സ്നേഹ രക്തം കൊണ്ട് വിനുത കടം വീട്ടി; നിധീഷ് ഇതറിയുന്നുണ്ടോ?
text_fieldsവിനുത ദയാനന്ദ ബോംബെ രക്തം നൽകുന്നു
കുവൈത്ത് സിറ്റി: തനിക്ക് രക്തം നൽകാനായി ഒരു മനുഷ്യ സ്നേഹി ഖത്തറിൽനിന്ന് കുവൈത്തിലേക്ക് പറന്നെത്തിയപ്പോൾ വിനുത ദയാനന്ദ മനസ്സിൽ കുറിച്ചിട്ട ഒരു കടം ഉണ്ടായിരുന്നു. 2017ൽ വിനുതയുടെ പ്രസവ ശസ്ത്രക്രിയക്കായി ബി.ഡി.കെ പ്രവർത്തകർ ഖത്തറിൽ നിന്നും നിധീഷ് രഘുനാഥ് എന്ന ബോംബെ ഗ്രൂപ്പ് ദാതാവിനെ എത്തിച്ച് രക്തദാനം നടത്തിയിരുന്നു. അന്നത് വലിയ വാർത്തയായതാണ്.
ഇപ്പോൾ ഇബ്നുസീന ആശുപത്രിയിൽ രണ്ടാഴ്ചലധികമായി ചികിത്സയിലുള്ള കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയക്കായി ബോംബെ ഗ്രൂപ്പ് രക്തം ആവശ്യമായി വന്നപ്പോൾ തുണയായത് അതേ വിനുത. പത്തുലക്ഷത്തിൽ നാലുപേർക്ക് മാത്രം കാണുന്ന ബോംബെ ഗ്രൂപ്പ് എന്ന അപൂർവ രക്തം ദാനം നടത്തിയാണ് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് രക്തദാനസേന അംഗവും മംഗലാപുരം സ്വദേശിനിയുമായ വിനുത ദയാനന്ദ ശ്രദ്ധേയയായത്. സെപ്റ്റംബർ രണ്ടാം വാരത്തിലാണ് രക്തബാങ്ക് അധികൃതർ ബി.ഡി.കെ പ്രതിനിധികളെ ബന്ധപ്പെടുന്നത്.
ബി.ഡി.കെ ഡാറ്റ ബേയ്സിൽ ഉണ്ടായിരുന്നതിനാൽ അപൂർവ ഗ്രൂപ്പ് രക്തദാതാവിനെ എളുപ്പം കണ്ടെത്താൻ കഴിഞ്ഞു. രണ്ടാഴ്ചത്തെ തയറെടുപ്പിലൂടെയാണ് രക്തദാനത്തിനാവശ്യമായ ഹീമോഗ്ലോബിൻ നില ആർജ്ജിച്ചത്. തുടർന്ന് രക്തദാതാനത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി. റോയൽ ഹയാത്ത് ആശുപത്രിയിൽ ടെക്നീഷ്യൻ ആണ് വിനുത. ജോലിത്തിരക്കിനിടയിലും ഭർത്താവിനൊപ്പം രാവിലെ തന്നെ രക്തദാനത്തിനായി എത്തി മടങ്ങുേമ്പാൾ അവർക്ക് നിറഞ്ഞ സംതൃപ്തി. ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് അപൂർവ്വ രക്തഗ്രൂപ്പിൽ പെട്ട ബോംബെ രക്തദാനം നടന്നത്. 1952ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.
മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബെ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം. 10ലക്ഷത്തിൽ നാലുപേർക്കാണ് ഈ രക്ത ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

