽ ഇടംപിടിച്ചേക്കും.
അതിവേഗത റെയിൽ പദ്ധതിയെപ്പറ്റി ആലോചനകളുണ്ടെങ്കിലും ഇന്ത്യൻ റെയിൽവേയുമായി ചേർന്നാകും വിഭാവനം ചെയ്യുക. ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതി നിലവിൽ വിദഗ്ധ സമിതി പരിശോധനയിലാണ്.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആറുമാസം പ്രസവാവധി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ‘ഷീ ഹോസ്പിറ്റലുകൾ’, ട്രാൻസ്ജെൻഡർ വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ്, സർക്കാർ സ്കൂളുകളിൽ നീറ്റ് പരിശീലനം, കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം സംഭവിക്കുന്നവർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിന് കർണാടക, തെലങ്കാന മാതൃകയിൽ ഗിഗ് വർക്കേഴ്സ് വെൽഫെയർ നിയമം, നിർമാണത്തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും പ്രത്യേക അപകട ഇൻഷുറൻസ് പദ്ധതി, സ്പോർട്സ് വികസനത്തിന് കായിക സർവകലാശാല, രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാൻ രാജസ്ഥാൻ മാതൃകയിൽ ‘സമാധാന വകുപ്പ്’ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

