സംസ്ഥാന ബജറ്റിൽ യാഥാർഥ്യമാകുമോ വയനാടിന്റെ പ്രതീക്ഷകൾ
text_fieldsകൽപറ്റ: സംസ്ഥാന ബജറ്റിൽ എല്ലാ വർഷവും നിരവധി വാഗ്ദാനങ്ങൾ വയനാടിനായി ഉണ്ടാവാറുണ്ടെങ്കിലും പ്രാവർത്തികമാകുന്ന കാര്യത്തിൽ ജില്ലയെ വേണ്ടത്ര പരിഗണിക്കാറില്ലെന്നാണ് അനുഭവം. അടിസ്ഥാന വികസന കാര്യത്തിൽ പോലും ഇന്നും ജില്ല ഏറെ പിന്നാക്കം നിൽകുന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുടെ ഫണ്ട് ലഭിക്കുന്ന കാര്യത്തിൽ വയനാടിനോടുള്ള അയിത്തം തന്നെയാണ്.
മാറി വരുന്ന സർക്കാറുകളും ധന മന്ത്രിമാരും വയനാടിന്റെ ആവശ്യങ്ങൾ മിക്കതും അവഗണിക്കുകയാണ് പതിവ്. കഴിഞ്ഞ വർഷം വയനാട് വികസന പാക്കേജുകൾക്ക് 75 കോടിയും എയർസ്ട്രിപ്പുകൾ സ്ഥാപിക്കാൻ 1.17 കോടി രൂപയും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലക്ക് 57 കോടിയുമൊക്കെ ബജറ്റിൽ വകയിരുത്തിയിരുന്നു. കൂടാതെ വയനാട് മെഡിക്കൽ കോളജിനും മേപ്പാടി തുരങ്ക പാതക്കുമെല്ലാം പിന്നീട് ഫണ്ട് വകയിരുത്തി. എന്നാൽ, ഇവയിൽ എത്ര ലഭ്യമാക്കി ചെലവഴിച്ചു എന്ന് ചോദിച്ചാൽ നാമമാത്രം എന്നായിരുക്കും മറുപടി.
വലിയ തോതിലുള്ള വികസന പരിപാടികൾ വയനാട്ടിൽ നടപ്പാക്കി വരുന്നതിനു പുറമേയാണ് വികസന പാക്കേജുകൾക്ക് 75 കോടി വകയിരുത്തിയിരിക്കുന്നതെന്നു മന്ത്രി അന്ന് ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2023ലും ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇത്രയും തുക ബജറ്റിൽ വകയിരുത്തി. അന്ന് 16 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിൽ ഭരണാനുമതി ലഭിച്ച പദ്ധതികൾ പലതും ഇപ്പോഴും പ്രാരംഭ ദിശയിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
വന്യമൃഗ ശല്യവും ബാങ്കുകളുടെ ജപ്തി ഭീഷണിയും കൊണ്ട് പൊറുതിമുട്ടി ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകർ വർഷങ്ങളായി കണ്ണീരിലാണ്. വന്യമൃഗ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 600 കോടി രൂപയുടെ പാക്കേജ് ഇപ്പോഴും കേന്ദ്രത്തിന്റെ ചുവപ്പു നാടയിൽ വിശ്രമത്തിലാണ്. സംസ്ഥാനത്താകെ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചത് 48.85 കോടി രൂപ മാത്രമാണ്. ജില്ലക്കായി പ്രത്യേക തുക വകയിരുത്തിയില്ല.
വയനാടൻ ജനതയുടെ നൂറ്റാണ്ടുകളായുള്ള ആവശ്യമായ പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽപാതക്കായി ബജറ്റിൽകഴിഞ്ഞ വർഷം പരാമർശിച്ചതേയില്ല. ചുരം ബൈപ്പാസ്, വയനാടിന്റെ പ്രതീക്ഷയായ റെയില്‍പാത എന്നീ വിഷയങ്ങളിലും ബജറ്റിൽ പരാമർശമൊന്നുമുണ്ടായിരുന്നില്ല.
ആരോഗ്യമേഖലയില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടുന്ന ജില്ലയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങൾ ഇപ്പോഴും ശൈശവത്തിൽ തുടരുന്നു. ആദിവാസി ക്ഷേമത്തിനും വികസന പദ്ധതികൾക്കും 859.50 കോടി രൂപയാണ് ബജറ്റിലുണ്ടായിരുന്നത്. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്കായി 40 കോടിയും ഭൂരഹിതരായ പട്ടികവർഗക്കരുടെ പുനരധിവാസത്തിന് 42 കോടിയും വകയിരുത്തിയിരുന്നെങ്കിലും നാമമാത്രമാണ് ഇവക്കെല്ലാം വിനിയോഗിച്ചത്.
