2022 കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി മീരാഭായ് ചാനു
text_fieldsക്വാലാ ലംപൂർ: 2022 കോമൺവെൽത്ത് ഗെയിംസിലെ 55 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിന് യോഗ്യത നേടി ഇന്ത്യൻ വെയിറ്റ് ലിഫ്റ്റിങ് താരം മീരാഭായ് ചാനു. സിംഗപ്പൂരിൽ നടന്ന അന്താരാഷ്ട്ര ഭാരോദ്വഹനത്തിൽ സ്വർണം നേടിയാണ് ചാനു കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടിയത്.
2021 ലെ ടോക്കിയോ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ വെള്ളി നേടി ചരിത്രം കുറിച്ച താരമാണ് ചാനു. അതിന് ശേഷം താരം പങ്കെടുക്കുന്ന ആദ്യ മത്സരമാണ് സിംഗപൂരിൽ അരങ്ങേറിയത്.
വെള്ളിയാഴ്ച നടന്ന യോഗ്യതാ മത്സരത്തിലെ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ 191 കിലോഗ്രാം വെയിറ്റ് ഉയർത്തി ചാനു ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഓസ്‌ട്രേലിയയുടെ ജെസീക്ക സെവാസ്റ്റെങ്കോ 167 കിലോഗ്രാം ഉയർത്തി രണ്ടാം സ്ഥാനം കരസ്ഥാക്കി. മൂന്നാം സ്ഥാനം പങ്കിട്ടത് 165 കിലോഗ്രാം ഭാരമുയർത്തി മലേഷ്യയുടെ എല്ലി കസാന്ദ്ര എംഗൽബെർട്ടാണ്.
2022-ൽ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യത മത്സരമാണ് സിംഗപൂർ വെയ്റ്റ് ലിഫ്റ്റിങ് ഇന്റർനാഷണൽ. ടൂർണമെന്റിൽ മത്സരിക്കുന്ന ഓരോ ഭാരോദ്വഹന വിഭാഗത്തിൽ നിന്നും മികച്ച എട്ട് വെയിറ്റ് ലിഫ്റ്റർമാരാണ് 2022 കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടുക.