Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightറബറിൽ തെന്നി മാണി...

റബറിൽ തെന്നി മാണി ഗ്രൂപ്

text_fields
bookmark_border
റബറിൽ തെന്നി മാണി ഗ്രൂപ്
cancel

കോട്ടയം: ബജറ്റിലർപ്പിച്ച പ്രതീക്ഷ തകർന്നടിഞ്ഞതോടെ മധ്യതിരുവിതാംകൂറിലെ റബർ രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എം പ്രതിരോധത്തിൽ. റബർ വിലയിടിവ് നീറിപ്പുകയുന്നതിനിടെ ബജറ്റ് പിടിവള്ളിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കേരള കോൺഗ്രസ് നേതൃത്വം. വിലയിടിവ് ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രചാരണം ശക്തമാക്കുന്ന സാഹചര്യത്തിൽ മധ്യകേരളത്തിലെ രാഷ്ട്രീയത്തിൽ പ്രതിരോധം തീർക്കാൻ റബർ സബ്സിഡി തുക ഉയർത്തേണ്ടത് അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് തയാറെടുപ്പുകൾക്കിടെ റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണമെന്നുകാട്ടി പാർട്ടി ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പുകൂടി കണക്കിലെടുത്ത് വിലസ്ഥിരത പദ്ധതി തുകയിൽ 10 രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 170ൽനിന്ന് തുക ഉയർത്തിയില്ല. വിലസ്ഥിരത ഫണ്ടിനായി നീക്കിവെക്കുന്ന തുകയിൽ 100 കോടിയുടെ വർധന മാത്രമാണ് ബജറ്റിലെ പ്രഖ്യാപനം. മുൻവർഷങ്ങളിൽ 500 കോടിയായിരുന്നു തുക ഇത്തവണ 600 കോടിയാക്കി ഉയർത്തി. കഴിഞ്ഞവർഷം നീക്കിവെച്ച തുകയിൽനിന്ന് നാമമാത്രമാണ് കർഷകർക്ക് ലഭിച്ചത്. ഈ സാഹചര്യത്തിൽ ഇതുയർത്തി പ്രതിരോധം തീർക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വം. ബജറ്റ് പ്രതികരണത്തിൽ റബറിനെക്കുറിച്ച് ജോസ് കെ. മാണി മൗനം പാലിച്ചതും ശ്രദ്ധേയമായി.

കരുതൽ മേഖല വിഷയത്തിൽ തിരിച്ചടി ഭയക്കുന്നതിനിടെയാണ് സ്വന്തം തട്ടകത്തിൽ പാർട്ടി വീണ്ടും പ്രതിരോധത്തിലായത്. ഇതിൽ സഭ നേതൃത്വം കടുത്ത എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാറിനെതിരെ ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. എന്നിട്ടും സഭ നേതൃത്വങ്ങളെ പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീണ്ടും തിരിച്ചടി.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇടത് സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കാനുള്ള അവസരമായി കൂടിയായിരുന്നു പാർട്ടി നേതൃത്വം ബജറ്റിലെ റബർ വിലയെ കണ്ടിരുന്നത്.

കേരള കോൺഗ്രസ് തട്ടകത്തിൽ തലയെടുപ്പോടെ നിലയുറപ്പിക്കാനുള്ള അവസരമായാണ് ജോസ് കെ. മാണിയും ഇതിനെ നോക്കിക്കണ്ടിരുന്നത്. കർഷകരോട് നീതി കാണിക്കാത്ത ബജറ്റാണിതെന്ന വിമർശനവുമായി പി.ജെ. ജോസഫും രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congress Mrubber
News Summary - The Mani Group slipped on the rubber
Next Story