സിനിമക്കും കലക്കും ചരിത്രപരമായ പരിഗണന; കൊച്ചിയിൽ ഫിലിം സിറ്റി, കോഴിക്കോട്ട് എം.ടി. കൾച്ചറൽ പാർക്ക്
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക, ഗവേഷണ, വികസന മേഖലകൾക്ക് വലിയ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വായനാദിനത്തിലാണ് വി.ഡി. സതീശന്റെ കന്നി ബജറ്റ്. ബജറ്റിലെ പ്രധാന ഭാഗങ്ങൾ എഴുതിയത് മുഖ്യമന്ത്രി തന്നെയാണെന്നാണു വിവരം. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. കലക്കും സംസ്കാരത്തിനും ചരിത്രപരമായ പരിഗണനയാണ് ഈ ബജറ്റിൽ നൽകിയിരിക്കുന്നത്.
മലയാള സിനിമ മേഖലയെ വികസിപ്പിക്കാൻ സർക്കാർ സമഗ്ര പദ്ധതികൾ തയാറാക്കുന്നു. ഇതിന്‍റെ ഭാഗമായി ജെ.സി. ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിലിം സിറ്റിക്ക് 100 കോടി രൂപ വകയിരുത്തിയിരുത്തിയിട്ടുണ്ട്. സിനിമക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രേത്സവത്തിനായി സ്ഥിരമായി വേദി സൃഷ്ടിക്കൽ, ആന്‍റി പൈറസി സെല്ലുകൾ രൂപികരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇതിനുപുറമെ, വനിതാ സിനിമാ പ്രവർത്തകർക്കുള്ള സഹായധനം 1.5 കോടിയിൽ നിന്ന് 7 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം സിനിമാ മേഖലയിൽ വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി വകയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാജീവിതത്തിനുള്ള അംഗീകാരമായാണ് ഈ സ്മാരകത്തെ സർക്കാർ കാണുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി മികച്ച സംവിധായകനും, എഴുത്തുകാരനും, നിർമാതാവും എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് സർക്കാർ എടുക്കുന്ന ഒരു സുപ്രധാന തീരുമാനമാണിത്.
ലോകം ഡിജിറ്റൽ സംസ്കാരത്തിന്‍റെ സ്വാധീന വലത്തിലായതോടെ നമ്മുടെ സാംസ്കാരിക തനിമ ഭീഷണി നേരിടുകയാണ്. കേരളത്തിന്‍റെ തനത് കലാ സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിക്കുന്നതിനുമായി എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് നിർമിക്കാൻ 50 കോടി രൂപ അനുവദിച്ചു. ഇവിടെ കഥകളി, കൂത്ത്, തുള്ളൽ, ഒപ്പന, തെയ്യം, മാപ്പിളപ്പാട്ട്, മാർഗംകളി, അയിനിപാട്ട്, ഗോത്ര കലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.
ജെൻസി കുട്ടികളുടെ ഷോർട്ട് ഫിലിമുകൾ, ചെറുപ്പക്കാരുടെ ഡോക്യുമെന്‍ററികൾ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനും സൗകര്യങ്ങളൊരുക്കും. ഇതിന് പുറമെ സിനിമ തിയറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം എഴുത്തുകാരുടെയും മറ്റ് പ്രതിഭാശാലികളുടെയും ശബ്ദ മ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഇടങ്ങൾ, വിശ്രമ വേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള ഇടം,ബുക്ക് ഷോപ്പുകൾ, ആർട് മെറ്റീരിയൽ ഷോപ്പുകൾ,ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ, ഡോർമെറ്ററികൾ എന്നിവ സജ്ജീകരിക്കും. കലാ ആസ്വാദകർക്കും വിദ്യാർഥികൾക്കും വിനോദ വിജ്ഞാന കേന്ദ്രമായി ഇത് മാറും.
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം തൃശൂരിൽ അത്യാധുനിക നിലവാരത്തിലുള്ള മ്യൂസിക് അക്കാദമി സ്ഥാപിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തിയിരുത്തിയിട്ടുണ്ട്. പൊന്നാനി കേന്ദ്രീകരിച്ച് ഒരു 'കൾച്ചറൽ ബിനാലേ' സംഘടിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം മലബാറിന്റെ സാംസ്കാരിക ഭൂപടത്തിൽ വലിയൊരു ചുവടുവെപ്പാണ്. കേരളീയ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ, സാഹിത്യം, ശില്പകല, സംഗീതം എന്നിവയെല്ലാം കൂട്ടിയിണക്കിയുള്ള ഒരു വേദിയായിരിക്കും ബിനാലേ. കൊച്ചി ബിനാലെ മാതൃകയിൽ, എന്നാൽ മലബാറിന്റെ തനത് ശൈലിയിൽ ഇത് ആവിഷ്കരിക്കാനാണ് പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

