
പുതിയ ഇരുചക്ര വാഹനങ്ങളുടെ വില കൂടും; ഹരിത നികുതിയും വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർധിപ്പിക്കും. ഇതുവഴി പ്രതിവർഷം 60 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സ്ക്രാപ്പിംഗ് നയം ആവിഷ്കരിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങൾക്ക് ഹരിത നികുതി 50 ശതമാനം വർധിപ്പിക്കും.
കൂടാതെ മോട്ടോർ സൈക്കിളുകൾ ഒഴികെ മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഇടത്തരം മോട്ടോർ വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവക്കും ഹരിത നികുതി ചുമത്തും. 10 കോടിയോളം രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.
മോട്ടോർ വാഹന നികുതി കുടിശ്ശിക അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. രണ്ട് കോടിയോളം രൂപയുടെ അധിക വരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
കാരവാൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെട്ടിട്ടുള്ളവയുമായ കാരവനുകളുടെ ത്രൈമാസ നികുതി നിരക്കിൽ ഭേദഗതി വരുത്തി. നിബന്ധനകൾക്ക് വിധേയമായി സ്ക്വയർ മീറ്ററിന് 1000 രൂപയിൽനിന്ന് 500 രൂപയായി കുറച്ചു. ഇതിന് കരാർ തീയതി മുതൽ പ്രാബല്യം ഉണ്ടാകും.