സ്റ്റംപിൽ മാത്രമല്ല, ഇനി കളിക്കാരന്‍റെ ഹെൽമറ്റിലും ക്യാമറ!
text_fieldsമുംബൈ: ഇനി മുതൽ ക്രിക്കറ്റ് കളിക്കിടെ സ്റ്റംപിൽ മാത്രമായിരിക്കില്ല ക്യാമറയുണ്ടാകുക. കളിക്കാരന്‍റെ ഹെൽമറ്റിൽ വരെ ക്യാമറയുണ്ടാകും. സ് ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുന്ന കളിക്കാരന്‍റെ ഹെൽമറ്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ ഘടിപ്പിക്കുന്നത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്‍റെ ഒലി പോപ്പ് ആയിരിക്കും ഇത്തരത്തിൽ ആദ്യമായി ഹെൽമറ്റിൽ ക്യാമറ ധരിച്ചുകൊണ്ട് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുക. സ്റ്റംപിലുള്ള ക്യാമറയിലൂടെ കളിക്കാരുടെ സംഭാഷണവും മറ്റു ശബ്ദങ്ങളും ലഭിക്കാറുണ്ടെങ്കിൽ ഹെൽമറ്റിലുള്ള ക്യാമറയിൽ ശബ്ദം റെക്കോഡ് ചെയ്യാനുള്ള സംവിധാനമുണ്ടാകില്ല.
മത്സരം സംപ്രേഷണം ചെയ്യുമ്പോൾ ഫീൽഡറുടെ ഹെൽമറ്റിൽനിന്നുള്ള ക്യാമറയിലെ ദൃശ്യങ്ങൾ കൂടുതൽ രസകരമായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ബിർമിങ്ഹാമിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിലായിരിക്കും ക്യാമറയുള്ള ഹെൽമറ്റുമായി ഫീൽഡ് ചെയ്യുക. ടി.വി പ്രൊഡക്ഷൻ കൂടുതൽ മികച്ചതാക്കുന്നതിനായി സ്കൈ സ്പോർട്സ് ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത്.
സ് ക്വയർ ലെഗ് പൊസിഷനിൽ മികച്ച കാച്ചുകളെടുക്കുന്ന ഒലി പോപിലൂടെ മികച്ച ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ബാറ്ററുടെ അടുത്തായി ഫീൽഡ് ചെയ്യുന്നതിനാൽ തന്നെ ഹെൽമറ്റിലേക്ക് നേരെ പന്ത് വരാനുള്ള സാധ്യതയും അധികൃതർ തള്ളികളയുന്നില്ല. എന്തായാലും ക്രിക്കറ്റ് ആസ്വാദർക്ക് പുതിയ ഒരു അനുഭവമായിരിക്കും ഹെൽമറ്റിലെ ക്യാമറ സമ്മാനിക്കുക.നേരത്തെ 2021ൽ കീപ്പറുടെ ഹെൽമറ്റിൽ ക്യാമറ വെച്ചുകൊണ്ടുള്ള പരീക്ഷണവും നേരത്തെ സ്കൈ റോക്കറ്റ് നടത്തിയിട്ടുണ്ട്.