ഇറാഖിൽ യു.എസ്-സൗദി ആക്രമണം, ജോർഡനിൽ ബാലിസ്റ്റിക് മിസൈലിട്ട് ഇറാൻ; പുകച്ചുരുളടങ്ങാതെ പശ്ചിമേഷ്യ
text_fieldsവാഷിങ്ടൺ: ഇറാഖിലെ ഇറാൻ അനുകൂല സഖ്യത്തിന് നേരെ യു.എസ് സൗദി സേനയുമായി ചേർന്ന് വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാൻ യു.എസ്. സേനയ്ക്കും സൗദി ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനും നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് യു.എസ്- സൗദി സംയുക്ത നീക്കം.
എന്നാൽ ജോർഡനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ റവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. അമേരിക്ക ആക്രമണം നിർത്തിവെച്ചതിന് ശേഷം അമേരിക്കൻ കേന്ദ്രങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന ആദ്യ ആക്രമണമാണിത്.
അമേരിക്കൻ സേനയുടെ നിയമവിരുദ്ധവും ക്രൂരവുമായ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം പ്രതിരോധം തുടരുമെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയുടെ ഭീഷണികളും തങ്ങളുടെ താൽപ്പര്യങ്ങൾക്കെതിരെയുള്ള നിയമവിരുദ്ധ ഇടപെടലുകളും അവസപ്പിക്കണം എന്നും അവർ കൂട്ടിച്ചേർത്തു.
തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ മേഖല വീണ്ടും വലിയൊരു സൈനിക ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ ഐ.ആർ.ജി.സി അനുകൂല ശക്തികളിൽ നിന്നുണ്ടായ 30-ലധികം വ്യോമ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി കിഴക്കൻ ഇറാഖിലുടനീളമുള്ള ലോജിസ്റ്റിക്സ്, ആയുധ കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചതായി സെന്റ്കോം പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവാരിക്കും ഏപ്രിലിനും ഇടയിൽ ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ യു.എസ് പൗരന്മാർക്കും സൗകര്യങ്ങൾക്കും നേരെ 600-ലധികം ആക്രമണങ്ങൾക്ക് ശ്രമിച്ചതായി സെന്റ്കോം കൂട്ടിച്ചേർത്തു.
ആക്രമണം സൗദി അറേബ്യ സ്ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സൗദി പെട്രോളിയം സൗകര്യങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്ന്, യു.എസ് സെൻട്രൽ കമാൻഡുമായി ഏകോപനം നടത്തിക്കൊണ്ട് തങ്ങളുടെ സായുധ സേന ഇറാഖിലെ ഇറാൻ പിന്തുണയുള്ള ശക്തികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെയും റിയാദ് പ്രദേശങ്ങളിലെയും പെട്രോളിയം സൗകര്യങ്ങൾ ലക്ഷ്യമിട്ടതിൽ ഇറാന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ സൗദി ആരോപിച്ചിരുന്നു. സൗദി അറേബ്യ ഏകപക്ഷീയമായ ആക്രമണത്തിന് ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങൾ നേരിടുന്ന ഏത് ആക്രമണത്തിനും മറുപടി നൽകും എന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ യു.എസ് സൈനിക വിഭാഗങ്ങൾ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹുർമുസിലെ ഇറാന്റെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്നും ഇറാൻ ഉപവിദേശകാര്യ മന്ത്രി വ്യക്തമാക്കി. അതേസമയം, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സംയുക്ത മേൽനോട്ടം ഏർപ്പെടുത്തുന്നത് ഒമാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പുതിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

