റഷ്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് 'ലാൻസെറ്റ്'
text_fieldsമോസ്കോ: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച 'സ്ഫുട്നിക് വി' വാക്സിൻ ഫലപ്രദമെന്ന് പഠനം. ശരീരത്തിൽ കൊറോണ വൈറസിനെതിരെ പ്രതിരോധഘടകം (ആൻറിബോഡി) സൃഷ്ടിക്കുന്നതിനൊപ്പം കാര്യമായ പാർശ്വഫലങ്ങളും വാക്സിൻ ഉണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തൽ. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസമാണ് റഷ്യ വാക്സിൻ വികസിപ്പിച്ചത്. റഷ്യയിലെ രണ്ട് ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച 76 പേരിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
42 ദിവസം നിരീക്ഷിച്ചതിൽനിന്ന് വാക്സിൻ സുരക്ഷിതമാണെന്നും 21 ദിവസത്തിനകം എല്ലാവരിലും ആൻറിബോഡി ഉണ്ടായതായും കണ്ടെത്തി.
28 ദിവസത്തിനകം ടി കോശങ്ങളും (തൈമസ് ഗ്രന്ഥിയിലുണ്ടാകുന്ന പ്രതിേരാധ ശക്തി വർധിപ്പിക്കുന്ന വെളുത്ത രക്താണുക്കൾ) ഉൽപാദിപ്പിക്കപ്പെട്ടു. വാക്സിൻ സ്വീകരിക്കുന്നവരിൽ സാധാരണ ജലദോഷത്തിന് കാരണമാകുന്ന അഡിനോവൈറസിെൻറ ശേഷി ദുർബലമാകുന്നതായും അതുവഴി മനുഷ്യ കോശത്തിൽ വൈറസിെൻറ ഇരട്ടിക്കൽ ഇല്ലാതാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇൻജക്ഷൻ എടുത്ത സ്ഥലത്ത് വേദന, തലവേദന, ക്ഷീണം, പേശി- സന്ധിവേദന എന്നിവയാണ് റിപ്പോർട്ട് ചെയ്ത പാർശ്വഫലങ്ങൾ.
ഇത് ഏത് വാക്സിൻ എടുത്താലും ഉണ്ടാകുന്ന ലക്ഷണങ്ങളാണെന്നും പഠനത്തിൽ പറയുന്നു. കുറച്ചു പേരിലെ പഠനം, 42 ദിവസത്തെ നിരീക്ഷണം, നിരീക്ഷിച്ചവരിൽ കൂടുതലും 20 -30 പ്രായക്കാർ, എല്ലാവരും പുരുഷന്മാർ തുടങ്ങിയ പരിമിതികൾ പഠനത്തിന് ഉണ്ടെന്ന് റിപ്പോർട്ടിെൻറ മുഖ്യ ചുമതലക്കാരനായ റഷ്യയിലെ ഗമലേയ പകർച്ചവ്യാധി ഗവേഷണ കേന്ദ്രത്തിലെ ഡെനിസ് ലൊഗുനോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

