കെ.എസ്.ആർ.ടി.സി: ഡ്യൂട്ടി ബഹിഷ്കരിച്ചതുവഴിയുള്ള നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സർവിസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവിസ് മുടക്കിയ ജീവനക്കാരിൽനിന്ന് കോർപറേഷനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ ഉത്തരവ്. 110 ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കും. 2022 ജൂൺ 26ന് സർവിസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്.
പാപ്പനംകോട് ഡിപ്പോയിൽ എട്ട് സർവിസുകൾ മുടങ്ങിയതുമൂലം 1.35 ലക്ഷം രൂപയും വികാസ് ഭവൻ ഡിപ്പോയിൽ 17 ഷെഡ്യൂളുകൾ മുടങ്ങിയതിലൂടെ 2.10 ലക്ഷം രൂപയുമാണ് നഷ്ടമുണ്ടായത്. തിരുവനന്തപുരം സിറ്റിയിൽ 13 ഷെഡ്യൂളുകൾ മുടങ്ങി 2.74 ലക്ഷവും പേരൂർക്കടയിൽ 25 ഷെഡ്യൂളുകൾ മുടങ്ങി 33 ലക്ഷവും നഷ്ടമുണ്ടായെന്നും ഉത്തരവിൽ പറയുന്നു. ഈ നാല് ഡിപ്പോയിലെ 63 കണ്ടക്ടർമാരിൽ നിന്നും 47 ഡ്രൈവർമാരിൽ നിന്നും തിരിച്ചുപിടിക്കാനാണ് നിർദേശം.
പാപ്പനംകോട്, വികാസ്ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിൽനിന്നാണ് നഗരത്തിലെ ഓർഡിനറി സർവിസുകൾ പ്രധാനമായും ഓപറേറ്റ് ചെയ്യുന്നത്. ചെയിൻ സർവിസുകളുടെ സ്വഭാവത്തിലായിരുന്നു നേരേത്തയുള്ള ഷെഡ്യൂളുകൾ. ഓരോ ചെയിനിലും അഞ്ച് ബസുകൾ വരെ അനുവദിച്ചിരുന്നു. എന്നാൽ പല ഘട്ടങ്ങളിലെ പരിഷ്കാരങ്ങൾമൂലം ബസുകളുടെ എണ്ണം കുറഞ്ഞു. എങ്കിലും താരതമ്യേന മെച്ചപ്പെട്ട കലക്ഷനാണ് ഈ സർവിസുകൾക്കുണ്ടായിരുന്നത്.
എന്നാൽ, ഡിപ്പോകളിൽനിന്ന് സർവിസ് ഓപറേഷൻ മാറ്റി പകരം ക്ലസ്റ്റർ സ്വഭാവത്തിൽ ബസുകൾ വിന്യസിക്കുന്ന തീരുമാനം ജൂണിൽ മാനേജ്മെന്‍റ് കൈക്കൊണ്ടു. പുതുതായി തയാറാക്കിയ ഷെഡ്യൂളുകൾ കെ.എസ്.ആർ.ടി.സിയുടെ വരുമാനം നഷ്ടപ്പെടുത്തുന്നതാണെന്നും പുനഃപരിശോധന വേണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശിപാർശകൾ സമർപ്പിക്കാൻ യൂനിയനുകളോട് ആവശ്യപ്പെട്ടു.
ഇതിനുള്ള സാവകാശംപോലും അനുവദിക്കാതെ ജൂൺ 26ന് ഏകപക്ഷീയമായി മാനേജ്മെന്‍റ് പുതിയ ഷെഡ്യൂൾ നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നെന്നാണ് യൂനിയനുകൾ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിച്ചത്.2021 ജൂലൈ 12ന് ഡ്യൂട്ടി നടത്തിപ്പിൽ പ്രതിഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവിസ് റദ്ദായതിൽ നഷ്ടമുണ്ടായ 40,277 രൂപ ജീവനക്കാരിൽനിന്ന് തുല്യമായി തിരിച്ചുപിടിക്കാനും ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

