പെനാൽറ്റി തുലച്ച് ബ്രസീൽ, ഓഫ്സൈഡിൽ കുരുങ്ങി നോർവേ; ആദ്യപകുതി ഗോളില്ലാ സമനിലയിൽ
text_fieldsന്യൂജഴ്സി: ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ആദ്യ 45 മിനിറ്റുകൾക്കൊടുവിൽ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു. ലീഡെടുക്കാൻ ലഭിച്ച സുവർണ്ണാവസരങ്ങൾ ഇരുടീമുകളും കൈവിട്ടതോടെ ആദ്യപകുതി അവസാനിക്കുമ്പോൾ ബ്രസീലും നോർവേയും 0-0 എന്ന സമനിലയിലാണ്. അഞ്ചാം തവണയും നോർവീജിയൻ കോട്ട തകർക്കാനിറങ്ങിയ ബ്രസീലിന് ലഭിച്ച പെനാൽറ്റി പാഴായപ്പോൾ, നോർവേ വലകുലുക്കിയ ഗോൾ ഓഫ്സൈഡ് കെണിയിൽ വീഴുകയായിരുന്നു.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബ്രസീൽ ക്യാമ്പിനെ ഞെട്ടിച്ച് നോർവേയുടെ പാട്രിക് ബെർഗ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് വലയിലെത്തിച്ചിരുന്നു. എന്നാൽ പാസ് നൽകിയ അലക്സാണ്ടർ സോർലോത്ത് ഓഫ്സൈഡ് പൊസിഷനിലായിരുന്നതിനാൽ റഫറി ഗോൾ നിഷേധിച്ചു.
പത്താം മിനിറ്റിൽ കളി വീണ്ടും ചൂടുപിടിച്ചു. ബ്രസീൽ താരം മത്തേയൂസ് കുന്യയെ ബോക്സിനുള്ളിൽ നോർവേയുടെ ക്രിസ്റ്റഫർ അയർ വീഴ്ത്തിയതിന് നീണ്ട വാർ പരിശോധനയ്ക്കൊടുവിൽ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ 14-ാം മിനിറ്റിൽ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗിമാറസിന് പിഴച്ചു. ഗിമാറസിന്റെ ഷോട്ട് നോർവീജിയൻ ഗോൾകീപ്പർ ഓറിയൻ നെയ്ലാൻഡ് തകർപ്പൻ ഡൈവിലൂടെ തടയുകയായിരുന്നു. 23-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഗിമാറസിന് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ആദ്യ അരമണിക്കൂറിന് ശേഷം നോർവേ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 35-ാം മിനിറ്റിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് തൊടുത്ത ഷോട്ട് സൈഡ് നെറ്റിൽ തട്ടി പുറത്തുപോയി. നോർവേയുടെ ആദ്യ ഗോളെന്നുറപ്പിച്ച മുന്നേറ്റമായിരുന്നു ഇത്. തൊട്ടടുത്ത മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് താരം നൽകിയ പന്തിൽ എർലിങ് ഹാലണ്ടിന്റെ ബുദ്ധിപൂർവ്വമായ ജമ്പ് ടാപ്പ് ബ്രസീൽ ഗോളി അലിസൺ ബെക്കർ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി.
39-ാം മിനിറ്റിൽ നോർവേ പ്രതിരോധത്തിന്റെ കനത്ത സമ്മർദ്ദത്തിനിടയിലും വിനീഷ്യസ് ജൂനിയർ തൊടുത്ത ഇടംകാലൻ ഷോട്ട് നോർവേ ഗോളി തടഞ്ഞിട്ടു. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ (45+2') ഒഡെഗാർഡ് ബോക്സിനുള്ളിൽ നിന്ന് തൊടുത്ത മറ്റൊരു വെടിയുണ്ട പോലുള്ള ഷോട്ടും അലിസൺ തട്ടിയകറ്റിയതോടെയാണ് ബ്രസീൽ ആശ്വസിച്ചുകൊണ്ട് ആദ്യപകുതി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

