37 വര്‍ഷത്തെ സേവനം: സി.എല്‍.ആറുകാര് സ്ഥിര നിയമനം തേടി ഗവര്‍ണര്‍ക്ക് മുന്നില്‍
text_fieldsതേഞ്ഞിപ്പലം: 16.25 രൂപ ദിവസവേതനത്തിന് ജോലി തുടങ്ങി 37 വര്‍ഷമായി സര്‍വകലാശാലയെ സേവിച്ച സി.എല്‍.ആര് തൊഴിലാളികൾ സ്ഥിരം നിയമന ആവശ്യവുമായി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ. വിരമിക്കാന്‍ ബാക്കിയുള്ളവര്‍ക്കെങ്കിലും പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. പ്രതിദിന വേതനമല്ലാതെ മറ്റൊരു ആനുകൂല്യവും കൈപ്പറ്റാതെ പിരിഞ്ഞുപോകുന്ന സി.എല്‍.ആര് തൊഴിലാളികള്‍ക്ക് മാനുഷിക പരിഗണന നല്കി സാമ്പത്തിക സഹായം നല്‍കണമെന്നാണ് മറ്റൊരു അഭ്യർഥന. സര്‍വകലാശാലയിലെ സ്ഥിര, താല്‍ക്കാലിക നിയമനങ്ങളില്‍ സി.എല്‍.ആര് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് പ്രത്യേക പരിഗണന നല്കാൻ ഇടപെടണമെന്നും സി.എല്‍.ആറുകാര് ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെട്ടു. 1986ലെ വിജ്ഞാപന പ്രകാരം രണ്ടുരൂപ ചലാനടച്ച് 2777 പേരുള്ള ലിസ്റ്റടിസ്ഥാനത്തില് റൊട്ടേഷന്‍ പ്രകാരമാണ് സി.എല്‍.ആര് തൊഴിലാളികള്‍ (കാഷ്വല്‍ ലേബര്‍) ജോലി ചെയ്യുന്നത്. 2005ല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്കുമ്പോള് 1200 സി.എല്‍.ആര് തൊഴിലാളികളുണ്ടായിരുന്നു. എന്നാല്‍, ഇന്ന് 250 പേരേ ബാക്കിയുള്ളൂ. പലരും മറ്റു ജോലികള്‍ തേടിപ്പോയി. മറ്റുള്ളവരുടെ കാലാവധി അവസാനിച്ചു. 1991 -2003 കാലയളവില്‍ നടന്ന സ്ഥിരനിയമനത്തില്‍ സി.എല്‍.ആറുകാരെ പരിഗണിക്കാത്തതിനാല്‍ അവര്‍ ഹൈകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇനി മുതല്‍ 50 ശതമാനം സി.എല്‍.ആറുകാരെ പരിഗണിച്ച് അപ്രൂവ്ഡ് ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ വിധി വന്നു. സിന്‍ഡിക്കേറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു.
സര്‍വകലാശാല നിയമത്തില്‍ ഭേദഗതി വരുത്തി 2005ലെ അപ്രൂവ്ഡ് ലിസ്റ്റില്‍നിന്ന് സി.എല്‍.ആര് പ്യൂണ്‍ വിഭാഗത്തിന് സംവരണം നല്‍കാമെന്ന് സിന്‍ഡിക്കേറ്റും സെനറ്റും തീരുമാനിച്ചു. 2012ല്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്തു. ഭേദഗതി പ്രകാരം ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ 50 ശതമാനം നേരിട്ടും 30 ശതമാനം ഒഴിവ് 2005ലെ സി.എല്‍.ആര് ലിസ്റ്റില്‍നിന്നും സ്വീപ്പര്മാര്ക്കുമായി മാറ്റിവെച്ചു.
2014 ഏപ്രില്‍ 28ന് നിയമന അഭിമുഖം നടത്തി ലിസ്റ്റ് തയാറാക്കി ഒമ്പത് വര്‍ഷമായിട്ടും നിയമനം നടത്തിയിട്ടില്ലെന്നും കേസിന്റെ സാങ്കേതികത്വം പറഞ്ഞ് നീട്ടുകയാണെന്നും ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. സി.എല്‍.ആര് തൊഴിലാളികളെ നിലവിലുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ സ്ഥിര നിയമനത്തിന് പരിഗണിക്കുക, സി.എല്‍.ആര് ലിസ്റ്റ് പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികളെ 70 വയസ്സ് വരെ തുടരാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

