മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ; 50 കോടി വകയിരുത്തും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കുന്ന സതേൺ കേരള ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം.
ലോകോത്തരമായ വിഴിഞ്ഞത്തെ ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായകമായ ധാതു സമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങൾ, സമാനതകളില്ലാത്ത സാധ്യതകളുള്ള ഒരു ബ്ലൂ ഇക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾ ഒത്തുചേരുന്നതാണ് ഈ മൂന്നു ജില്ലകളെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടി.
പദ്ധതിയിലൂടെ തിരുവനന്തപുരം കേരളത്തിൻറെ നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബായും കൊല്ലം ധാതു സംസ്കരണത്തിന്റെയും അപൂർവ്വ ധാതുക്കളുടെയും കേന്ദ്രമായും ആലപ്പുഴ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായും മാറും.
ഒറ്റപ്പെട്ട പദ്ധതികളിലൂടെ അല്ല സംയോജിത പ്രാദേശിക ക്ലസ്റ്ററുകളിലൂടെയാണ് ആധുനിക സാമ്പത്തിക വളർച്ച കൂടുതലായി സംഭവിക്കുന്നത്. ലോജിസ്റ്റിക്സ്, സാങ്കേതിക വിദ്യ, ഉൽപാദനം, ഗവേഷണം, പ്രകൃതി വിഭവങ്ങൾ എന്നിവയെ ഒരൊറ്റ വികസന ചട്ടക്കൂടിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ ഈ ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായ സമ്മിശ്ര സമ്പത്ത് വ്യവസ്ഥ സൃഷ്ടിക്കും. സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ഭാവിയിൽ കേരളത്തിൻറെ തന്നെ തന്ത്രപ്രധാനവും സമുദ്ര ബന്ധിതവുമായ വികസന മേഖലകളിൽ മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും
ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഭരണപരവും നയപരവുമായ ഇടപെടലുകൾ എന്നിവയെ കുറിച്ച് പഠിക്കുന്നതിനൊരു വിദഗ്ദ ഏജൻസി വഴി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
150 കോടി വകയിരുത്തും
റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി കോടി രൂപയും സതേൺ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയും വകയിരുത്തും.
ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബാക്കി വികസിപ്പിക്കുന്നതിന് 200 കോടി
വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാര മേഖലകളിലെ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബാക്കി വികസിപ്പിക്കുന്നതിനുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആവിഷ്കരിക്കും. ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തി. ഇതിൽ സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന ഏറോ പാർക്ക്, ഏറോസിറ്റി പദ്ധതികളും നടപ്പിലാക്കും.
വിമാന അറ്റകുറ്റപ്പണി പരിപാലന മേഖയെ ശക്തിപ്പെടുത്തും. സിമുലേറ്റർ അധിഷ്ഠിത പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, ഡിജിസിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിമാന പരിപാലന എൻജിനീയറിങ് പരിശീലന നൈപുണ്യ വികസന സംവിധാനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായിട്ടുണ്ടാകും. കാർഷിക, മത്സ്യ, ഫാർമ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനായി സംയോജിത പാക്ക് ഹൗസ് സൗകര്യവും ഫാർമ കാർഗോ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.
കൊച്ചിൻ എയർപോർട്ടിനോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