പ്രതിസന്ധികൾ നിരവധി
സമാനകളിലാത്ത ഉരുൾ ദുരന്തത്തിനാണ് 2024 ൽ വയനാടൻ ജനത സാക്ഷിയാകേണ്ടി വന്നത്. 298 മരണങ്ങളും നൂറ് കണക്കിന് വീടുകളും ജീവിത സമ്പാദ്യങ്ങൾ ഇല്ലാതായ ദുരന്തത്തിൽ ബാക്കിയായവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇനിയും കണ്ടെത്തിയിട്ടില്ല. കാർഷിക മേഖലിയലെ പ്രതിസന്ധിയും വന്യമൃഗ ശല്യവും ആരോഗ്യ, ഗതാഗത മേഖലകളിലെ ശൈശവാസ്ഥയും ഇപ്പോഴും ജില്ലക്ക് ശാപമായി തുടരുന്നു. നെല്ലിനു നൽകുന്ന കുറഞ്ഞ താങ്ങുവില വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടല്ല.
റെയിൽവേയോ വിമാനത്താവളമോ ഇല്ലാത്ത വയനാടിനെ ഗതാഗത സൗകര്യങ്ങളുടെ അഭാവം കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്നു. ചുരം കയറിവേണം വയനാട്ടിലെത്താൻ. പതിറ്റാണ്ടുകളായി ബദൽ പാതയെ കുറിച്ച ചർച്ച ചെയ്യുന്നതല്ലാതെ പ്രാവർത്തികമാക്കാൻ ഇതുവരെ സർക്കാറുകൾ ശ്രമിക്കുകയോ ആവശ്യമായ ഫണ്ട് വകയിരുത്തുകയോ ചെയ്തിട്ടില്ല. ചെറിയ യാത്രാവിമാനങ്ങള്‍ക്ക് വന്നുപോകാന്‍ ഉതകുന്ന മിനി ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് വയനാട്ടില്‍ സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും സർവേ നടപടികൾക്ക് ഫണ്ട് വകയിരുത്തലുമെല്ലാം നാളുകളേറെയായി നടക്കുന്നു.
എന്നാൽ, എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ പോലും ഇനിയും വ്യക്തതയായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനുള്ള മെഡിക്കൽ കോളജ് മാത്രമായി വയനാട് മെഡിക്കൽ കോളജ് മാറുന്നതാണ് ഇപ്പോഴത്തെയും കാഴ്ച. തലപ്പുഴയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പോലും ചുവപ്പ് നാടയിലാണ്. വയനാട്ടിൽ ഏറ്റവും പ്രബല വിഭാഗമായ ആദിവാസി വിഭാഗത്തിന് വീടും വിദ്യാഭ്യാസവും അവകാശങ്ങളും ഇന്നും അന്യം നിൽക്കുകയാണ്. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു വിഭാഗത്തെ കൈപിടിച്ചുയർത്തുന്നതിന് പദ്ധതികളും ഫണ്ടും നിരവധിയാണെങ്കിലും അവയെല്ലാം പാതിവഴിയിൽ നിലച്ചുപോവുന്നു. നിരവധി വീടുകളാണ് നിർമ്മാണത്തിന്റെ പാതിയിൽ നിൽക്കുന്നത്. നിർമിച്ചവ പലതും അപാകത കാരണം വാസയോഗ്യവുമല്ല.
വയനാട്ടുകാർ ഭൂരിപക്ഷവും കാർഷിക മേഖലയിലെ ആശ്രയിച്ചു കഴിയുന്നവരാണ്. അടുത്ത കാലത്തായി കാർഷിക മേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചികൊണ്ടിരിക്കുന്നു. നെൽവയലുകളുടെ വിസ്തൃതി വർഷം തോറും കുറഞ്ഞുവരുന്നു. കുരുമുളകും കവുങ്ങും കീടബാധ കാരണം നശിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും കാർഷിക മേഖലയെ കരകയറ്റാൻ കാര്യമായ നടപടികളൊന്നും ഉണ്ടാവാറില്ല. വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ ജില്ലക്ക് അർഹമായ വകയിരുത്തലുണ്ടാകുമെന്ന് തന്നെയാണ് വയനാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

