സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ കോട്ടയം
text_fieldsനിര്‍മാണം ഒരു ഘട്ടം പൂര്‍ത്തിയാക്കിയ നാട്ടകത്തെ അക്ഷര മ്യൂസിയം, തുടക്കമായിരിക്കുന്ന കിടങ്ങൂരിലെ നെല്ലുസംഭരണ കേന്ദ്രം, വിവിധ ആശുപത്രികളുടെ വികസനം എന്നിവയുടെ പൂര്‍ത്തീകരണത്തിനും വികസനത്തിനും ഇനിയും തുക ആവശ്യമാണ്. നാടിറങ്ങുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ എന്തെങ്കിലും പുതുപദ്ധതികളുണ്ടാകുമോയെന്നും മലയോര ജനത ഉറ്റുനോക്കുന്നു
കോട്ടയം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ, മുന്‍ വര്‍ഷത്തെ പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും ഫയലില്‍ തന്നെ. ഇതിനിടയിലും സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന പദ്ധതികൾക്കായി പ്രതീക്ഷയോടെ ജില്ല കാത്തിരിപ്പിൽ.
ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട തുടർനടപടിയാണ് ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്ന്. കഴിഞ്ഞ ബജറ്റില്‍ സാധ്യതാപഠനത്തിനും വിശദ പദ്ധതിരേഖ തയാറാക്കുന്നതിനും മറ്റുമായി 1.85 കോടി രൂപ നീക്കിവെച്ചിരുന്നു. അടുത്തിടെ, സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വെള്ളൂരിലെ കേരള റബര്‍ ലിമിറ്റഡിനായി ബജറ്റിൽ തുക പ്രതീക്ഷിക്കുന്നു.
പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ ഒമ്പത് കോടി അനുവദിച്ചിരുന്നു. പദ്ധതിയുടെ കെട്ടിട നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. പതിവുപോലെ, റബറിനായി അനുവദിക്കുന്ന തുകയിലാണ് കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 10 രൂപ വര്‍ധിപ്പിച്ച് റബറിന്റെ അടിസ്ഥാന വില 180 രൂപയാക്കിയിരുന്നുവെങ്കിലും പൊതുവിപണിയിലെ വില ഉയര്‍ന്നു നിന്നതിനാല്‍, അനുവദിച്ച 600 കോടി രൂപ ചെലവഴിച്ചിട്ടില്ല. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന 250 രൂപയിലേക്ക് തെരഞ്ഞെടുപ്പ് വര്‍ഷത്തിലെങ്കിലും സര്‍ക്കാര്‍ അടുക്കുമോയെന്നും കര്‍ഷകര്‍ ഉറ്റുനോക്കുന്നു.
നാട്ടകം സിമന്റ്സ്, കോട്ടയം ടെക്സ്റ്റൈല്‍സ് എന്നിങ്ങനെ പ്രതിസന്ധിയുടെ കയത്തില്‍ കിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കൈത്താങ്ങുണ്ടാകുമോയെന്നും ചോദ്യമുയരുന്നു. സിമന്റ്സിനായി നാലുകോടി രൂപ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ലഭിച്ചിരുന്നില്ല. ലേ ഓഫിലായിരിക്കുന്ന കോട്ടയം ടെക്സ്റ്റൈല്‍സിന് അടിയന്തര ധനസഹായം ലഭിച്ചെങ്കില്‍ മാത്രമേ, എന്തെങ്കിലും പ്രതീക്ഷളെങ്കിലും ഉണ്ടാകൂവെന്ന് പ്രദേശവാസികള്‍ പറയുന്നു.
വൈക്കം സത്യഗ്രഹ സമര സ്മാരകത്തിന് പണം അനുവദിക്കുമോയെന്ന് വൈക്കം നിവാസികള്‍ ഉറ്റുനോക്കുന്നു. വിനോദ സഞ്ചാര മേഖലക്കായുള്ള പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കായല്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് പേരുകേട്ട കുമരകത്ത് കായല്‍ സവാരിക്കെത്തുന്നവരുടെ എണ്ണത്തില്‍ നിലവില്‍ വര്‍ധനയുണ്ടാകുന്നില്ല. കായല്‍ സഞ്ചാരമല്ലാതെ മറ്റു വിനോദ ഉപാധികളൊന്നും ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ ഇതര സ്ഥലങ്ങളിലേക്ക് പോകുന്നതാണ് കാരണം. സാധ്യതകള്‍ ഇനിയും പൂര്‍ണമായും വിനിയോഗിക്കപ്പെടാത്ത ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതുപദ്ധതികളും പ്രതീക്ഷകളാണ്.
കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിര്‍ത്തി പ്രദേശങ്ങില്‍ മൃഗങ്ങള്‍ കാട്ടിലേക്കിറങ്ങുന്നത് തടയുന്നതിനുള്ള 7.20 കോടിയുടെ സംരക്ഷണ പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചിരുന്നു. മണിമല, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും വനാതിര്‍ത്തി പ്രദേശങ്ങളുണ്ട്.
വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനായി കൂടുതല്‍ പദ്ധതികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടക്കമിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുൻ ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും ഇപ്പോഴും കടലാസിലാണ്. ഒരോ മണ്ഡലങ്ങളിലും പണി പാതി വഴിയില്‍ എത്തിയതോ, തുടങ്ങിയതോ, പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോ ആയ നിരവധി പദ്ധതികളുമുണ്ട്.
- ശബരി വിമാനത്താവളം തുടർനടപടി
- വെള്ളൂരിലെ കേരള റബര്‍ ലിമിറ്റഡ് കെട്ടിട നിർമാണം
- റബറിെ അടിസ്ഥാന വില 250 രൂപ- ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം
- നാട്ടകം സിമന്റ്സിനും കോട്ടയം ടെക്സ്റ്റൈല്‍സിനും കൈത്താങ്ങ്
- വൈക്കം സത്യഗ്രഹ സമര സ്മാരകത്തിന് തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

